10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 8, 2025
March 8, 2025
July 8, 2024
March 10, 2024
March 8, 2024
March 7, 2024
March 9, 2023
March 8, 2023
March 8, 2023

പ്രണയകുടീരം ബെറ്റിക്ക് ഈ മ്യൂസിയം

ഡാലിയ ജേക്കബ്
March 8, 2023 10:09 am

ഭര്‍ത്താവിന്റെ ചിരസ്മരണ നിറയുന്ന പ്രണയകുടീരമാണ് ബെറ്റിക്ക് ആലപ്പുഴയിലൊരുക്കിയ ചരിത്ര മ്യൂസിയം. മുംതാസിന് ഷാജഹാന്‍ താജ്മഹല്‍ ഒരുക്കിയതു പോലെ പ്രമുഖ കയര്‍ വ്യവസായി ആയിരുന്ന ഭര്‍ത്താവ് രവി കരുണാകരന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച വേദന മറക്കാന്‍ ഭാര്യ ബെറ്റി കരണ്‍ 2006ല്‍ പൂര്‍ത്തിയാക്കിയ സ്വകാര്യ മ്യൂസിയം ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമാണ്. 48,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. കരണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍പേഴ്സണ്‍ കൂടിയായ ബെറ്റി ഒരുക്കിയ ഈ മ്യൂസിയത്തില്‍ കോടികള്‍ വിലമതിക്കുന്ന അപൂര്‍വശേഖരങ്ങളുണ്ട്.

1948ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ‘ബ്യൂക്ക് സൂപ്പർ’ കാർ, 24 കാരറ്റ് സ്വർണം ആലേഖനം ചെയ്ത ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ടു പഴക്കമ‍ുള്ള മെയ്സൻ ശില്പങ്ങൾ, സ്വറോസ്കി ക്രിസ്റ്റൽ ശില്പങ്ങളുടെ പ്രത്യേക പതിപ്പുകൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, ആനക്കൊമ്പിൽ തീർത്ത ദശാവതാരം എന്നിങ്ങനെ പട്ടിക നീളുന്നു. ഒപ്പം 200 ചതുരശ്രയടി വിസ്തീർണത്തിൽ ചുവർചിത്രമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമുണ്ട്. 18-ാം വയസിൽ രവി കരുണാകരന്റെ ഭാര്യയായതു മുതൽ ബെറ്റിക്ക് വിദേശസഞ്ചാരം പതിവായി. എവിടെയായാലും ആദ്യം സന്ദർശിക്കുക മ്യൂസിയങ്ങളാണ്. 138 രാജ്യങ്ങൾ സന്ദർശിച്ചു. ഓരോ യാത്രയിലും തിരികെയെത്തുന്നത് വിശിഷ്ടവസ്തുക്കളുമായാണ്. തൊട്ടാൽ പൊടിയുന്ന പോഴ്സലൈൻ ശില്പങ്ങളടക്കം അതീവ ശ്രദ്ധയോടെയാണ് എത്തിച്ചത്. 2003ലായിരുന്നു രവിയുടെ വിയോഗം. മ്യൂസിയം ഒരുക്കാൻ മകൾ ലുല്ലുവും കൂടെനിന്നു. തിങ്കളാഴ്ച ഒഴികെ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. 

യൂറോപ്യൻ കമ്പനികളുടെ കുത്തകയായിരുന്ന കയർ ഉല്പന്ന കയറ്റുമതിയിൽ ആദ്യം കൈവച്ച ഇന്ത്യക്കാരനാണ് രവിയുടെ മുത്തച്ഛൻ കൃഷ്ണൻ മുതലാളി. അദ്ദേഹം ശേഖരിച്ച ആനക്കൊമ്പ് ശില്പങ്ങളും തഞ്ചാവൂർ പെയിന്റിങ്ങുകളും ഇവിടെയുണ്ട്. കൃഷ്ണൻ മുതലാളിയുടെ മകനും രവി കരുണാകരന്റെ പിതാവുമായ കെ സി കരുണാകരൻ യുകെയിലെ ബെർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം വിവാഹം കഴിച്ചത് ജർമ്മൻ സ്വദേശി മാർഗരറ്റിനെ. മാർഗരറ്റ് കേരളത്തിലേക്ക് വന്നത് വിലമതിക്കാനാവാത്ത ആഭരണങ്ങളും പുരാവസ്തുക്കളും വിവിധ കലാശില്പങ്ങളുമായാണ്. മാർഗരറ്റിന്റെ മരണത്തോടെ കരുണാകരൻ വിവാഹം ചെയ്ത ഡച്ച് സ്വദേശി കെരീന ഹാക്ക്ഫ്രൂട്ടിന്റെ ശേഖരങ്ങളും ഇവിടെയുണ്ട്. ബെറ്റി കരൺ വിവാഹം കഴിഞ്ഞെത്തിയത് മുൻവാതിൽ ഇല്ലാത്ത ആലപ്പുഴയിലെ വീട്ടിലേക്കാണ്. വിശാലവും തുറസായതുമായ ഹാളാണ് മുൻവശം. ഇപ്പോഴും അവിടെ വാതിൽ ഘടിപ്പിച്ചിട്ടില്ല. വിദേശ അതിഥികൾക്കായി വീടിനുള്ളിൽ ഒരുക്കിയിരുന്ന ബാർ കൗണ്ടറുൾപ്പെടെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

Eng­lish Summary;This muse­um is ded­i­cat­ed to the tem­ple of love

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.