പാക്കിസ്ഥാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ ബോലാനിലാണ് ആക്രമണമുണ്ടായത്. സിബി, കാച്ചി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ കാംബ്രി പാലത്തിലാണ് സ്ഫോടനമുണ്ടായതെന്ന് കാച്ചി സീനിയർ പൊലീസ് സൂപ്രണ്ട് മഹമൂദ് നോട്സായി പാക്ക് മാധ്യമമായ ഡോണിനോട് പറഞ്ഞു. ചാവേർ ബോംബ് ആക്രമണമാണെന്ന് സംശയിക്കുന്നു. നിജസ്ഥിതി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും എസ്‌പിയെ ഉദ്ദരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോംബ് സ്ക്വാഡുകളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച പൊലീസുകാർ ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി (ബിസി) അംഗങ്ങളാണ്. സുപ്രധാന സംഭവങ്ങളിലും ജയിലുകൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിലും സുരക്ഷ ഒരുക്കുന്നതിനുള്ള പ്രവിശ്യാ പൊലീസ് സേനയുടെ ഒരു വകുപ്പാണ് ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ (100 മൈൽ) കിഴക്കുള്ള സിബ്ബി നഗരത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ചാവേർ മോട്ടോർ ബൈക്ക് ഓടിച്ച് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ ഹായ് ആമിർ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദൂസ് ബിസെഞ്ചോ ആക്രമണത്തെ അപലപിച്ചു.
English Sammury: Nine security officers killed in suicide attack in Pakistan Balochistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.