25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

ത്രിപുര ഇപ്പോള്‍ തീപ്പുരയാണ്

ബിനോയ് വിശ്വം
March 12, 2023 4:30 am

കലികാപൂരിലെ പകുതി കത്തിയമർന്ന വീടിന്റെ മുറ്റത്തുനിന്ന് മധ്യവയസ്കയായ ഒരു പാവപ്പെട്ട സ്ത്രീ നൊന്ത് കരയുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ആ രാത്രിയിൽ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളാണ് വിതുമ്പലുകൾക്കിടയിൽ അവർ എണ്ണിപ്പറഞ്ഞത്. ഇടത് കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി ജയിച്ച മണ്ഡലമാണത് — രാം നഗർ. ബിജെപിയിൽ നിന്ന് ആ സീറ്റ് ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. എന്തുചെയ്തും ത്രിപുരയിലെ ഭരണം നിലനിര്‍ത്താൻ തുനിഞ്ഞിറങ്ങിയ മോഡിയുടേയും അമിത് ഷായുടേയും പാർട്ടിക്ക് രാം നഗറിലെ പരാജയം സഹിക്കാനാവാത്തതായിരുന്നു. അതിന്റെ കാരണക്കാരായ ഇടതുപക്ഷ പ്രവർത്തകരോടും അനുഭാവികളോടും സന്ധിയില്ലാത്ത വൈരാഗ്യത്തോടെ ആ രാത്രി തന്നെ അവർ കണക്കുതീർക്കാൻ പുറപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ സജീവമായി പ്രവർത്തിച്ചവരുടെ വീടുകൾ ആക്രമിക്കാൻ ഒട്ടും വൈകിയില്ല. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയ വിശ്വജിത്ത് ദാസിന്റെ (യഥാർത്ഥ പേര് ഇതല്ല തങ്ങളുടെ പേരുകൾ പുറത്ത് പറയരുതെന്ന് ഒരുപാട് പേർ ഞങ്ങളോട് പറഞ്ഞു. ഭയപ്പാടിന്റെ നടുവിൽ നിന്ന് അവർ ഇപ്പോഴും മോചിതരായിട്ടില്ല.) വീട് കത്തിക്കൊണ്ടിരിക്കെയാണ് ഭാര്യയും മകനും ചേർന്ന് വിശ്വജിത്തിനോട് ദൂരേക്ക് ഓടിപ്പോയിക്കൊള്ളാൻ നിർദേശിച്ചത്. അവിടെ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത ആ ചോരക്കൊതിയന്മാർ അയാളെ കൊല്ലുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതെല്ലാം പറഞ്ഞപ്പോൾ ആ പാവം സ്ത്രീക്ക് ദുഃഖം നിയന്ത്രിക്കാനായില്ല. മുമ്പിൽ സങ്കടത്തോടെ പകച്ചുനിന്ന സ്വന്തം മകനെ അവർ തന്നിലേക്ക് ചേർത്തുപിടിച്ചു. അവനേയും കൊല്ലുമോയെന്ന് അവർ എല്ലാവരോടുമായി ചോദിച്ചു.

