21 November 2024, Thursday
KSFE Galaxy Chits Banner 2

മേഘമല

വള്ളികുന്നം രാജേന്ദ്രൻ
February 5, 2023 7:30 am

തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് മേഘമല. മേഘമാലകൾ വാരിയണിയുന്ന ഒരു വശ്യയിടം. ചില സമയം പഞ്ഞിക്കെട്ടുകൾ പോലെ മേഘത്തുണ്ടുകൾ നീലാകാശത്തിൽ ചോട്ടിൽ പറന്നുനടക്കും. മറ്റു ചിലപ്പോൾ കോടക്കാറുകൾ മലയിടുക്കുകളിലേക്ക് ഒഴുകിയിറങ്ങും. കറുത്ത ആകാശത്തിൻ ചോട്ടിൽ നൂൽമഴയുടെ ഉന്മത്തനൃത്തമുണ്ടാകും. ആകാശമേലാപ്പിൽ മാറിമറിയുന്ന വർണ്ണ മാറ്റങ്ങൾ സഞ്ചാരികൾക്ക് വിസ്മയത്തിന്റെ തൂവൽ സമ്മാനിക്കും.
സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലുള്ള മേഘമലയിലേക്ക് പ്രധാനമായും രണ്ടുവഴികളിൽക്കൂടി മലയാളികൾക്ക് എത്തിച്ചേരാം. ഒരു വഴി കുമളിയിൽ നിന്നും മറ്റൊന്ന് മൂന്നാറിൽ നിന്നും. മൂന്നാറിൽ നിന്നും മേഘമലയിലേക്കുള്ള യാത്ര വേറിട്ടനുഭവം തന്നെ. ദേശീയപാതയിലൂടെയുള്ള യാത്ര ഗംഭീരം. കോടക്കാറ് വന്ന് ചിലപ്പോൾ വഴിയാകെ മൂടിനിൽക്കും. മലകൾക്കപ്പോൾ മറ്റൊരഴകാണ്. ഒരു കുടം തണ്ണീരുമൊക്കത്തുവെച്ചു വരുന്ന മഴമുകിൽ പെൺകൊടിയോട് ആകാശം തൊട്ടുനിൽക്കുന്ന മാമലകളുടെ പ്രണയസല്ലാപം. കറുത്ത മേഘപ്പെണ്ണിന്റെ കൺമുനകളിൽ പൊട്ടിവിടരുന്ന മിന്നൽപ്പിണരുകൾ. ആകാശമേലാപ്പിലേക്ക് തൊണ്ടെടുത്തെറിയുമ്പോഴുള്ള ഇടിമുഴക്കങ്ങൾ. ഉടലിലേക്ക് തുളച്ചിറങ്ങുന്ന തണുപ്പ് യാത്രികരെ മോഹപ്പുതപ്പിലൊളിപ്പിക്കും.

 

മൂന്നാറിൽ നിന്നും വരുന്നവർ ചിന്നമണ്ണൂർ എന്ന ചെറുപട്ടണത്തിലെത്തും. പട്ടണത്തിനുചുറ്റും കാർഷികഗ്രാമങ്ങൾ. ചിന്നമണ്ണൂരിൽ നിന്നും 42 കി. മീ. യാത്ര ചെയ്താൽ മേഘമലയിലെത്താം. മേഘമല തമിഴ്‌നാട്ടുകാരുടെ ചിന്നമൂന്നാറാണ്. കാറ്റാടിപ്പാടങ്ങൾ സുലഭമായുള്ള കാർഷിക ഗ്രാമങ്ങൾ പിന്നിട്ടുവേണം മേഘമലയെ പുൽകാൻ. മലകയറ്റം നമ്മെ കാഴ്ചയുടെ ആനന്ദ ലഹരിയിലെത്തിക്കും. മേഘമല തമിഴ്‌നാട്ടിലെ അഞ്ചാമത്തെ കടുവാ സങ്കേതമാണ്. കാട്ടാനയുടേയും കാട്ടുപോത്തിന്റേയും വിഹാരകേന്ദ്രേം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രം സന്ദർശാനുമതി.
മൂന്നാറുപോലെ മേഘമലയ്ക്കും അഴകുവിരിയിക്കുന്നത് തേയിലക്കാടുകളാണ്. ബ്രിട്ടീഷുകാരുടെ സവിശേഷ ശ്രദ്ധനേടിയ ഇടമായിരുന്നു മേഘമലയും. മലയ്ക്കുചുറ്റും ആറായിരം ഏക്കറിലധികം തേയിലത്തോട്ടങ്ങളുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റേതാണ് എസ്റ്റേറ്റുകൾ. കൃത്യമായ പരിചരണവും കരുതലും തേയിലക്കാടുകളെ ചിത്രപടംപോലെ സുന്ദരമാക്കുന്നു. വലിയ യജമാനൻമാരുടെ കൈയേറ്റങ്ങൾ നടക്കാത്തതുകൊണ്ട് വലിയ എടുപ്പുകളുമില്ല. എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങൾ മാത്രമാണവിടെയുള്ളത്. പരിമിതമായ ഭോജനശാലകളിൽ നിന്നും സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കും. അന്തിയുറങ്ങുവാൻ പഞ്ചായത്തിന്റെ ഗസ്റ്റ്ഹൗസുകൾ പോലെ ചിലയിടങ്ങൾ മാത്രം.

