24 December 2024, Tuesday
KSFE Galaxy Chits Banner 2

അതിജീവനത്തിന്റെ ‘ആദിത്യ’ തേജസ്

മനു പോരുവഴി
February 26, 2023 7:00 am

വലിയ തലയും ചെറിയ ഉടലുമായി ജനിച്ച്, അസ്ഥികൾ നുറുങ്ങുമ്പോഴും പുഞ്ചിരിതൂകിക്കൊണ്ട് ആസ്വാദകരെ സംഗീതത്തിലാറാടിച്ച ഒരു മനുഷ്യജന്മത്തിന്റെ പേരാണ് ആദിത്യൻ. വൈദ്യശാസ്ത്രം പരാജയപ്പെട്ട് നിൽക്കുമ്പോൾ തന്റെ നിശ്ചയദാർഢ്യവും അമ്മയുടെ കരുതലും ഒന്നുകൊണ്ടുമാത്രം ആരെയും അസൂയപ്പെടുത്തുന്ന വിജയങ്ങൾ കൈക്കലാക്കി, ഈ കൊച്ചുമിടുക്കൻ മുന്നേറുകയാണ്.
ചക്ര കസേരയിലിരുന്ന് പ്രഥമ പൗരിയിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങുമ്പോൾ വിധിയെ പൊരുതി കീഴ്പ്പെടുത്തിയ ഒരു യോദ്ധാവിനെ അവനിൽ കണ്ടു. സമ പ്രായക്കാരായ മറ്റുകുട്ടികൾ പിച്ചവച്ച് നടന്നപ്പോൾ വീടിന്റെ സ്വീകരണമുറിയുടെ വെറും നിലത്ത് ചലിക്കാൻ പോലുമാകാതെ ടി വി യിലേക്ക് നോക്കി കിടന്നിരുന്ന ആദിത്യൻ അതിലെ പാട്ടുകളിലൂടെ, അവ അക്ഷരസ്ഫുടതയോടെ ഹൃദയത്തിലാവാഹിച്ച് — വേദികളിൽ നിന്ന് വേദികളിലേക്ക് എത്തിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്കാർ ലഭിക്കുന്ന ഏക മലയാളിയായ ആ കുഞ്ഞു മിടുക്കനാണ് മണി മോനെന്ന ആദിത്യൻ സുരേഷ്.

കൊല്ലം പോരുവഴി രഞ്ജിനി ഭവനിൽ അലൂമിനിയം ഫാബ്രിക്കേറ്ററായ സുരേഷിന്റേയും വീട്ടമ്മയായ രഞ്ജിനിയുടേയും രണ്ടാമത്തെ മകനാണ് ആദിത്യൻ സുരേഷ്. 2007 ആഗസ്റ്റ് മൂന്നിന് ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദിത്യനെ പ്രസവിക്കുന്നത്. പ്രസവത്തിനു മുമ്പുള്ള ഭിഷഗ്വരന്മാരുടെ പരിശോധനയിലെവിടെയും ജനിക്കുന്ന കുട്ടിയുടെ ശാരീരിക പ്രശ്നങ്ങൾ കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല. ശരീരത്തേക്കാൾ വലിയ തലയും മെലിഞ്ഞ ഉടലുമായി അസാധാരണമായ ഒരു കുട്ടിയായി തന്റെ രണ്ടാമത്തെ മകന്റെ ജനനം ആ മാതാവിന്റെ ഹൃദയം തകർത്തു കളഞ്ഞു. വളരെ പെട്ടെന്നു തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയക്കായി മാറ്റി. വേണ്ടത്ര ഗൗരവമേറിയ നിലയിൽ പരിചരണം ലഭിക്കാത്തതിനാൽ ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ തൊട്ടാൽ അസ്ഥികൾ ഒടിയുന്ന ‘ഓസ്റ്റിയോ ജനിസിസ് ഇമ്പെർഫക്ട’ എന്ന പ്രത്യേകതരം ജനിതക രോഗമാണ് ആദിത്യനെ കാർന്നെടുത്തത് എന്ന് കണ്ടെത്തി. എന്നാൽ രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ച് ആ മാതാപിതാക്കൾക്ക് വലിയ അറിവ് ആ കാലയളവിൽ ഉണ്ടായിരുന്നില്ല. ചികിത്സ തുടരുന്നതിനിടയിൽ ഒരിക്കൽ കഠിനമായ പനിയെ തുടർന്ന് ആദിത്യനുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി. കുത്തിവയ്പ് എടുക്കുന്നതിനിടയിൽ സിറിഞ്ച് കുത്തിയ കൈത്തണ്ടയുടെ അസ്ഥി പെട്ടെന്ന് ഒടിഞ്ഞു. ഭയന്ന മാതാവിനോട് അസുഖത്തിന്റെ സ്വഭാവം
ഡോക്ടർമാർ പറഞ്ഞു മനസിലാക്കി.

