
2014ൽ അധികാരത്തിലേറിയതു തൊട്ട് മോഡിസര്‍ക്കാര്‍ തുരങ്കം വയ്ക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എന്‍ആര്‍ഇജിഎസ്). ഈ നീക്കങ്ങൾക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും വലിയ ചെറുത്തുനില്പാണ് ഉണ്ടായത്. ഗത്യന്തരമില്ലാതെ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് പാർലമെന്റിൽ നരേന്ദ്ര മോഡിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. അപ്പോഴും നിശിതമായ പരിഹാസമാണ് മോഡിയില്‍ നിന്നുണ്ടായത്. ‘കോൺഗ്രസ് സർക്കാരിന്റെ മണ്ടത്തരത്തിന്റെ സ്മാരകമായി അത് നിലനിൽക്കട്ടെ’ എന്നായിരുന്നു പ്രസ്താവന. പിന്നീട് സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെെകിപ്പിച്ചും തൊഴില്‍ദിനങ്ങള്‍ കുറയ്ക്കുന്ന തരത്തില്‍ നിബന്ധനകള്‍ വച്ചുമൊക്കെ പദ്ധതിയുടെ ആകര്‍ഷണീയത കുറയ്ക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 2019 ജൂലെെയില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ തൊഴിലുറപ്പ് പദ്ധതി എല്ലാകാലവും തുടരാന്‍ കേന്ദ്ര സര്‍ക്കാരിന് താല്പര്യമില്ല എന്ന് പാര്‍ലമെന്റിനെ നേരിട്ട് അറിയിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കിലും അതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നും മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. സർക്കാർ സൗജന്യങ്ങൾക്കെതിരായി കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രധാനമന്ത്രിയുടെ പ്രചരണത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യവും തൊഴിലുറപ്പ് പദ്ധതിയാണെന്ന് തെളിയിക്കുന്നതാണ് ബജറ്റില്‍ പദ്ധതിവിഹിതം നാമമാത്രമാക്കിയത്. തൊട്ടടുത്ത ദിവസം തന്നെയാണ് തൊഴിലുറപ്പു പദ്ധതിയുടെ ഘടന മാറ്റുമെന്ന ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയുണ്ടായത്.
നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് തൊഴിലുറപ്പ് നടപ്പാക്കുന്നത്. മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പോലെ ഇതിലും 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന വിധത്തിലേക്ക് മാറണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. തൊഴിലുറപ്പിന്റെ പേരിലുള്ള അഴിമതി തടയാൻ സംസ്ഥാനങ്ങൾ വിഹിതം പങ്കിടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പാർലമെന്റിൽ ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഗിരിരാജ് സിങ് പറഞ്ഞു. കഴിഞ്ഞയാഴ്ചയിലെ കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് വിഹിതം 33 ശതമാനമാണ് വെട്ടിക്കുറച്ചത്. ആ നടപടിതന്നെ സാധാരണക്കാരായ ഗ്രാമീണജനങ്ങളുടെ പട്ടിണിയില്‍ നേരിയപിടിവള്ളിയായ തൊഴിലുറപ്പിനെ തകര്‍ക്കുന്നതാണ്. 2023 സാമ്പത്തികവർഷം മൊത്തം അടങ്കലിന്റെ 2.14 ശതമാനമായിരുന്ന പദ്ധതി വിഹിതം ഇക്കൊല്ലം 1.33 ശതമാനമായാണ് കുറച്ചത്. കൂടാതെ, ആധാർ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷന്‍, ഹാജര്‍, വേതനവിതരണം തുടങ്ങിയ നിബന്ധനകളും ഗുണഭോക്താക്കളായ ദരിദ്രരെ പരിഹസിക്കുന്നതാണ്. ഈ നിബന്ധനകള്‍ അഴിമതി കുറയ്ക്കുകയോ വേതനം നല്കാനുള്ള കാലതാമസം ഇല്ലാതാക്കുകയോ ചെയ്തിട്ടില്ലെന്ന് ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ തെളിയിക്കുന്നു.
അവിദഗ്ധ ജോലികൾ ചെയ്യുന്നതിന് സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന ഗ്രാമീണ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതാണ് 2005 ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. ഒന്നാം യുപിഎ ഭരണത്തിന് പിന്തുണ നല്കുന്നതിനായി ഉണ്ടാക്കിയ പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച പ്രധാന പദ്ധതിയാണിത്. 2005 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ നിയമം സെപ്റ്റംബർ ഏഴിന് നിലവിൽ വരികയും ജമ്മു-കശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തിൽ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഗ്രാമീണ ഇന്ത്യയിലെ സാമൂഹിക‑സാമ്പത്തിക മേഖലയില്‍ ഗുണകരമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലുറപ്പ് എന്നത് ഒരോ സംസ്ഥാനങ്ങളിലും അതത് പ്രദേശത്തും ആവശ്യകതയനുസരിച്ച് മാത്രം നടപ്പാക്കുന്ന പദ്ധതിയാണ്. ജിഎസ്‍ടി നടപ്പാക്കിയതിനെത്തുടർന്ന് സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ കാര്യമായ കുറവുണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം കണ്ടെത്താനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കുമേൽ കെട്ടിവയ്ക്കുന്നത് കേരളത്തില്‍ ഉള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതിയെ പ്രതിസന്ധിയിലാക്കും. പ്രതിവര്‍ഷം 1400 കോടിയിലധികം രൂപ കേരളം കണ്ടെത്തേണ്ടി വരും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 4000 കോടി രൂപയാണ് പദ്ധതിയില്‍ ചെലവഴിച്ചത്. 10.38 കോടി തൊഴില്‍ദിനങ്ങളും സൃഷ്ടിച്ചു. നഗരങ്ങളില്‍ നടപ്പാക്കുന്ന അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ പൂര്‍ണ ചെലവും കേരളമാണ് വഹിക്കുന്നത്. ഇതിന് പുറമെ പദ്ധതിയുടെ 40 ശതമാനം കൂടി കണ്ടെത്തേണ്ടി വന്നാല്‍ പദ്ധതിയാകെ താളംതെറ്റും. ദരിദ്ര സംസ്ഥാനങ്ങളിൽ സ്ഥിതി ഇതിലും ഗുരുതരമാകും. ദരിദ്രരുടെ തൊഴിൽ ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന പദ്ധതിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് സമീപനം തിരുത്താന്‍ കേന്ദ്രം തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.