26 April 2024, Friday

സാരികളിൽ വിരിയുന്ന വസന്തകാലം; ആ രഹസ്യം മാനസി പറയുന്നു

അജന്യ വി പി
കോഴിക്കോട്
March 8, 2023 12:40 pm

ആരെയും ആകർഷിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സാരികൾ, കാണുമ്പോൾ തന്നെ ഒന്നുവാങ്ങിയാലോ എന്ന് ആലോചിക്കാത്തവർ ഉണ്ടാകില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയകളിൽ സജീവമാണ് മാനസി ബുട്ടീക്. എഴുത്തിൽ തുടങ്ങി, ബിസിനസുകാരിയായി മാറിയതാണ് മാനസി. നാല് വർഷം മുമ്പ് മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കവിതകളെഴുതിയ എഴുത്തുകാരിയായിരുന്നു മാനസി. എന്നാലിന്ന് മാനസി അറിയപ്പെടുന്നത് വിജയം കൈവരിച്ച ബിസിനസുകാരിയായിട്ടാണ്. ഓൺലൈൻ വസ്ത്രവ്യാപാരത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച മാനസിയുടെ വിജയഗാഥയുടെ പിന്നിൽ കയ്പും മധുരവും ഏറെയുണ്ട്.
കോവിഡ് കാലത്ത് നിലനിൽപ്പിന്റെ ഭാഗമായി മാനസി ആരംഭിച്ച ഓൺലെെൻ ബുട്ടീക് ഇന്ന് ഒരുപാട് സ്ത്രീകളുടെ വസ്ത്ര സാംസ്കാരത്തിൻെറ ഭാഗമായിക്കഴിഞ്ഞു. വ്യത്യസ്തവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങളാണ് പ്രത്യേകത. 

ടീം വർക്കാണെന്ന് തോന്നുമെങ്കിലും മാനസിയെന്ന നുസ്രത്ത് മാത്രമാണ് സംരഭത്തിന് പിന്നിൽ. കോവിഡാനന്തരം ജോലി നഷ്ട്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്താണ് ഓൺലൈൻ ബിസിനസ്സിന്റെ സാധ്യതകളെ കുറിച്ച് മാനസി ആലോചിച്ചത്. ഫ്രീലാൻസായി എഴുത്ത് ജോലികൾ ചെയ്യുന്നതിന്റെ കൂടെ ഒരു ചെറിയ വരുമാനവും എന്ന ലക്ഷ്യത്തിലാണ് ഓൺലൈൻ ബുട്ടീക് തുടങ്ങിയതെങ്കിലും പിന്നീട് വിപ്ലവകരമായ മാറ്റമാണ് ഓൺലെെൻ വസ്ത്രവ്യാപാരം മാനസിയുടെ ജീവിതത്തിലുണ്ടാക്കിയത്. പ്രതീക്ഷിച്ചതിലും അധികം വിൽപ്പന ഉണ്ടായതോടെ ഇതാണ് തന്റെ വഴിയെന്ന് മാനസി തിരിച്ചറിഞ്ഞു. തുടക്കം മുതൽ തന്നെ ഒരു ബ്രാന്റായി തന്നെ വികസിപ്പിക്കാൻ ശ്രമിച്ചതുകൊണ്ട് മുന്നോട്ടുള്ള യാത്രയിൽ ഉപകാരപ്രദമായെന്ന് മാനസി വ്യക്തമാക്കുന്നു. ഫെയ്സ് ബുക്ക് സൗഹൃദങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ കാലഘട്ടം കൂടിയായിരുന്നു അതെന്നും ഇവർ പറയുന്നു. പരസ്യക്കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്ത പരിചയം മാത്രമായിരുന്നു മാനസിയുടെ ധൈര്യം. 

