
ആരോഗ്യ ചികിത്സയിലെ അനാസ്ഥയും പിഴവുകളും നിർണയിക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിഷയം സജീവ പരിഗണനയിലാണെന്നും ഇതുവരെ മാർഗനിർദേശങ്ങളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ നയ വിഭാഗം അണ്ടർ സെക്രട്ടറി സുനിൽ കുമാർ ഗുപ്ത നല്‍കിയ മറുപടിയില്‍ പറയുന്നു. ചികിത്സയിലെ അശ്രദ്ധയും പിഴവുകളും കൈകാര്യം ചെയ്യാനാവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കണമെന്ന് 2005 ലെ ജേക്കബ് മാത്യു കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
വിഷയത്തില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നു. ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പലപ്പോഴും ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തുന്നുണ്ട്. അനാസ്ഥ നിര്‍ണയിക്കാനും നടപടികള്‍ സ്വീകരിക്കാനും നിയമപരമായ ചട്ടക്കൂട് നിലവില്‍ വന്നാല്‍ രോഗികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ആരോഗ്യപ്രവര്‍ത്തകർക്കെതിരായ അതിക്രമങ്ങൾ തടയുമെന്നും വിദഗ്ധര്‍ പറയുന്നു.
ആരോഗ്യ ചികിത്സയില്‍ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ വിദേശ രാഷ്ട്രങ്ങളില്‍ ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. രോഗികളുടെ ആവശ്യങ്ങള്‍ മനഃപൂര്‍വം അവഗണിക്കുകയോ പരിചരണത്തില്‍ അനാസ്ഥ കാട്ടുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുന്നുണ്ട്.
English Summary;Medical Malpractice: Consideration of Regulations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.