“ഇതെത്ര മനോഹരം ഈ ജീവിതം! സുഖഭോഗങ്ങളുടെ നടുവിലാണ് ഞാനിപ്പോൾ. എന്റെ മിത്രമേ, ഞാൻ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ്. ഈ ജീവിതം, ഈ സംതൃപ്തി, എല്ലാം എന്നും നിലനിൽക്കണമേ…” പുഷ്ക്കിൻ നടാലിയായുമുള്ള വിവാഹത്തിനു ശേഷം ഒരു സുഹൃത്തിനെഴുതിയ കത്തായിരുന്നു ഇത്. കാത്തുകാത്തും കൊതിച്ചു കൊതിച്ചുമാണല്ലോ തന്റെ മുപ്പതാമത്തെ വയസിൽ ആ വിവാഹം നടന്നത്. അമ്മയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു മകൻ അവളെ വിവാഹം കഴിച്ചത്. ഈ സംഭവത്തിന്റെ മുന്നോടിയെന്ന വണ്ണം വിവാഹത്തിനു മുൻപ് അദ്ദേഹം എഴുതിയ കത്ത് ഇങ്ങനെ…
“സുഹൃത്തേ, ഈ പ്രായത്തിൽ വിവാഹം ചെയ്യുന്നത് സാധാരണയാണ്. വിവാഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് പിന്നീടുണ്ടാകുന്ന സംഭവഗതികളെക്കുറിച്ച് ഒരു കൊച്ചു കുട്ടിയെപ്പോലെ വികാരപൂർണായി ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ജീവിതം മുള്ളുകളുള്ള റോസാപ്പൂവാണെന്ന് എനിക്കറിയാം. പുതിയ ജീവിതത്തിൽ ദുഃഖങ്ങൾ കണ്ട് ഞാൻ ഒരിക്കലും ആശ്ചര്യപ്പെടുകയില്ല. എന്നാൽ സുഖങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്യും.
അലക്സാണ്ടർ പുഷ്ക്കിന്റെ ഭാര്യാപദമേറിയ പെണ്ണ് നടാലിയ നിക്കോലയേവ് നഗോൺചരാവോ അതീവസുന്ദരിയായിരുന്നു. റഷ്യൻ സാഹിത്യത്തിന്റെ അപാരതയായിരുന്ന പുഷ്ക്കിൻ അവളുടെ പിന്നാലെ പ്രണയവുമായി ഓടി നടന്നു. അവളെ ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം ഭ്രമിച്ചുപോയി. ആർഭാടവും ആസക്തിയും അഹന്തയുമൊക്കെയായി ആരെയും കൂസാതെ നടക്കുന്ന നടാലിയ ചില നേരങ്ങളിൽ പുഷ്ക്കിനെ കണ്ടിട്ടും കാണാത്തതുപോലെയാണ്. പീറ്റേഴ്സ്ബർഗിലെ പ്രഭുവർഗത്തിന്റെ അന്തഃസ്ഥലികളിൽ പാട്ടും നൃത്തവുമായി മദിച്ചു നടക്കുന്നവളുടെ സ്വപ്നവഴികളിൽ നാടും നഗരവും അംഗീകരിക്കുന്ന ആ കവിയുണ്ടായിരുന്നു. കാമുകനെങ്കിലും അവളെ സംബന്ധിച്ചിടത്തോളം ‘നതിങ്’ എങ്കിലും രാജസദസുകളിലൊക്കെ കയറിച്ചെല്ലാൻ കഴിവുള്ള പുഷ്ക്കിനെ അവൾ അങ്ങനെയങ്ങ് തള്ളിക്കളഞ്ഞുമില്ല. അൾത്താരയ്ക്കു മുന്നിൽവച്ച് വിവാഹച്ചടങ്ങിൽ നവവധുവിനെ വരൻ രത്നമോതിരം അണിയിക്കുമ്പോൾ അത് കൈ തെറ്റി താഴെ വീണു. പുഷ്ക്കിൻ അതെടുക്കാൻ ഒന്നു കുനിഞ്ഞപ്പോൾ കൈയിൽ പിടിച്ചിരുന്ന മെഴുകുതിരി അണഞ്ഞുപോയി. വിശുദ്ധ വേദപുസ്തകവും കുരിശും താഴേക്ക് പതിച്ചു. വരാനിരിക്കുന്ന ദുരന്തസന്ദർഭങ്ങളുടെ ദുഃശകുനങ്ങളായിരുന്നോ അതൊക്കെ.
