19 December 2024, Thursday
KSFE Galaxy Chits Banner 2

ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന കാലത്തേക്ക് രാജ്യം കൂടുതല്‍ അടുക്കുന്നു: കാനം

Janayugom Webdesk
തിരുവല്ല
February 12, 2023 12:41 pm

ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന കാലത്തേക്ക് രാജ്യം കൂടുതല്‍ അടുക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണകൂടത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം ഭരണഘടനയെ പ്രതികൂലമായി ബാധിച്ചു. വിയോജിക്കാനുള്ള അവകാശങ്ങള്‍ പുതിയ കാലത്ത് കുറഞ്ഞു. പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ച് ഏകാധിപത്യത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്.

ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജൂഡീഷ്യറിയുടെയും ജനങ്ങളുടെയും മാത്രമായി ചുരുങ്ങി. ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നീതിന്യായ വ്യവസ്ഥകള്‍ സംരക്ഷിക്കേണ്ട കടമ വര്‍ധിച്ചു. പുത്തന്‍ സാമ്പത്തിക നയം കേന്ദ്ര ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ വരുത്തിയ മാറ്റം നിയമ നിര്‍മ്മാണത്തിലും പ്രതിഫലിച്ചു. പാര്‍ലമെന്റും നിയമസഭയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി പാസാക്കിയ നിയമങ്ങള്‍ ഓരോന്നായി ഇല്ലാതായി. നിയമങ്ങളുടെ സംരക്ഷണം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. പുത്തന്‍ നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ സംരക്ഷണത്തിന് മാത്രമായി ചുരുങ്ങിയെന്നും കാനം പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ‍്മോന്‍, വനിതാ കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, ദേവസ്വം ബോര്‍ഡംഗം എസ് എസ് ജീവന്‍, എച്ച് രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. സി ബി സ്വാമിനാഥന്‍ സ്വാഗതവും അഡ്വ. ഡാനിയേല്‍ തോമസ് നന്ദിയും പറഞ്ഞു. ഐഎഎൽ സംഘടന ചരിത്രം സമരപഥങ്ങളിലൂടെ എന്ന വിഷയത്തില്‍ അഡ്വ. കെ മോഹൻദാസും സംഘടന പ്രവർത്തനം — സാധ്യതകൾ എന്ന വിഷയത്തിൽ അഡ്വ പി എ അയൂബ് ഖാനും വിഷയാവതരണം നടത്തി. സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സര്‍ക്കാരും എന്ന വിഷയത്തിൽ അഡ്വ. കെ പ്രകാശ് ബാബു പ്രഭാഷണം നടത്തി. മാധ്യമങ്ങളും അഭിഭാഷകരും എന്ന വിഷയത്തിൽ നടന്ന ജനകീയ സംവാദം അഡ്വ. പി പി സുനീറും അഭിഭാഷക കലാസന്ധ്യ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഇന്ന് സമാപിക്കും. 

Eng­lish Sum­ma­ry: The coun­try is mov­ing clos­er to the era of denial of demo­c­ra­t­ic rights: Kanam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.