22 November 2024, Friday
KSFE Galaxy Chits Banner 2

മോഡിയുടെ പ്രതിച്ഛായയും പൊള്ളയായ കവചവും

സുശീല്‍ കുട്ടി
February 24, 2023 4:15 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടുകളുടെ സംരക്ഷണത്തിനാണ്, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനല്ല രാജ്യത്തിപ്പോള്‍ പ്രഥമ പരിഗണന. അതിനായി ഉപരാഷ്ട്രപതി മുതൽ വിദേശകാര്യ മന്ത്രി വരെ, ഏത് നിലയിലുള്ള അദ്ദേഹത്തിന്റെ അനുയായികളും ഔദ്യോഗിക പദവിയിലുള്ളവരും കടുത്ത പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാരണം വിദേശികളും ഇന്ത്യക്കാരും ഉൾപ്പെടെയുള്ള ശത്രുക്കളെയാണ് നരേന്ദ്ര മോഡിക്ക് നേരിടേണ്ടി വരുന്നത്. വിദേശഇന്ത്യക്കാർ ഇന്ത്യക്കാരാണെങ്കിലും ഇന്ത്യയോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വിരോധം പുലർത്തുന്നവരാണെന്നാണ് ‘ഭക്തര്‍’ കരുതുന്നത്. പ്രധാനമന്ത്രി ‘വിവരങ്ങൾ ചോർത്തലിന്റെ’ ഇരയാകുന്നത് മറ്റൊരു തരത്തിലുള്ള അധിനിവേശം തന്നെയാണെന്നവര്‍ പറയും. ‘ഇന്ത്യയുടെ മുഖ്യശില്പി‘യായതു കൊണ്ടാണ് രാജ്യത്തിന്റെ വളർച്ചയുടെ പാത ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ ഈ നടപടി ഉടനടി നിർവീര്യമാക്കേണ്ടതുണ്ടെന്നാണവര്‍ ആണയിടുന്നത്. നരേന്ദ്ര മോഡിയെ കേന്ദ്രീകരിച്ച് വ്യാജ ആരോപണങ്ങൾ ഉണ്ടാക്കുകയും തങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുകയും ചെയ്തുവെന്നവര്‍ വ്യാഖ്യാനിക്കുന്നു. രാജ്യത്തിന്റെ വളർച്ചാ ചരിത്രത്തെ നരേന്ദ്ര മോഡിയുമായി ബന്ധിപ്പിക്കുന്നതാണ് ‘സേവ് മോഡി’ ക്യാമ്പയിന്‍.

 


ഇതുകൂടി വായിക്കു;  മോഡിയുടെ കാലത്ത് ‘വികസിച്ചത്’ ആത്മഹത്യ


ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻഖർ, വിദേശകാര്യമന്ത്രി ജയ്ശങ്കർ എന്നിവരാണ് മുൻനിരയിലുള്ളത്. ജനാധിപത്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നശിപ്പിക്കുന്നവരെ പുറത്താക്കാൻ ഇരുവരും വലിയ അളവിൽ സമയവും ഊർജവും ചെലവഴിക്കുന്നു. ‘ഇന്ദിരയാണ് ഇന്ത്യ‑ഇന്ത്യ ഈസ് ഇന്ദിര’ എന്നത് ഡി കെ ബറുവ ആവിഷ്‌കരിച്ച നയമാണ്. അതേ ക്യാമ്പയിന്‍ അനുകരിക്കുന്ന മോഡിയുടെ അനുയായികൾക്ക് ഒരു ഭാവനയും കഴിവും ഇല്ല എന്ന് പോലും കരുതേണ്ടിവരുന്നു. മോഡി വിരുദ്ധ വിവരശേഖരണങ്ങളെ നിർവീര്യമാക്കാൻ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഭവങ്ങളെല്ലാം വിനിയോഗിക്കുകയാണ്. മോഡിയുടെ ശത്രുക്കൾക്കെതിരെ പോരാടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നവർ ഇന്ത്യയുടെയും ജനാധിപത്യത്തിന്റെയും ശത്രുക്കളെന്നാണ് പ്രചരണം. ഇത് ‘ഇന്ദിരയാണ് ഇന്ത്യ…’ എന്നതിൽ നിന്ന് വ്യത്യസ്തമായി തോന്നുമെങ്കിലും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. ‘മോഡിയാണ് ഇന്ത്യ’ എന്നുതന്നെയാണവര്‍ അര്‍ത്ഥമാക്കുന്നത്. ബിബിസി ഡോക്യുമെന്ററിയായ ‘മോഡി ദ ക്വസ്റ്റ്യൻ’ ആയാലും അഡാനിയെക്കുറിച്ചുള്ള ‘ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തലുകൾ’ ആയാലും ഇന്ത്യാവിരുദ്ധമാകും. കൊടുങ്കാറ്റിന്റെ വേഗതയില്‍ അഡാനിയുടെ ഓഹരികൾ വലിച്ചെറിയാൻ ആളുകളെ പ്രേരിപ്പിച്ചത്, ഇന്ത്യയുടെ ജനാധിപത്യത്തെയും മോഡിയുടെ യശസിനെയും ഒരുപോലെ വ്രണപ്പെടുത്തി. കാരണം അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടും സംരക്ഷിക്കപ്പെടണമെന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. മോഡിയെ അപകീർത്തിപ്പെടുത്തുന്നത് വ്യാജ രേഖകളിലൂടെയാണെന്ന് തെളിയിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് ‘ജനാധിപത്യം സംരക്ഷിക്കപ്പെടണം’ എന്ന് അതേശ്വാസത്തിൽ അവര്‍ പറയുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ ആരാേപിതര്‍ക്കെതിരെ നടപടിയെടുത്താൽ ഒരുപക്ഷേ ജനാധിപത്യം നിലനിൽക്കും. പക്ഷേ ഈ ജനാധിപത്യം നരേന്ദ്ര മോഡിയെ അതിജീവിക്കില്ല എന്ന് ധാരണയുണ്ടോ? ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ മോഡി ഒഴിച്ചുകൂടാനാവാത്തവനാണോ?.