നന്നായി ശ്രദ്ധിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശം അനുസരിക്കാൻ ആ മാതാപിതാക്കൾ ശ്രദ്ധിച്ചു. തുടർ ചികിത്സക്കായി തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി. നന്നായി ശ്രദ്ധിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന ഡോക്ടർമാരുടെ മറുപടി നിസഹായതയോടെ ആ മാതാപിതാക്കൾ കേട്ടു. തന്റെ ജീവിതം ഇളയ മകന് വേണ്ടി മാറ്റിവയ്ക്കാൻ ആ മാതാവ് ആ നിമിഷം മുതൽ തീരുമാനിച്ചു. തുടർ ദിവസങ്ങളിൽ കാഴ്ചയോ, കേഴ് വിയോ ഒക്കെ നഷ്ടപ്പെടാൻ ഇടയുണ്ടെന്നും ചലനം മാത്രമുള്ള ശരീരമായി ഇങ്ങനെ കിടക്കുവാൻ സാധ്യതയുണ്ടെന്നുമൊക്കെ ചികിത്സക്കിടെ അവർ മുന്നറിയിപ്പ് നൽകി കൊണ്ടിരുന്നു. എന്തു വന്നാലും നേരിടാന്‍ ആ മാതാപിതാക്കളും തീരുമാനിച്ചു. വിധിയെ മനസുറപ്പുകൊണ്ട് മറികടക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
കാലം കടന്നുപോയി രണ്ടു വയസുവരെ ആദിത്യൻ ഒരേ കിടപ്പ് തുടർന്നു. ശരീരത്തിന് ചലന ശേഷി ഉണ്ടെന്നു മാത്രം. സമപ്രായക്കാരായ കുട്ടികൾ ഈ പ്രായത്തിൽ ഇരിക്കുകയും, പിടിച്ചു നിൽക്കുകയും പിച്ച വെച്ചു നടക്കുകയും ഒക്കെ ചെയ്യുന്നത് ആ മാതാപിതാക്കൾ ദുഖത്തോടെ നോക്കി കണ്ടു. സ്ഥിരമായി സന്ദർശനമുറിയുടെ തറയിലായിരുന്നു കിടത്തിയിരുന്നത്. നേര എതിർ വശത്തുള്ള ടെലിവിഷനിലെ പാട്ടുകൾ കേട്ടും, അതിലെ ചലനങ്ങൾ കണ്ടും ആ ബാലൻ അങ്ങനെ കിടന്നു. ഒരു ദിവസം തറയിൽ കിടക്കുന്നതിനിടയിൽ ചെറുതായി വട്ടം കറങ്ങുവാനും അനങ്ങാനും തുടങ്ങി. ഓരോ ചലനങ്ങളും നോക്കിയിരുന്ന വീട്ടുകാരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായി. ആ ചലനത്തെ അവര്‍ പ്രതീക്ഷയോടെ കണ്ടു. പക്ഷെ അവന്റെ ചലനങ്ങളിലൂടെ അവന്റെ അസ്ഥികൾ ഒടിയുന്നത് കണ്ട അവർക്ക് അത് സഹിക്കാൻ പറ്റാത്ത വേദനയായി. എട്ടു വയസിനിടയിൽ ഇരുപതിൽ അധികം തവണ ചെറിയ തട്ടിമുട്ടലുകളിൽ മാത്രം അസ്ഥി ഒടിഞ്ഞിട്ടുണ്ട്.
തറയിൽ കിടക്കുന്ന സമയത്ത് ടിവി പരിപാടികളിലെ പാട്ടുകൾ ശ്രദ്ധയോടെ അവൻ കേട്ടു കിടക്കുമായിരുന്നു. അവനിൽ സംഗീതത്തോട് തീവ്രമായ ഒരു അഭിനിവേശം ഉണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു തുടങ്ങിയത് പാട്ടുകൾ കേൾക്കുമ്പോളുള്ള പ്രതികരണങ്ങളിൽ നിന്നുമാണ്. മൂന്നാം വയസിൽ ചെറുതായി കമഴ്ന്നു വീഴുകയും