ഞങ്ങളുടെ കൂടെ അപ്പോൾ മണിക് സർക്കാർ ഉണ്ടായിരുന്നു. ജനങ്ങൾ സ്നേഹത്തോടെ മണിക് ദാ എന്ന് വിളിക്കുന്ന ത്രിപുരയുടെ മുൻ മുഖ്യമന്ത്രി ആ അമ്മയേയും മകനേയും ആശ്വസിപ്പിച്ചു. കണ്ണീർ തോർന്നിട്ടേ ഞങ്ങൾ പോകൂ എന്ന് അദ്ദേഹം പറഞ്ഞു. നൈറ്റിക്ക് മീതെ കിടന്ന തോർത്തുകൊണ്ട് ആ അമ്മ തന്റേയും മകന്റേയും കണ്ണീരൊപ്പി. മണിക്ദാ അവനോട് പേരും ക്ലാസും ചോദിച്ചു. അവൻ നേർത്ത പുഞ്ചിരിയോടെ ഉത്തരം പറഞ്ഞു. മടങ്ങുമ്പോൾ മണിക്ദാ അവനോട് ചോദിച്ചു. ‘വലുതാകുമ്പോൾ നിനക്ക് ആരാകണം?’ വിടർന്ന പുഞ്ചിരിയോടെ ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു, ‘കോമ്രേഡ്’! കനത്ത കഷ്ട നഷ്ടങ്ങൾക്കിടയിലും ത്രിപുര പുലർത്താൻ ശ്രമിക്കുന്ന ആത്മവിശ്വാസത്തിന്റെ മുഴക്കമാണ് അതെന്ന് എനിക്ക് തോന്നി. ത്രിപുരയിൽ ആര്‍എസ്എസ്-ബിജെപി അഴിച്ചുവിട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എംപിമാരുടെ ഒരു വസ്തുതാന്വേഷണ സംഘം അങ്ങോട്ട് പോകണമെന്ന് ഇടതുമുന്നണിയും കോൺഗ്രസും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. അതുപ്രകാരമാണ് മാർച്ച് 10ന് ഞങ്ങൾ അവിടെ എത്തിയത്. സിപിഐ(എം) നേതാക്കളായ എളമരം കരീം, പി ആർ നടരാജൻ, എ എ റഹീം എന്നിവരും കോൺഗ്രസ് നേതാക്കളായ രഞ്ജിത് രഞ്ജൻ, അബ്ദുൾ ഖാലിക് എന്നിവർക്ക് പുറമെ സിപിഐയിൽ നിന്ന് ഞാനും ആ സംഘത്തിലുണ്ടായിരുന്നു. എത്തിച്ചേരേണ്ട സ്ഥലങ്ങൾ നിരവധി ആയതിനാൽ ഞങ്ങൾ മൂന്ന് സംഘങ്ങളായാണ് ത്രിപുരയിലെ പാർട്ടി നേതാക്കളോടൊപ്പം സങ്കടകരമായ ആ കാഴ്ചകൾ കാണാൻ പുറപ്പെട്ടത്. ഞങ്ങളുടെ സംഘത്തിൽ സിപിഐ, സിപിഎം, കോൺഗ്രസ് നേതാക്കളോടൊപ്പം മണിക് സർക്കാരും പങ്കുചേർന്നു.