ദാമ്പത്യജീവിതം മെല്ലെ ആ സാഹിത്യകാരന് ബുദ്ധിമുട്ടേറിയ വഴിത്താരകളായിരുന്നു. അവൾ ധൂർത്തിന്റെയും ആർഭാടത്തിന്റെയും പിന്നാലെയായിരുന്നു. തന്റെ സൗന്ദര്യത്തിൽ സ്വയം മതിമറന്നു ഭ്രമിച്ച പെണ്ണിന്റെ തിക്തതയും ദിനംതോറും അവൾക്ക് പെരുകിത്തുടങ്ങുന്ന കാമുകൻമാരും… പീറ്റേഴ്സ്ബർഗിൽ അവളെക്കുറിച്ചുള്ള ഒട്ടേറെ കൗതുകവാർത്തകളും. അദ്ദേഹത്തിനാണെങ്കിൽ എന്തെന്നില്ലാത്ത അപഹർഷതാബോധവും. ഇരുണ്ടനിറവും വട്ട മുഖവും തടിച്ച ചുണ്ടുകളും ആകെ കുറെ വൈകൃതം…
മൂന്നു മക്കളായപ്പോൾ കുടുംബത്ത് അതിയായ കടം കയറി. ഇരുവരും തമ്മില്‍ സ്വരച്ചേർച്ചയില്ലാതായി. നടാലിയ അത്യധികമായി പ്രേമിച്ച ഒരു സുന്ദരനുണ്ടായിരുന്നു ആ ചുറ്റുപാടിൽ- ജോർജിയാസ്ഡി. ഫ്രഞ്ചുകാരനായ ഇയാൾ റഷ്യൻ വൃത്തങ്ങളിൽ അഭികാമ്യനുമായിരുന്നു. ഇതും പുഷ്ക്കിന്റെ ഒരു ഭാഗ്യക്കേടായിരുന്നു. ഒക്കെ സഹിക്കുകയായിരുന്നു ആ കവി. ചില പ്രമാണിമാരോടൊക്കെ പുഷ്ക്കിൻ ഭാര്യയുടെ പേരിൽ തട്ടിക്കയറുകയും അടിപിടി കൂടുകയും ചെയ്തിട്ടുണ്ട്. തന്റെ മുപ്പത്തിയേഴാം വയസിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ഒരു കേസിൽ വഴക്കും വക്കാണവുമായി പുഷ്ക്കിനു മാരകമായി മുറിവേറ്റു. ഒരു ജനുവരി മാസത്തിന്റെ തുടക്കത്തിൽ അടിപിടിയും കുറെനാൾ കഴിഞ്ഞാണെങ്കിലും മറ്റൊരു ജനുവരിയിൽ അന്ത്യവും. ഒരു ദ്വന്ദ്വയുദ്ധത്തിനിടയിസായിരുന്നു അത്. അന്ന് അദ്ദേഹം റഷ്യൻ ജനതയുടെയും രാജകൊട്ടാരങ്ങളുടെയും ഏറ്റവും വേണ്ടപ്പെട്ട വ്യക്തിത്വമായിരുന്നു. റഷ്യയുടെ ദേശീയകവി എന്ന നിലയിലെത്താൻ മറ്റാർക്കുമായില്ലല്ലോ. വിശ്വസാഹിത്യത്തിന്റെ അനന്തചക്രവാളം വരെ പ്രസിദ്ധിയാർജിച്ച പുഷ്ക്കിൻ ‘ദ ബ്രോൺ ദ ഹോഴ്സ്മാൻ, ദ സ്റ്റോൺ ഗസ്റ്റ്, ദ ഗോൾഡൻ കോക്കാർ’, മൊസാർട്ട് ആന്റ് സാലിയേറി, ഫീസ്റ്റ് ഇൻ ദ ടൈം ഓഫ് പ്ലേഗ് തുടങ്ങിയ കൃതികൾ തീർത്തുകഴിഞ്ഞിരുന്നു.