തല അല്പാൽപ്പം ഉയർത്താൻ ശ്രമിക്കുന്നതും നല്ല ലക്ഷണമായി മാതാപിതാക്കൾ കണ്ടു. ഇതിനിടയിൽ അവന് പല്ലുകൾ മുളച്ചു. മൂന്നാം വയസിൽ ഇളയമ്മ രമ്യയാണ് ആദ്യമായി അക്ഷര വെളിച്ചം അവനിലേക്ക് പകർന്നു നൽകിയത്. കിടത്തിക്കൊണ്ടു തന്നെ എഴുത്തിനിരുത്തി. എന്നാല്‍ തുടർന്ന് പഠനത്തിനായി എവിടെയും അയച്ചിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ശാരീരിക ഘടനയിൽ വലിയ മാറ്റങ്ങൾ കാണാതിരുന്നതിനെ തുടർന്ന് ഒരു കുടുംബ സുഹൃത്തിന്റെ അഭിപ്രായം കേട്ട് ചങ്ങനാശ്ശേരിയിലുള്ള ഡോ ബൈജുവിന്റെ അടുക്കൽ ഹോമിയോ ചികിൽസയ്ക്കായി എത്തിച്ചു. ഈ ചികിത്സയിൽ നല്ല മാറ്റം കണ്ടു. നാലാം വയസിൽ തല ഉയർത്തിപ്പിടിക്കാനും ഘട്ടം ഘട്ടമായി സംസാരിക്കുവാനും തുടങ്ങി.
അഞ്ചാം വയസിലാണ് അവനെ അക്ഷരങ്ങൾ പഠിപ്പിക്കണമെന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടായത്. അടൂർ ബി ആർ സി യിലെ അധ്യാപകരാണ്
അക്ഷരം പഠിപ്പിക്കാനായി ആദ്യം വീട്ടിലെത്തുന്നത്. ഇവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഏഴാം മൈൽ പെരുവിഞ്ച ശിവഗിരി എൽ പി സ്കൂളിൽ അഡ്മിഷൻ എടുത്തു. അമ്മയുടെ മടിയിൽ കിടന്നാണ് ആദിത്യൻ ക്ളാസ് കേട്ടിരുന്നത്. മറ്റ് എല്ലാ പരിപാടികളും ഒഴിവാക്കി അവനായ് ജീവിതം മാറ്റിവച്ച അമ്മയുടെ ഈ അവസ്ഥ കാണാൻ ഇടയായ അധ്യാപകർ വീട്ടിലെത്തി പഠിപ്പിക്കാമെന്ന് ഉറപ്പ് നൽകി. തുടർന്ന് ഈ വിദ്യാലയത്തിലെ ആദിത്യന്റെ ക്ളാസിലെ 24 കുട്ടികളും ക്ലാസ് അധ്യാപകനും ശാസ്താംകോട്ട ബിആർസിയിലെ പ്രത്യേക പരിഗണനാർഹരായ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകനും എല്ലാ ആഴ്ചയിലും ഒരു ദിവസം ആദിത്യനോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു. ഈ കൂടിചേരലുകൾ ആദിത്യനും, കുടുംബത്തിനും വളരെയധികം ആത്മവിശ്വാസം ഉണ്ടാക്കി. ക്ലാസിലെ കൂട്ടുകാരെ കാണുമ്പോൾ അവന്റെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങളിൽ അവനിൽ ഒരുപാട് പ്രതീക്ഷകൾ മുളച്ചു പൊന്തുന്നതായി കണ്ടു. മൂന്നു വർഷത്തോളം മുടങ്ങാതെ ഈ കൂടി ചേരലുകൾ തുടർന്നു. ഈ കാലത്ത് ടി വിയിൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾക്കൊപ്പം കിടന്നുകൊണ്ട് ഈ പാട്ടുകൾ മൂളാൻ ശ്രമിക്കുന്നതും ചുണ്ടനക്കുകയുമൊക്കെ ചെയ്യുന്നത് പതിവായി.

