24 January 2026, Saturday

ഡല്‍ഹി മദ്യനയ അഴിമതി കേസ്: മലയാളി വ്യവസായി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
March 7, 2023 9:36 pm

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ അറസ്റ്റില്‍. മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് അരുണ്‍ രാമചന്ദ്ര പിള്ളയെ ഇഡി കസ്റ്റഡിയിലെടുത്തത്.
ദക്ഷിണേന്ത്യന്‍ മദ്യനിര്‍മ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്ര പിള്ള എന്നാണ് ഇഡിയുടെ ആരോപണം. കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുണ്‍ ആണെന്നും ഇഡി വാദിക്കുന്നു. ഇന്‍ഡോ സ്പിരിറ്റിന്റെ മാനേജിങ് ഡയറക്ടറാണ് സമീര്‍ മഹേന്ദ്രു. 

കേസിലെ പതിനാലാം പ്രതിയായ അരുണ്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്. ഈ കേസിന്റെ തുടക്കത്തില്‍ തന്നെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായര്‍ അറസ്റ്റിലായിരുന്നു. പ്രമുഖ കമ്പനികളുടെ ഇടപെടലായ കാര്‍ട്ടലൈസേഷനിലൂടെ ഇന്‍ഡോ സ്പിരിറ്റ് 68 കോടി രൂപയാണ് ലാഭം നേടിയത്. ഇതില്‍ 29 കോടി രൂപ അരുണ്‍ രാമചന്ദ്ര പിള്ളയുടെ ബാങ്ക് അക്കൗണ്ടിലേക്കും ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളിലേക്കും മാറ്റി. ഇതിന് പുറമേ ഇന്‍ഡോ സ്പിരിറ്റില്‍ അരുണ്‍ രാമചന്ദ്ര പിള്ളയ്ക്ക് 32.5 ശതമാനം ഓഹരി പങ്കാളിത്തം നല്‍കിയതായും ഇഡി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് അരുണിന്റെ ഹൈദരാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകളുടെ അടിസ്ഥാനത്തില്‍ അരുണിന്റെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള 2.25 കോടിയുടെ ആസ്തിയാണ് ഇത്തരത്തില്‍ ഇഡി കണ്ടുകെട്ടിയത്.

അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇന്നലെ ഇഡി ചോദ്യം ചെയ്തു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. സിസോദിയയെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഈ മാസം 20 വരെ സിസോദിയയെ ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Eng­lish Sum­ma­ry: Del­hi Liquor Pol­i­cy Scam Case: Malay­ali Busi­ness­man Arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.