വെറുതെ നടക്കാൻ ആരും ക്ഷണിക്കുന്നില്ല
ആത്മാനുഭവങ്ങളുടെ കറകളഞ്ഞ ഇലയടർത്തി
അതിന്റെയീണങ്ങളാൽ വായുവിനെ പ്രഹരിച്ചു
ഭാരരഹിതരായി അലയുന്നവരെ
കാണുന്നേയില്ല
പോക്കുവെയിൽ പിശുക്ക് ഭംഗി കൂട്ടുന്ന
നിഴലോല മേഞ്ഞ നടവഴിവിരുന്നുകൾ
സൗഹൃദ തടുക്കിട്ടു വിളിക്കുന്ന
വെറുംചായമൊത്തി
ലാഘവങ്ങളിലേക്കു പറക്കാൻ
ആരും വിളിക്കുന്നില്ല
ആവിഷ്കാരങ്ങളുടെ ആധിക്യത്താൽ
ഉൾക്ഷതമേറ്റ പകൽ
ഇരുട്ടിനെ ഭോഗിക്കുന്നതിനു മുൻപ്
ചുവന്ന സീൽക്കാരങ്ങളാൽ സങ്കീർണമാക്കുന്ന
ചരുവിൽ പടർന്നു നിൽക്കാൻ
നഗരത്തിരക്കിൽ നട്ടുച്ചവിസ്മയക്കാറ്റിൽ
വിയർക്കാൻ ആരും വരുന്നില്ല
പരസ്യമോ രഹസ്യമോ ഗൂഢമോ ആയ
എന്തിനെങ്കിലുംവേണ്ടിയല്ലാതെ
ആരും പുറത്തിറങ്ങുന്നില്ല
മഴയുടെ മുൻകൂർ പകർപ്പുകളോട് സാമ്യമുള്ള
ആകാശ ഭാവങ്ങളുമായി
കടലാസ് താരങ്ങൾ നൽകുന്ന
ലുബ്ധമായ വെളിച്ചത്തോട് പരിഭവിക്കാതെ
ചരാചരങ്ങളെ ദീപ്തമാക്കുന്ന
ചിരിയോടെ ഒരാൾ മാത്രം വെറുതെ നടന്നിരുന്നു
മഴയുടെ മുൻകൂർ പകർപ്പുകളോട് സാമ്യമുള്ള
ആകാശ ഭാവങ്ങളുമായി
കടലാസ് താരങ്ങൾ നൽകുന്ന
ലുബ്ധമായ വെളിച്ചത്തോട് പരിഭവിക്കാതെ
ചരാചരങ്ങളെ ദീപ്തമാക്കുന്ന
ചിരിയോടെ ഒരാൾ മാത്രം വെറുതെ നടന്നിരുന്നു
അപരാനുഭങ്ങളാൽ ക്രമീകരിക്കപ്പെട്ട
ദിനരാത്രങ്ങളിലൂടെ
ലക്ഷ്യങ്ങളില്ലാതെ നടന്നവരുടെ നിരയിലെ
അവസാനത്തെയാൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.