19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 23, 2023
April 15, 2023
April 10, 2023
March 29, 2023
March 26, 2023
March 22, 2023
March 19, 2023
March 18, 2023

അമൃത്പാലിനായി തിരച്ചില്‍ തുടരുന്നു; പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

Janayugom Webdesk
അമൃത്‌സര്‍
March 19, 2023 8:31 pm

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തതായി അഭ്യൂഹം പരന്നുവെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ജലന്ധറിനും അമൃത്‌സറിനും പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അമൃത്പാലിന്റെ ജന്മസ്ഥലമായ ജല്ലുപൂര്‍ ഖേഡയിലും ശക്തമായ പൊലീസ് കാവലുണ്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, എസ്എംഎസ് നിരോധനം നീട്ടുകയും ചെയ്തു.

അമൃത്പാലിന്റെ കൂട്ടാളികളായ 78 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇയാള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. നേപ്പാള്‍ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് നിലവിലുളള സൂചന. ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയെ അനുകരിച്ച്‌ വേഷം ധരിക്കുന്ന അമൃത്പാല്‍ സിങ് (29) ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

അജ്നാല സ്റ്റേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് അമൃത്പാല്‍ സിങ്ങിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവന്നത് പഞ്ചാബിലെ എഎപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയത്. എന്നാല്‍ രണ്ടുദിവസമായിട്ടും ഇയാളെ പിടികൂടാനാകാത്തത് സര്‍ക്കാരിന് മറ്റൊരു നാണക്കേടായി മാറി.

അമൃത്പാലിനെതിരെ അനധികൃതമായി പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ ആഡംബര എസ്‌യുവി അടക്കമുള്ള കാറുകളും നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. അതിനിടെ വിഘടനവാദികളെന്ന പേരില്‍ നടക്കുന്ന അറസ്റ്റുകള്‍ക്കെതിരെ അകാല്‍ തക്ത് ജഡേദാര്‍ ജിയാനി ഹര്‍പ്രീത് സിങ് സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി.

Eng­lish Sum­ma­ry: Amrit­pal Singh Hunt News
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.