1799 മേയ് രണ്ടിന് ജനിച്ച പുഷ്ക്കിൻ 1820ൽ തന്റെ ആദ്യ കൃതിയായ കവിത ‘റസ്ലൻ ആന്റ് ലഡ് മിള’ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഭരണകൂട വിമർശനത്തിന്റെ പേരിൽ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും ഭ്രഷ്ടനാക്കിക്കൊണ്ട് തെക്കൻ റഷ്യയിലേക്ക് ഓടിച്ചു വിട്ടു. താൻ എന്താണോ ആദ്യ കൃതിയിലൂടെ ലക്ഷ്യമിട്ടത് അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. പല പല പ്രദേശങ്ങളിലും കവി മാറിമാറി താമസിക്കുമ്പോഴും ആന്തരികതയിൽ കാവ്യകല്ലോലിനിയുടെ നിരന്തര പ്രവാഹമായിരുന്നു. എഴുത്തുവാസന കാടുകയറുമ്പോഴും പദങ്ങൾക്ക് തീ പടരുമ്പോഴും ‘യൂജിൻ ഒനിജിൽ’ എന്ന കൃതി കാവ്യവഴിവിട്ട് നോവലിലേക്കാണ് പ്രകമ്പനമേറിയത്. എന്തൊരു രചനാ വൈശിഷ്ട്യമായിരുന്നു ആ ആഖ്യായികയ്ക്ക്. ‘ദ ബ്രേവ്സ്ക്കി, ക്യാപ്റ്റന്റെ പുത്രി തുടങ്ങിയ കൃതികളും നോവലുകളായിരുന്നു.
മാതാപിതാക്കളോടും ബന്ധുക്കളോടും അത്ര വലിയ അടുപ്പമൊന്നും പുഷ്ക്കിനുണ്ടായിരുന്നില്ല. എന്നും ഒറ്റയ്ക്കു താമസിക്കാനായിരിക്കാം വിധി. തന്റെ എഴുത്തിടപാടുകൾക്ക് ആ ഒറ്റപ്പെടലും മറ്റും അനുഗ്രഹമായിരുന്നിരിക്കണം. ‘ബോറിസ് ഗോഡുനോവ്’ എന്ന അക്കാലത്തെ അദ്ദേഹത്തിന്റെ ഒരു മഹത് കവിത ദുരന്തപര്യവസായിയായിരുന്നു. ജീവിതം മുനയേറ്റി മുറിവേൽപിച്ച അനുഭവച്ചൂടാവാം അതിനു കാരണം.