 


ഇതുകൂടി വായിക്കു; അഡാനിയും മോഡിയും ഒരു പശുവും


 

മനുഷ്യരുടെ ധമനികളില്‍ രക്തമൊഴുകുന്നത് സ്വതന്ത്രമായാണ്. ഒരു വ്യക്തിയെ സ്വന്തം തെറ്റുകളുടെ ആരോപണത്തിൽ നിന്ന് രക്ഷിക്കുന്നതിന് മുഴുവൻ ‘ആവാസവ്യവസ്ഥ’യും ഒരുക്കി നിര്‍ത്തുന്നത് എന്തിനാണെന്ന് യുവാക്കൾ ചോദിച്ചു തുടങ്ങും. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക്, എന്തുകൊണ്ട് അന്വേഷണത്തെ അഭിമുഖീകരിക്കാൻ കഴിയുന്നില്ലെന്നും അവര്‍ ചോദിക്കും. ഹിൻഡൻബർഗ് വൃത്തികെട്ട കളിയാണ് നടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും അതേ ആരോപണങ്ങൾ മറ്റുള്ളവര്‍ ആവർത്തിച്ചാല്‍ അത് എങ്ങനെ അസ്വീകാര്യമാകും. അതില്‍ സത്യത്തിന്റെ അംശം ഉണ്ടായിരിക്കില്ലേ?. ഹിൻഡൻബർഗിന്റെയോ ജോർജ് സോറോസിന്റെയോ ആരോപണങ്ങൾ സർക്കാര്‍ തലത്തില്‍ ആരെങ്കിലും ശക്തമായി നിഷേധിച്ചിട്ടുണ്ടോ? ആദ്യത്തേത് അധാർമ്മികവും അതിനാൽ അവിശ്വസനീയവുമാണെന്ന് പ്രഖ്യാപിച്ചത് അവര്‍ ഷോർട്ട്-സെല്ലറാണ് എന്ന പേരിലാണ്. രണ്ടാമത്തെയാളെ സാമ്പത്തിക യുദ്ധക്കുറ്റവാളിയെന്നും അപകടകാരിയെന്നും ആരോപിക്കുകയാണ് ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ സര്‍വാധികാരങ്ങളും വിഭവങ്ങളും ആരോപിതനായ ഒരാളുടെ സംരക്ഷണത്തിനായി മാറ്റിവച്ചിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ പേരിൽ ന്യായമായും ഒരു കളങ്കമുണ്ടെന്ന് സംശയിക്കേണ്ടിവരും. അല്ലെങ്കില്‍ തന്റെ പേരിലെ കറുപ്പ് മായ്‌ക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യണം, അത് ജനങ്ങളുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുകയല്ല വേണ്ടത്. ഒരുപക്ഷെ അതാണ് ജനാധിപത്യത്തെ വ്രണപ്പെടുത്താതിരിക്കാനുള്ള പ്രതിവിധി. കടപ്പാട്: ഐപിഎ

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.