24 January 2026, Saturday

Related news

January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025

സുപ്രീം കോടതി: അഡാനിക്കെതിരെ അന്വേഷിക്കാന്‍ കളങ്കിതര്‍

Janayugom Webdesk
March 11, 2023 5:33 am

ഹിന്‍ഡന്‍ബര്‍ഗ്-അഡാനി കേസിലെ സുപ്രീം കോടതി സമിതിയുടെ അന്വേഷണം സ്വതന്ത്രമാകില്ലെന്നും സമിതിയില്‍ കളങ്കിതര്‍ ഉള്‍പ്പെട്ടുവെന്നും റിപ്പോര്‍ട്ട്. നിയമപരമായ പ്രശ്നങ്ങള്‍ പഠിക്കാൻ പരമോന്നത കോടതി നിയോഗിച്ച വിദഗ്ധ സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനും മുൻകാലങ്ങളിൽ വ്യവസായങ്ങളില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുള്ള ആളുകളുമുണ്ടെന്ന് അഡാനി വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന ഒന്നും തന്നെ കോടതി വിധിയിലില്ലെന്നും ഗൗതം അഡാനിയുമായുള്ള അടുത്ത ബന്ധം മോഡി സർക്കാരിനെതിരായ വിമർശനങ്ങളെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഡാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ എത്തിയത്. മാര്‍ച്ച് രണ്ടിന് ഹര്‍ജികള്‍ പരിഗണിച്ച കോടതി ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എ എം സപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവിട്ടു. എസ്‌ബിഐ മുന്‍ ചെയര്‍മാന്‍ ഒ പി ഭട്ട്, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിയും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസറുമായ ജെ പി ദേവധർ, ബ്രിക്സ് രാജ്യങ്ങളിലെ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ മുൻ മേധാവി കെ വി കാമത്ത്, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനി, കോര്‍പറേറ്റ് അഭിഭാഷകനായ സോമശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. 

1996 മുതല്‍ 2009 വരെ ഐസിഐസിഐ ബാങ്ക് ചെയര്‍മാനായിരുന്നു കെ വി കാമത്ത്. ഐസിഐസിഐ ബാങ്ക് തട്ടിപ്പു കേസിലെ എഫ്ഐആറില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ചന്ദ കൊച്ചാര്‍ ബാങ്കിന്റെ സിഇഒ ആയിരിക്കെ വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതില്‍ ചില വായ്പകള്‍ അനുവദിച്ചത് കാമത്തിന്റെ കാലയളവിലാണെന്ന് ബാങ്ക് തൊഴിലാളികളുടെ യൂണിയന്‍ ആരോപിച്ചിരുന്നു.
വായ്പ എടുത്ത് രാജ്യം വിട്ട വിജയ് മല്യാ കേസില്‍ 2018 മാര്‍ച്ചില്‍ സിബിഐ ചോദ്യം ചെയ്തയാളാണ് ഒ പി ഭട്ട്. വായ്പകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു നടപടി. 

മോഡിയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് നന്ദന്‍ നിലേകനി. 2014ല്‍ മോഡി അധികാരത്തില്‍ എത്തിയതുമുതല്‍ ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ സുപ്രധാനമുഖമാണ് ശതകോടീശ്വരനായ നിലേകനി. 2016ൽ നോട്ടുനിരോധനം നടപ്പിലാക്കിയത് മുതല്‍ ഡിജിറ്റൽ ഇടപാടുകൾക്കായി ബ്ലൂപ്രിന്റ് സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി വ്യക്തിപരമായി ചുമതലപ്പെടുത്തിയ വ്യക്തികൂടിയാണ് നിലേകനി. വിദഗ്ധ സമിതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ മോഡിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വസ്തുനിഷ്ഠതയെ ബാധിക്കുമെന്ന് വിമർശകർ സംശയിക്കുന്നു.

മറ്റൊരംഗം അഡ്വ. സോമശേഖര്‍ സുന്ദരേശനെ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജി ആയി ഉയര്‍ത്താനുള്ള കൊളീജിയം നിര്‍ദേശം രണ്ട് തവണ കേന്ദ്രം തള്ളിയിരുന്നു. അദ്ദേഹത്തെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് കാര്യങ്ങള്‍ സംഭവിക്കാനിടയുണ്ടെന്ന് അഡാനി വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് പരിഗണിച്ചാല്‍ വിദഗ്ധ സമിതിയില്‍ ഒരംഗത്തിന്റെ ഒഴിവുണ്ടാകും, ഇത് സമിതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മറിച്ച് ശുപാര്‍ശ അനിശ്ചിതത്വത്തില്‍ തുടര്‍ന്നാല്‍ രാഷ്ട്രീയപരമായി സര്‍ക്കാരിന് നേട്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry; Supreme Court: Taint­ed to probe against Adani

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.