30 April 2024, Tuesday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

എന്‍ എ കരീം സാമൂഹ്യജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത വ്യക്തി: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
February 21, 2023 10:17 pm

മലയാളത്തിന്റെ സാമൂഹ്യജീവിതത്തിന് മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധത്തില്‍ പരിചിതമായ പേരാണ് ഡോ. എന്‍ എ കരീമിന്റേതെന്ന് റവന്യുമന്ത്രി കെ രാജന്‍. ഡോ. എന്‍ എ കരീം ഫൗണ്ടേഷന്‍ ഏഴാമത് പുരസ്കാരം ജനയുഗം, നവയുഗം മുന്‍ പത്രാധിപര്‍ കെ പ്രഭാകരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാകരന് പുരസ്കാരം നല്‍കി ആദരിക്കുന്നതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ആദരിക്കപ്പെടുന്നത് ഫൗണ്ടേഷന്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു. പത്രമാധ്യമ പ്രതിഭകളില്‍ ഏറ്റവും പ്രഗത്ഭനായ ഒരാളെ അവാര്‍ഡിനായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും ആഗോളവല്‍ക്കരണത്തിന്റേയും കമ്പോളവല്‍ക്കരണത്തിന്റേയും അപകടകരമായ സാഹചര്യത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചിരുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടായി പരിവര്‍ത്തനം ചെയ്തതിനു പിന്നില്‍ നവോത്ഥാന ചരിത്രമുണ്ട്. ജനാധിപത്യ ഗവണ്‍മെന്റുകളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും എണ്ണമറ്റ സമരങ്ങള്‍ ഈ പരിവര്‍ത്തനത്തിനു പിന്നിലുണ്ട്. കേരളത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ കരുത്തുറ്റ പ്രചാരങ്ങളും മൃഗബലി മുതല്‍ നരബലി വരെ ആകാം എന്ന ചിന്തകള്‍ ഉയര്‍ന്നുവരുന്നതും അപകടകരമായ സാഹചര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം നജീബ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസം : ഇന്നത്തെ ആഗോളസാഹചര്യത്തില്‍ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോ. മീന ടി പിള്ള പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. കായംകുളം യൂനുസ് സ്വാഗതം പറ‍ഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. കെ പ്രഭാകരന്‍, പ്രൊഫ. എ ജി ജോര്‍ജ്, എ സുഹൈര്‍, ഡോ. സക്കരിയ്യ തങ്ങള്‍, എം ബാബുക്കുട്ടി, എം എം സഫര്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: NA Karim is an irre­place­able per­son in social life: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.