മലയടിവാരങ്ങളിൽ വെള്ളി രേഖകൾ പോലെ പരന്നുകിടക്കുന്ന ചെറുതടാകങ്ങൾ മേഘമലയ്ക്കു സമ്മാനിക്കുന്ന ചാരുത വിസ്മയകരമാണ്. തേലിയക്കാടുകൾ താണിറങ്ങിചെല്ലുന്നത് നീലത്തടാകങ്ങളെ മുട്ടിയുരുമ്മാനാണ്. ജലസ്രോതസുകൾ തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ തേയിലക്കാടുകൾക്കിടയിലും ഭയചകിതരായി നടന്നുപോകും. തേയിലച്ചെടികൾക്കിടയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരജസുന്ദരിയിപ്പോഴും കൺതുമ്പിലുണ്ട്.
മേഘമല കാണുവാൻ പോകുമ്പോൾ മഹാരാജമേട്ടുകൂടി കാണണം. അവിടെയാണ് ഈ പർവ്വതസുന്ദരി തന്റെ മാദകസൗന്ദര്യം പൂർണമായും കുടഞ്ഞിട്ടിരിക്കുന്നത്. മഹാരാജമേട്ടിൽ നിന്നും നോക്കുമ്പോൾ തേനി ജില്ലയുടെ മരതക സൗന്ദര്യം നമ്മെ മോഹിപ്പിക്കും. മലയിൽ അന്തിചായുന്ന നേരം ഏറെ സുന്ദരമാണ്. പടിഞ്ഞാറൻ ചക്രവാളത്തിൽ നിറക്കൂട്ടുകൾ വാരിവിതറിയിരിക്കും. മേഘപാളികളിൽ വർണങ്ങളുടെ ഹോളി പിറക്കും. സൂര്യൻ ഒരു ശരറാന്തലിനെപ്പോലെ മാമലകളുടെ ഉച്ചിയിൽ നിന്നും താണിറങ്ങും. കാട്ടുകിളികൾ വിഷാദരാഗം മൂളി കൂടണയും. ചിലപ്പോൾ കോടക്കാർ വന്ന് മലനിരകൾക്കുമീതെ ഒരു കറുത്ത കമ്പളം പോലെ കമിഴ്ന്നുകിടക്കും. കാറ്റ് തണുത്ത കൈവിരൽ കൊണ്ട് കോരിത്തരിപ്പിക്കും.
മേഘമലയിൽ നിന്നും തേനിയിലേക്കുള്ള യാത്രയിലും തമിഴ്നാടിന്റെ കാർഷിക ജീവിതത്തെ തൊട്ടറിയുവാനാകും. മുന്തിരിവള്ളികൾ വളർപ്പന്തലൊരുക്കി ചമഞ്ഞൊരുങ്ങി കിടക്കുന്നത് മലയാളികൾക്ക് കൗതുകക്കാഴ്ചയാണ്.

എന്റെ പ്രിയനെ വരൂ. നമുക്ക് വയലിലേക്ക് പോകാം. ഗ്രാമത്തിൽ ഉറങ്ങാം. രാവിലെ നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം. മുന്തിരിമൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കൾ വിടർന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവെച്ച് നിനക്ക് ഞാൻ എന്റെ പ്രേമം പകരാം.
എന്ന ഉത്തമഗീതത്തിലെ വചനങ്ങൾ പരസ്പരം കൈമാറുവാനാണോയെന്നു സംശയിക്കത്തക്കരീതിയിൽ മലയാളികളായ ധാരാളം പ്രണയികൾ ഇവിടേക്ക് വരുന്നുണ്ട്. പ്രതീക്ഷാനിർഭരമായ ജീവിതച്ചിത്രങ്ങളാണിവ. പൂക്കളുടെ മഞ്ഞപ്പാടങ്ങൾ, മനുഷ്യരുടെ വിയർപ്പുകണങ്ങൾ കൊണ്ട് നട്ടും നനച്ചും വളർത്തുന്ന കൃഷിയിടങ്ങൾ ഒക്കെ മേഘമലയാത്രയെ അനിർവചനീയമായ അനുഭവലോകത്തെത്തിക്കും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.