ഇതുകൂടി വായിക്കൂ:  അധികാരത്തണലില്‍ വിദ്വേഷ പ്രസംഗകരുടെ വിളയാട്ടം


നേരം ഇരുട്ടുവോളം ഞങ്ങൾ ചെന്നേടത്തെല്ലാം കേട്ടത് അമർഷമുളവാക്കുന്ന ആക്രമണത്തിന്റെ വിവരങ്ങളായിരുന്നു. കണ്ടത് കത്തിച്ചാമ്പലായ ചെറുതും ഇടത്തരവുമായ വീടുകൾ, ആക്രമിക്കപ്പെട്ട കടകൾ, തകർക്കപ്പെട്ട ഓട്ടോറിക്ഷകൾ, തീയിട്ട് നശിപ്പിക്കപ്പെട്ട റബ്ബർത്തോട്ടങ്ങൾ, മത്സ്യങ്ങൾ ചത്തു പൊങ്ങിയ കുളങ്ങൾ എന്നിവയായിരുന്നു. ഭീഷണികൾക്ക് വഴങ്ങാതെ ഇടത് കോൺഗ്രസ് സഖ്യത്തെ ജയിപ്പിക്കാൻ ധീരമായി രംഗത്തിറങ്ങിയ പ്രവർത്തകരെ എല്ലാത്തരത്തിലും മുട്ടുകുത്തിക്കുക. അവരുടെ കുടുംബങ്ങളെ തീരാത്ത നടുക്കത്തിൽ മുക്കിത്താഴ്ത്തുക. ആ പാവങ്ങളുടെ ജീവനോപാധികൾ നശിപ്പിക്കുക എന്നിവയായിരുന്നു ആക്രമിക്കാൻ വന്നവരുടെ ലക്ഷ്യം . പെട്രോൾ ബോംബുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തകരംകൊണ്ട് മുറികൾ തിരിച്ച കൊച്ചുവീടുകൾ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് ആക്രമിക്കപ്പട്ട ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മാഞ്ഞുപോകുന്നില്ല. ഇത്തരം സംഭവങ്ങൾ പറഞ്ഞാൽ തീരില്ല. ഭ്രാന്തെടുത്ത ഒരു രാഷ്ട്രീയനയം അവർക്ക് വീണ്ടും കൈവന്ന അധികാരത്തിന്റെ ബലത്തിൽ എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് അറിയണമെങ്കിൽ നിങ്ങൾ ത്രിപുരയിലേക്ക് വന്നാൽ മതി. കേന്ദ്രത്തിലെ തമ്പുരാക്കന്മാരുടെ ഒത്താശയോട് കൂടി ജനാധിപത്യം എന്ന വാക്കിന്റെ അർത്ഥം പോലുമറിയാത്ത ഒരു വലിയ ഗുണ്ടാപ്പട ഈ ദിനങ്ങളിൽ രാവും പകലും അഴിഞ്ഞാടുകയായിരുന്നു. ആ അഴിഞ്ഞാട്ടത്തിൽ മൂന്ന് വിലപ്പെട്ട ജീവിതങ്ങൾ നഷ്ടപ്പെട്ടു. ആയിരത്തിൽപ്പരം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വസ്തുതാന്വേഷണത്തിനെത്തിയ എംപിമാരുടെ സംഘത്തെപ്പോലും അവർ വെറുതെ വിട്ടില്ല. സഖാവ് എളമരം കരീമും സംഘവും സഞ്ചരിച്ച വാഹനം അവർ തല്ലിത്തകർത്തു.

എഐസിസി ജനറൽ സെക്രട്ടറി ഡോ. അജയ് കുമാറും ആ സംഘത്തിലുണ്ടായിരുന്നു. ആ വാഹനവും തകർക്കപ്പെട്ടു. ഏറ്റവും വിചിത്രമായി തോന്നിയത്, ത്രിപുരയിലെ പൊലീസ് മേധാവികൾ ഈ വരവിനെപ്പറ്റി അറിഞ്ഞില്ലെന്ന് നടത്തിയ പ്രസ്താവനയാണ്. രണ്ട് ദിവസം മുമ്പെ എളമരം കരീമും ഞാനും ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി ഈ സന്ദർശനം അറിയിച്ചതാണ്. അത് പ്രകാരം ഞങ്ങളുടെ വാഹനങ്ങൾക്ക് പൊലീസ് എസ്കോർട്ടും അവർ അനുവദിച്ചിരുന്നു. ആ പൊലീസുകാർ നോക്കി നിൽക്കെ നടന്ന ആക്രമണത്തിന്റെ ജാള്യത മറയ്ക്കാനായിരിക്കും അവർ ഇപ്പോൾ കൈ കഴുകുന്നത്. നുണകളുടെ നിർമ്മിതി ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറയുടെ ഭാഗമാണല്ലോ. ആര്‍എസ്എസ്-ബിജെപി അഴിച്ചുവിട്ട ആക്രമണങ്ങളുടെ ഫലമായി ആയിരങ്ങൾ ഇപ്പോഴും കഴിയുന്നത് സ്വന്തം വീട്ടിൽ നിന്നകന്നാണ്. എത്ര ചെറിയ വീടായാലും മനുഷ്യർക്കെല്ലാം സ്വന്തം വീട് അവരുടെ കോട്ടയാണ്. ആരേയും ഭയപ്പെടാതെ കിടന്നുറങ്ങാൻ അവർക്കുള്ള ഏക സ്ഥലം. ത്രിപുരയിൽ ഇപ്പോൾ ആ അവകാശം ഒരു പഴങ്കഥയാണ്. 2018ൽ ബിജെപി ഭരണം പിടിച്ചതോടെ ആരംഭിച്ച ദുഃസ്ഥിതിയാണത്. ബിജെപി രാഷ്ട്രീയത്തോട് യോജിക്കാത്തവർക്ക് സ്വന്തം വീട്ടിൽപോലും കിടന്നുറങ്ങാനാവില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും ഭരണഘടന നൽകുന്ന ഉറപ്പിന് ബിജെപി ഭരണത്തിൽ പുല്ല് വില പോലുമില്ല. ക്രമസമാധാനം എന്ന വാക്ക് അവിടങ്ങളിൽ ജലരേഖയാണ്. ത്രിപുര ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ഞങ്ങൾ പാർലമെന്ററി സംഘം ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. എല്ലാവർക്കും പ്രതീക്ഷിക്കാവുന്ന നിസഹായമായ നിസംഗതയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.