കൂടുതൽ നേരങ്ങളിലും ടിവിയിൽ പാട്ടുകൾ മാത്രം വെച്ചുകൊടുക്കുവാൻ വീട്ടുകാരും ശ്രദ്ധിച്ചു.
രണ്ടാം ക്ളാസിലും മൂന്നാം ക്ളാസിലും സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് സ്വയം അക്ഷരങ്ങൾ മനസിലാക്കുവാനും പഠിക്കുവാനും ആരംഭിച്ചു. ആദ്യം അക്ഷരങ്ങൾ മനസിലാക്കി തുടങ്ങിയത് ടിവിയിൽ എഴുതി കാണിക്കുന്ന സീരിയലുകളുടെ പേരുകളും മറ്റും കണ്ടുകൊണ്ടാണ്. ഈ പേരുകൾ തന്റെ നോട്ട് ബുക്കിൽ കുറിച്ച് വെച്ചു. ആ സമയത്ത് ഏതോ ഒരു ചാനലിൽ പ്രക്ഷേപണം ചെയ്ത ‘അമ്മക്കിളി’ എന്ന സീരിയലിലെ അക്ഷരങ്ങളാണ് ആദ്യം എഴുതി പഠിച്ചത്. സ്ഥിരമായി എഴുതി കാണിക്കുന്ന ഈ പേരുകൾ അവൻ ഹൃദിസ്ഥമാക്കി. ടിവിയിൽ എഴുതി കാണിക്കുന്ന ഓരോ വാക്കുകളും പേരുകളും അമ്മയോടും അമ്മൂമ്മയോടും ചോദിച്ച് മനസിലാക്കി പഠിക്കാൻ ശ്രമിച്ചു. നാലാം ക്ളാസിൽ പ്രവേശിക്കുന്നതിന് മുൻപേ എഴുതാനും വായിക്കാനും പഠിച്ചു. നാലാം ക്ളാസിൽ എത്തിയപ്പോഴേക്കും അമ്മയോടൊപ്പം സ്കൂളിലെ ത്തിയ ആദിത്യന് ചാരിയിരുന്ന് പഠിക്കുന്നതിനായി സ്കൂൾ അധികൃതർ പ്രത്യേക കസേര തയ്യാറാക്കിയാണ് സ്വീകരിച്ചത്. ഇതേ വർഷമാണ് ആദിത്യൻ സ്റ്റേജിൽ കയറി തന്റെ ആദ്യ പാട്ട് പാടുന്നത്. സ്കൂൾ വാർഷികത്തിന് ‘മിടു മിടു മിടുക്കൻ മുയലച്ചൻ…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് സംഗീത ജീവിതത്തിലെ ആദ്യത്തെ സമ്മാനം ഏറ്റുവാങ്ങി.
അഞ്ചാം ക്ലസുമുതൽ ഓണവിള യുപിഎസിലാണ് പഠിച്ചത്. എല്ലാദിവസവും അമ്മ എടുത്ത് കൊണ്ടാണ് ക്ലാസിലെത്തിച്ചത്. ആദിത്യനോപ്പം അമ്മയും ക്ളാസിലിരിക്കും. അമ്മയാണ് നോട്ട് എഴുതുന്നത്. ക്ളാസിൽ അധ്യാപകരില്ലാത്ത പീരിയഡിൽ അമ്മ അധ്യാപികയായി. ഇത് അവനിൽ പഠനത്തോട് കൂടുതൽ താല്പര്യം ഉണ്ടാക്കി. ക്വിസ് മൽസരങ്ങളിലു, കവിതയിലും സംഗീത രംഗത്തും ടീച്ചർമാർ അവനെ നന്നായി പിന്തുണച്ചു.
ഒഴിവു സമയങ്ങളിൽ ടിവിയിലെ സംഗീത ചാനലുകൾ സ്ഥിരമായി വച്ചു. അതിലെ പാട്ടുകൾ കേട്ട് പാടാനും തുടങ്ങി. അഞ്ചാം ക്ളാസിൽ ആദ്യമായി മറ്റ് കുട്ടികളോടൊപ്പം കലോത്സവ വേദികളിലെത്തി. ലൈബ്രറി കൗൺസിലിന്റെ പഞ്ചായത്ത് തല ബാലകലോൽസവങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. താലൂക്ക്, ജില്ലാ തലങ്ങളിൽ കവിതാലാപനം, ചലച്ചിത്ര ഗാനാലാപാനം എന്നീ ഇനങ്ങൾക്ക് സമ്മാനങ്ങൾ വാരിക്കൂട്ടി. ആദിത്യന്റെ കഴിവു മനസിലാക്കിയ അധ്യാപകർ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാനും നിർദ്ദേശിച്ചു. സ്കൂൾ കലോത്സവങ്ങളിലും തുടർന്ന് മത്സരിക്കാൻ തുടങ്ങി. മനസിൽ നിറഞ്ഞുനില്‍ക്കുന്ന മത്സരത്തെക്കുറിച്ച് ചോദിച്ചാൽ അതിനും അവന് ഉത്തരമുണ്ട്. അച്ഛൻ സുരേഷിന്റെ ജന്മദേശമായ പന്തളത്ത് കടമ്മനിട്ട രാമകൃഷ്ണന്റെ അനുസ്മരണത്തോടനുബന്ധിച്ച് കവിതാലാപന മത്സരം സംഘടിപ്പിച്ചിരുന്നു. ഇത് ആദിത്യന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നതു മാത്രമല്ല. മത്സരഫലം ചാനലുകളിലൊക്കെ വലിയ വാര്‍ത്തയായി. ഇതോടെ ആദിത്യൻ നാടിന്റെ സ്വത്തായി മാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ അംഗീകാരം ലഭിച്ചു. അവന്റെ പോസ്റ്റുകൾക്ക്

