19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
February 15, 2024
February 12, 2024
September 30, 2023
March 12, 2023
February 1, 2023
November 24, 2022
October 15, 2022
September 20, 2022
August 17, 2022

ഉത്തരേന്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ മഹാറാലി: ഞങ്ങള്‍ ഹിന്ദുക്കളല്ല

Janayugom Webdesk
റാഞ്ചി
March 12, 2023 11:36 pm

തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിച്ചും സര്‍ന മതം അംഗീകരിക്കണമെന്നാവശ്യപ്പെട്ടും ഝാര്‍ഖണ്ഡില്‍ ഉത്തരേന്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ മഹാറാലി. റാഞ്ചിയില്‍ നടന്ന റാലിയില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്ര വിഭാഗങ്ങള്‍ പങ്കാളികളായി. അടുത്ത സെൻസസിൽ പ്രത്യേക മതമായി ‘സർന’ യെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്തവെല്ലുവിളിയായിരിക്കും ഗോത്രവര്‍ഗക്കാരുടെ പ്രതിഷേധം.
സര്‍ന ധര്‍മ്മ കോഡ് നടപ്പിലാക്കിയില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രീ പുരുഷന്മാരുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ റാലിക്കെത്തിയത്. രാഷ്ട്രീയ ആദിവാസി സമാജ് സര്‍ന ധര്‍മ്മ രക്ഷാ അഭിയാ (ആര്‍എഎസ്എസ്ഡിആര്‍എ)ന്റെ നേതൃത്വത്തിലായിരുന്നു റാലി. ഝാര്‍ഖണ്ഡില്‍ നിന്നു മാത്രം 17 ഗോത്ര സംഘടനകള്‍ പങ്കെടുത്തു. ഗോത്ര പ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായതിനാലാണ് റാലിക്കായി ഝാര്‍ഖണ്ഡ് തെരഞ്ഞെടുത്തതെന്ന് ആര്‍എഎസ്എസ്ഡിആര്‍എ നേതാവ് ബന്ധന്‍ ടിഗ്ഗ പറഞ്ഞു.
ഗോത്രവർഗക്കാർക്ക് ‘സർന’ കോഡ് വേണമെന്ന പ്രമേയം 2020 നവംബർ 11ല്‍ ഝാർഖണ്ഡ് നിയമസഭ പാസാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് പശ്ചിമ ബംഗാളിലും സമാനമായ പ്രമേയം പാസാക്കിയിരുന്നതായും ഇത് കേന്ദ്ര അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നും ടിഗ്ഗ പറഞ്ഞു. ഒഡിഷയും ഛത്തീസ്ഗഢും സമാനമായ നിർദേശങ്ങൾ കേന്ദ്രത്തിനയ്ക്കാനുള്ള നടപടികളിലാണ്. 

കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലും സമാന പ്രകടനം നടത്തിയിരുന്നു. അസം, ഝാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് അന്നും പ്രകടനത്തില്‍ പങ്കെടുത്തത്. ‘സര്‍ന ധർമ കോഡിന്’ സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനായി സമരം ശക്തമാക്കുമെന്ന് അന്ന് സമരക്കാർ പ്രതിജ്ഞയെടുക്കുകയും ജന്തർമന്തറിൽ കൂട്ട പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. 1855 ജൂൺ 30ന് ബ്രിട്ടീഷുകാർക്കെതിരായ സാന്താള്‍ കലാപം ആരംഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രകടനം.
1998 മുതൽ 2004 വരെ തുടർച്ചയായി രണ്ട് തവണ ഒഡിഷയിലെ മയൂർഭഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായിരുന്ന സൽഖാൻ മുര്‍മുവാണ് അന്ന് നേതൃത്വം നല്‍കിയതില്‍ പ്രമുഖന്‍. അതുകൊണ്ടുതന്നെ ഗോത്രവര്‍ഗ രാഷ്ട്രീയം ബിജപിക്ക് തിരിച്ചടിയാകും. ഇത് തണുപ്പിക്കാനാണ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയതെങ്കിലും ഗോത്രവിഭാഗം അശാന്തരാണ് എന്നാണ് മഹാറാലി തെളിയിക്കുന്നത്.
ഞങ്ങൾ ആദിവാസികൾ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. മറ്റു മതത്തിൽ നിന്നും വ്യത്യസ്തമായി തനതുജീവിതരീതിയും മതാചാരങ്ങളും സംസ്‌കാരവും മതചിന്തകളും ഞങ്ങള്‍ക്കുണ്ട്. വിഗ്രഹങ്ങളെയല്ല പ്രകൃതിയെയാണ് ഞങ്ങള്‍ ആരാധിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ വര്‍ണ സമ്പ്രദായമോ ഏതെങ്കിലും തരത്തിലുള്ള അസമത്വമോ ഇല്ലെന്നും സൽഖാൻമുര്‍മു പറഞ്ഞിരുന്നു.

സർന മതം

ഛോട്ടാ നാഗ്പൂര്‍ സമതലപ്രദേശങ്ങളിലുള്ള ആദിവാസികളുടെ പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും സർന എന്ന പേരിലാണ് അറിയപ്പെടുന്നത്. ബൈഗ, കുഡുമി മഹാതോ, ഹോ ഗോത്രവർഗം, ഒറാവോൺ, മുണ്ഡ, സാന്താൾ ജനങ്ങളാണ് ഈ വിശ്വാസങ്ങൾ പിന്തുടരുന്നത്. വിശുദ്ധമായി കരുതപ്പെടുന്ന തോട്ടങ്ങളെയോ കാടുകളെയോയാണ് സർന എന്നുദ്ദേശിക്കുന്നത്. പരമ്പരാഗത വിശ്വാസമനുസരിച്ച് “ഗ്രാമദേവത” സർനയിലാണ് വസിക്കുന്നത്. അതിനാൽ ഈ വിശുദ്ധസ്ഥലങ്ങളിൽ വർഷത്തിൽ ഇവര്‍ രണ്ടു തവണ പൂജാബലികൾ നടത്തുന്നു.
12 കോടിയിലധികം ഗോത്രവർഗക്കാർ താമസിക്കുന്ന രാജ്യമാണ് ഇന്ത്യ. പട്ടികവർഗക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും മതം അംഗീകരിക്കപ്പെട്ടിട്ടില്ല.
സാന്താലി ഭാഷയിൽ ആരാധനാലയം എന്നർത്ഥം വരുന്നതിനാൽ രാജ്യത്തെ എല്ലാ ആദിവാസികളുടെയും മതത്തിന്റെ പൊതുവായ പേരായി സർനയെ അംഗീകരിക്കാമെന്ന് സൽഖാൻമുര്‍മു ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Ral­ly of North Indi­an Trib­als: We are not Hindus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.