24 January 2026, Saturday

പൊതുവിദ്യാഭ്യാസ മേഖലയില്‍ 740 കോടി

Janayugom Webdesk
തിരുവനന്തപുരം
March 9, 2023 11:49 pm

പൊതുവിദ്യാഭ്യാസ വകുപ്പ് — സമഗ്ര ശിക്ഷ കേരളയുടെ 2023–24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്കൂൾ എജ്യൂക്കേഷൻ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ (സെ‍ഡസ്ക്) എട്ടാമത് ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകി. യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയിൽ 535.07 കോടി, സെക്കന്‍ഡറി വിഭാഗത്തിൽ 181.44 കോടി, ടീച്ചർ എജ്യൂക്കേഷന് 23.80 കോടിയും അടങ്ങുന്നതാണ് ഗവേണിങ് കൗൺസിൽ അംഗീകരിച്ച 740.52 കോടി രൂപയുടെ വാർഷിക പദ്ധതി ബജറ്റ്. ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉൾപ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനായി 144.93 കോടി രൂപയുടെ വാർഷിക പദ്ധതികളാണ് സമഗ്ര ശിക്ഷ കേരളം തയ്യാറാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് 21.46 കോടിയുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്കായി 116.75 കോടിയുടെ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളിലെ അക്കാദമികവും അക്കാദമികേതരവുമായ സവിശേഷ പ്രവർത്തനങ്ങൾക്ക് 133 കോടിയുടെ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. വിദ്യാലയങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 22.46 കോടിയുടെയും, അധ്യാപകരുടെ പരിശീലനത്തിന് 23.80 കോടി രൂപയുടെയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് , എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, ഡോ. സുനിൽ വി ടി തുടങ്ങിയവർ അവതരണങ്ങൾ നടത്തി. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം, ധനകാര്യ വകുപ്പിലെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പിലെ പ്രതിനിധികൾ, മാതൃശിശു വകുപ്പിലെ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾ തുടങ്ങിയ ഗവേണിങ് കൗൺസിൽ അംഗങ്ങൾ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളയിലെ അഡീഷണല്‍ ഡയറക്ടർമാരും ഉന്നത ഉദ്യാഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Pub­lic Edu­ca­tion Sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.