 

ലൈക്കുകളും ഷെയറുകളും വർദ്ധിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആദിത്യനെ കണ്ടറിഞ്ഞ സംഗീത സംവിധായകൻ മുരളി അപ്പാത്ത് തന്റെ സംഗീത ആൽബമായ നീലാംബരിയിൽ പാടുവാൻ അവസരം നൽകി. പലരുടെയും പിന്തുണയും പ്രോത്സാഹനവും കൊണ്ട് അവന്‍ ശാസ്ത്രീയ സംഗീതം പഠിക്കുവാൻ ആരംഭിച്ചു. ഇപ്പോൾ നെടിയവിള പുരന്ദരദാസൻ സംഗീത വിദ്യാലയത്തിലെ ശോഭന ടീച്ചറിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു വരുന്നു. അതുവരെ സ്വയം ഈണങ്ങളും രാഗങ്ങളും അഭ്യസിച്ചുവന്ന ആദിത്യന് ഈ സംഗീത ക്ലാസ് കൂടുതൽ ആത്മവിശ്വാസം നൽകി തുടങ്ങി.
നാട്ടുകാർക്ക് ആദിത്യൻ ഇപ്പോൾ സൂപ്പർസ്റ്റാർ ആണ്. പ്രധാനപ്പെട്ട ചാനലുകളിലെല്ലാം ആദിത്യന്റെ വിശേഷങ്ങൾ നിറ‍ഞ്ഞു. ഫ്ലേവഴ്സ് കോമഡി ഉത്സവം, മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി, ഏഷ്യാനെറ്റിലെ സകലകലാ വല്ലഭൻ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലെ മത്സങ്ങളിൽ ആദിത്യൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ആറ് വർഷം കൊണ്ട് ആയിരത്തിൽപ്പരം വേദികളിൽ പാടി. ഒരു ക്രിസ്മസ് ആൽബത്തിലും രണ്ട് ടെലി ഫിലിമിലും ഒരു സിനിമയിലും പാടാൻ അവസരം കിട്ടിയിട്ടുണ്ട്.
നിലവിൽ നെടിയവിള അംബികോദയം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ആദിത്യന്‍. മൈക്രോ ബയോളജിയിൽ മാസ്റ്റർ ബിരുദം നേടിയ അമ്മ രഞ്ജിനി ഇപ്പോഴും എടുത്തു കൊണ്ടാണ് ആദിത്യനെ സ്കൂളിൽ കൊണ്ടുപോകുന്നത്.
ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ മാത്രമറിഞ്ഞിരുന്ന ആദിത്യൻ കോവിഡ് കാലത്ത് ഇംഗ്ലീഷ് വൃത്തിയായി സംസാരിക്കുവാനും പഠിച്ചു.

നിരവധി പുരസ്കാരങ്ങൾ പതിനാറ് വയസിനിടയിൽ ആദിത്യനെ നേടിയെത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരമാണ്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബല്യ പുരസ്കാരം, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ്, ഡോ അബ്ദുൽകലാം ബാല പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ
ദേശീയ ബാലതരംഗം ശലഭ മേളയുടെ ശലഭ രാജ പുരസ്കാരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിനു എ ഗ്രേഡും, സംസ്കൃതം പദ്യം ചൊല്ലൽ, സംസ്കൃതം ഗാനാലാപനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ ഫേസ് ബുക്ക് പേജിൽ ലക്ഷക്കണക്കിന് ആരാധകരാണ് ആദിത്യനുള്ളത്. നാളെയിലേക്ക് നോക്കി ആത്മവിശ്വാസത്തോടെ ഒരു സ്വപ്നം ആദിത്യൻ കണ്ടുകഴിഞ്ഞു — നല്ല ഒരു സംഗീതവിദ്യാലയം, ഒപ്പം ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള വഴികളും.

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.