തുടക്കത്തിൽ വെസ്റ്റേൺ ടോപ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടെ കുറച്ച് സാരികളും വെച്ചു. വിൽപ്പനയുടെ തുടക്കം ഫെയ്സ് ബുക്ക് പ്ലാറ്റ്ഫോമിൽ ആയതുകൊണ്ട് സാരികൾക്കായിരുന്നു കൂടുതൽ ഡിമാന്റ്. പിന്നീടങ്ങോട്ട് സാരികളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദുപ്പട്ടയും സാൽവാർ സ്യൂട്ടുകളും ഇപ്പോൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ബിസിനസുകാരിയായി അറിയപ്പെടുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്ന് ഇവർ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എഴുത്തുകാരി ആകണമെന്ന് തന്നെയായിരുന്നു. ജീവിതത്തിലെ അത്യാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണത്തിന് വേണ്ടി മാത്രമാണ് ഓൺലൈൻ ബിസിനസ് തുടങ്ങിയത്. എന്നാൽ അത് പിന്നീട് ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നുവെന്നു ഇവർ വ്യക്തമാക്കുന്നു. 

നുസ്രത്ത് മാനസി എന്ന പേരിലറിയപ്പെടാൻ തുടങ്ങിയ കഥയും വ്യത്യസ്തമാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രിയപ്പെട്ടൊരാൾമാധവിക്കുട്ടിയുടെ ‘മാനസി’ എന്ന പുസ്തകം സമ്മാനിച്ചു. അന്ന് കവിതകളൊക്കെ എഴുതി തുടങ്ങുന്ന സമയമാണ്. സ്വന്തം പേരിലെഴുതുന്നതിനേക്കാൾ നല്ലത് മറ്റൊരു പേരായിരിക്കുമെന്ന ചിന്തയാണ് മാനസിയിലേക്കെത്തിച്ചത്. എഴുത്തും നിലപാടുകളും കുടുംബത്തിലൊക്കെ പ്രശ്നമായി വന്ന സമയത്ത് മാനസി എന്ന പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ നാളുകളിൽ നിന്ന് ആ പേരിനെ ഒരു ബ്രാന്റായി ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇന്ന് ഇവർ.
വളരെ പ്രയാസം നേരിട്ടൊരു കുട്ടിക്കാലമായിരുന്നു ഇവരുടേത്. പഠനകാലത്തൊക്കെ ഒരുപാട് പ്രയാസപ്പെട്ടു. സൗഹൃദങ്ങളിലൂടെയാണ് ജീവിതം ഉയർച്ചകൾ താണ്ടിയത്. ഉയർച്ചകളിലും താഴ്ചകളിലും സന്തോഷങ്ങളും സങ്കടങ്ങളിലുമെല്ലാം സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. ബുട്ടിക് തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഫണ്ട് മുതൽ ലോഗോ, ഫോട്ടോഗ്രാഫി, മോഡലിംഗ്, മാർക്കറ്റിംഗ് എന്നിവയെല്ലാം ഏറ്റെടുത്തത് സുഹൃത്തുക്കൾ തന്നെയായിരുന്നു. എഴുത്തുകാരിയായ സംരംഭക എന്നറിയപ്പെടാനാണ് ഇന്ന് മാനസിക്കിഷ്ടം. അതിനാൽ വായനയേയും, എഴുത്തിനേയും കുറച്ച് കൂടി ഗൗരവത്തോടെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ. നമുക്ക് ബഹുമാനം നൽകാത്ത ഒരിടത്തും അള്ളിപ്പിടിച്ചിരിക്കരുതെന്നും അവനവന്റെ സന്തോഷങ്ങളെ ബലിയർപ്പിച്ച് കൊണ്ട് മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെക്കരുതെന്നും മാനസി ഓർമ്മപ്പെടുത്തുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ മാനസി ഇപ്പോള്‍ കോഴിക്കോട് തൊണ്ടയാടാണ് താമസം.

Eng­lish Summary;Spring blooms in sarees; Man­asi tells that secret

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.