സർ നിക്കോളാസ് ചക്രവർത്തിയുടെ ദയയ്ക്ക് പാത്രമായ കവിക്ക് കൊട്ടാരത്തിൽ ഉയർന്ന ഉദ്യോഗം നൽകി, രാജസദസ് ആദരിച്ചു. പീറ്റർ ഒന്നാമന്റെ ചരിത്രം എഴുതാൻ പുഷ്ക്കിനെയാണല്ലോ നിയോഗിച്ചതും. പുഷ്ക്കിൻ തന്റെ ദയനീയമായ കുട്ടിക്കാലം അയവിറക്കാനുള്ള സാധ്യതകളെ ഒതുക്കിയെടുത്ത ഒരു കവിതയുണ്ട്. അത് അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞു തുളുമ്പിയ അക്ഷരപ്പൊരുളുകളായിരുന്നു. തന്നെ കുട്ടിക്കാലത്ത് സ്നേഹവും കരുണയും കരുതലും ഒക്കെ തന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്തത് ഒരു ആയയായിരുന്നു. അവർക്കും ആരും ഇല്ലായിരുന്നു. To my Nanny-എന്റെ ആയയ്ക്ക്- എന്നാണ് ആ കാവ്യത്തിന് അദ്ദേഹം നല്കിയ പേര്. പുഷ്ക്കിന്റെ അത്ര വലിയ പ്രസിദ്ധിയാർജിച്ച കവിതയായിരുന്നില്ല അതെങ്കിലും വായനക്കാരുടെ ‘ടച്ചിങ് പൊയട്രി’ തന്നെയാണ് മെെ നാനി.
സ്നേഹനിധിയായ ആ ആയയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന രീതിയിലാണ് കവിതയുടെ ഇടപെടൽ
Dear dotting sweetheart of my
Childhood companion of my austere fate
In the lone house deep in the wildwood
എന്നാണ് മൈ നാനിയുടെ തുടക്കം. കേവലം പതിനാലു വരിയേയുള്ളൂ എങ്കിലും ആഴവും കാവ്യാത്മകതയും കണ്ണീർ മിഴിക്കോണിൽ ഒളിപ്പിക്കാൻ പാകത്തിലുമുള്ളതുമാണ് ആ രചന. പുഷ്ക്കിന്റെ ഒറ്റപ്പെട്ടുപോയ ശൈശവത്തിൽ ഒത്തുകിട്ടിയ ആ സന്തതസഹചാരി തിരക്കുകളിൽ നിന്നും അകന്ന് അകലെ ഒരു പൈൻ മരക്കാട്ടിലെ കടിലിലാണ് താമസിക്കുന്നത്. മണിക്കൂറുകളോളം ക്ഷമയോടെ അവർ തന്റെ കുഞ്ഞിനെ അങ്ങനെ കാത്തിരിക്കും. അനന്തമായി നീളുന്ന ഒരു കാത്തിരിപ്പ്.
ജന്മംകൊണ്ട് മാത്രമല്ലല്ലോ ഒരു സ്ത്രീ അമ്മയായി മാറുന്നത്. കർമ്മം കൊണ്ടും ആകാമല്ലോ. ഘടികാരത്തിലെ സൂചികകൾക്ക് വേഗം കുറയുന്നതുപോലെ പല സായാഹ്നങ്ങളിലും അവർക്ക് തോന്നാറുണ്ട്. കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയും വിഷമവും ആ സ്ത്രീയെ വല്ലാതാക്കുന്നുണ്ട്. അവർ എന്തെങ്കിലുമൊക്കെ തുന്നിക്കൊണ്ടിരിക്കും. ഉത്ക്കണ്ഠമൂലം ചുളിവു വീണ കൈകൾ വിറയ്ക്കുന്നുണ്ട്. വല്ലാത്ത അശുഭചിന്തകളും അവരുടെ വൃദ്ധമനസിലൂടെ കടന്നുപോകാറുണ്ട് ചില സന്ദർഭങ്ങളിൽ. അതാ ആ ഒരു ദിനം നേരം ഏറെ വൈകി. രാത്രിയാവുന്നു. വിജനതയുടെ നിഴൽ മാലകൾ മാത്രം എങ്ങും. ഒന്നും വ്യക്തതപ്പെടുന്നില്ല. അവൻ എത്തി അവർക്ക് സ്വസ്ഥതയായി.
പുഷ്ക്കിൻ വളർന്നു വലുതായി, കവിയായി, മഹാനായി തീർന്നിട്ടും ആ വളർത്തമ്മയെ ഓർക്കാതിരിക്കാൻ കവിക്കാകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.