23 January 2026, Friday

നിയമസഭ പാസാക്കിയ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തിരിച്ചയച്ചു

ഗവര്‍ണര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിഎംകെ മുഖപത്രം
web desk
ചെന്നൈ
March 10, 2023 7:34 pm

ഓൺലൈൻ ചൂതാട്ട ബില്ലുമായി ബന്ധപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ നിലപാടിനെ വിമർശിച്ച് ഡിഎംകെ മുഖപത്രമായ ‘മുരസൊലി‘യില്‍ എഡിറ്റോറിയൽ. ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള ബിൽ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ഇതിനെതിരെയാണ് ഡിഎംകെയുടെ വിമര്‍ശനം. ഗവർണർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന ചോദ്യമാണ് ‘ഇനി എത്ര ജീവനുകൾ നഷ്ടപ്പെടണം?’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയല്‍ ഉന്നയിക്കുന്നത്.

പ്രകാരം, ഓൺലൈൻ ചൂതാട്ടം മൂലം സംസ്ഥാനത്ത് 44 പേരാണ് ഇതിനകം ആത്മഹത്യ ചെയ്തിരിക്കുന്നത്. നാല് മാസം മുമ്പാണ് ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന നിയമം നിയമസഭ പാസാക്കിയത്. ഇപ്പോഴാണ് ഈ നിയമം പാസാക്കാൻ തമിഴ്‌നാട് നിയമസഭയ്ക്ക് യോഗ്യതയില്ലെന്ന് ഗവർണർ ആർ എൻ രവി പറയുന്നത്. നവജാത ശിശു പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്നറിയാൻ ഗവർണർക്ക് നാല് മാസം വേണമെന്നാണോ എന്ന് എഡിറ്റോറിയൽ ചോദിക്കുന്നു.

പണത്തിനോട് അത്യാഗ്രഹം വളർത്തുന്ന, ആളുകളെ വഞ്ചിക്കുന്ന, അവരുടെ പണം കൊള്ളയടിക്കുന്ന, ആത്മഹത്യയിൽ കലാശിക്കുന്ന, കുടുംബങ്ങളെ നശിപ്പിക്കുന്ന ഒരു കളിക്ക് സംസ്ഥാന സർക്കാർ നിശബ്ദ കാഴ്ചക്കാരനായി തുടരണോ? ക്രമസമാധാനപാലനം നിലനിര്‍ത്തുക, ജനങ്ങളെ സംരക്ഷിക്കുക, വഞ്ചകരെ പിടികൂടുക എന്നിവ സംസ്ഥാന സർക്കാരിന്റെ കടമയല്ലേ? സര്‍ക്കാര്‍ ഈ ജോലി ചെയ്യരുതെന്നാണ് ഗവർണർ പറയുന്നത്. ഇതിലും കൂടുതൽ നിയമവിരുദ്ധമായി മറ്റെന്തുണ്ടെന്ന് എഡിറ്റോറിയല്‍ ചോദിക്കുന്നു.

നിരവധി ഗെയിമിങ് കമ്പനികളുടെ പ്രതിനിധികൾ ഗവർണറെ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് നിഷേധിച്ചിട്ടില്ല. ബിൽ വീണ്ടും നിയമസഭയിലേക്ക് തിരിച്ചയച്ച ഗവർണറുടെ നീക്കത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയണമെന്നും ഡിഎംകെ മുഖപത്രം ആവശ്യപ്പെടുന്നു.

അതിനിടെ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ട ചെന്നൈ പെരുങ്കുടി, അണ്ണാനഗർ സ്വദേശികളായ രണ്ട് പേർ ആത്മഹത്യ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള കമ്പനിക്ക് സിബിസിഐഡി നോട്ടീസ് അയച്ചു. സിബിസിഐഡി നൽകിയ നോട്ടീസിന് ഇടക്കാല സ്റ്റേ നൽകാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.

 

Eng­lish Sam­mury: tamil­nad gov­er­nor has sent back the law ban­ning online gam­bling, Crit­i­cism in DMK dai­ly Mursoli

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.