ഇതുകൂടി വായിക്കൂ:ത്രിപുരയിലെ ജനാധിപത്യ വിരുദ്ധ അതിക്രമങ്ങള്‍


2018ൽ ബിജെപി ആദ്യമായി ഭരണം പിടിച്ചപ്പോൾ തുടങ്ങിയ അരക്ഷിതാവസ്ഥയിലാണ് ത്രിപുര. എല്ലാ തന്ത്രങ്ങളും പയറ്റി ഇപ്പോൾ രണ്ടാം തവണയും അവർ ഭരണം കൈക്കലാക്കിയിരിക്കുന്നു. അവരുടെ വോട്ടുകൾ പത്ത് ശതമാനം കുറഞ്ഞു, പതിനൊന്ന് സീറ്റുകൾ നഷ്ടപ്പെട്ടു. അതിന്റെ വെെരാഗ്യം മുഴുവൻ വർധിത വീര്യത്തോടെ പാവങ്ങളെ ആക്രമിച്ചുകൊണ്ട് തീർക്കാനാണ് ബിജെപിയുടെ പുറപ്പാട്. ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ രാഷ്ട്രീയം. ഞങ്ങൾ കണ്ട ഒരുപാട് സ്ത്രീ പുരുഷന്മാർ തങ്ങളുടെ ദയനീയ കഥകൾ പറഞ്ഞപ്പോഴും അവരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചു. ഉറച്ച രാഷ്ട്രീയ ബോധത്തോടെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ച് നിന്നാലേ ഈ സാഹചര്യം മറികടക്കാൻ കഴിയൂ. ബിജെപി ആക്രമണങ്ങളുടെ ഫലമായി രണ്ടാം ദിവസത്തെ സന്ദർശന പരിപാടി ഞങ്ങൾക്ക് മാറ്റിവയ്ക്കേണ്ടി വന്നു. അതുകൊണ്ട് സിപിഐ സ്ഥാനാർത്ഥി മത്സരിച്ച സന്ദർ ബസാർ സന്ദർശിക്കാൻ കഴിഞ്ഞില്ല. അവിടെ മത്സരിച്ച സിപിഐയുടെ യുവ നേതാവ് സത്യജിത്ത് റിയാൻ എന്നോട് ഫോണിൽ പറഞ്ഞതും ആക്രമണത്തിന്റെ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ റബ്ബർത്തോട്ടം കത്തിച്ചുകൊണ്ടാണ് ജീവിതമാർഗം മുടക്കാൻ അവർ വഴി തേടിയത്. ഇതു കൊണ്ടൊന്നും തങ്ങൾ തളരില്ല എന്നാണ് ത്രിപുരയിലെ സിപിഐ, സിപിഐ(എം), കോൺഗ്രസ് പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞത്. എല്ലാത്തരം ഫാസിസ്റ്റ് നെറികേടുകളും ശീലമാക്കിയ ഒരു ഭരണകൂടത്തോടാണ് ത്രിപുരയിലെ ജനങ്ങൾ പോരാടുന്നത്. ഈ സമരത്തിൽ അവർ തോറ്റുകൂടാ. ഇന്ത്യയുടെ ജനാധിപത്യബോധം അവർക്കൊപ്പം നെഞ്ച് നിവർത്തി നിലകൊള്ളേണ്ട നിമിഷമാണിത്.

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.