28 December 2025, Sunday

Related news

November 8, 2025
October 18, 2025
July 13, 2025
April 24, 2025
April 21, 2025
March 22, 2025
March 12, 2025
February 25, 2025
February 10, 2025
January 14, 2025

ജീവന്റെ ജന്മാവകാശമാണ് കുടിവെള്ളം- സാർവദേശീയ ജലദിനം

എം എം ജോര്‍ജ്
March 22, 2023 4:32 am

സസ്യങ്ങളുടേയും ജീവജാലങ്ങളുടേയും അടിസ്ഥാന ആവശ്യമായ ജലം ഏറ്റവും കൂടുതൽ കമ്പോളസാധ്യതയുള്ള ഉല്പന്നമായി പരിഗണിക്കപ്പെടുന്ന ഇന്നത്തെ നാളുകളിൽ ലോകജലദിനത്തിന് ഒട്ടേറെ പ്രാധാന്യമുണ്ട്. ലോകത്തിൽ നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളും നദീതടങ്ങളിലാണ് രൂപപ്പെട്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള ഉപരിതല ജലശേഖരത്തിലെ കുറവ് ഭൂഗർഭജലത്തിന്റെ അമിത ചൂഷണത്തിലേക്ക് നയിക്കുന്നു. ഭൗമോപരിതലത്തിന്റെ മുക്കാല്‍ഭാഗവും ജലത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിവെള്ളമായി ഉപയോഗിക്കാൻ പറ്റുന്നത് നാല് ശതമാനം ജലം മാത്രമാണ്. ഇവിടെയാണ് കച്ചവടക്കണ്ണ് പതിയുന്നത്. കുടിവെള്ള സ്രോതസുകൾ അടിയന്തര പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്ന് പറയുകയും അതിന്റെ ഉടമസ്ഥാവകാശവും വിതരണാവകാശവും ജലകുത്തകകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയുമാണ്. ജനസംഖ്യാ വർധനവും അമിത ജലഉപഭോഗവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ശുദ്ധജല ദൗർലഭ്യത്തിലേക്ക് നയിക്കുന്നു.


ഇതുകൂടി വായിക്കൂ: ജലം തേടിപ്പോയ വേരുകൾ


ലോക ജലസമ്മേളനങ്ങളിൽ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുടെയും, ശുദ്ധജല ലഭ്യതയില്ലാതെ ജലജന്യരോഗങ്ങൾ മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ മുതലക്കണ്ണീർ പൊഴിക്കുന്നവര്‍ ഇതിനെല്ലാം പരിഹാരം ജലത്തിന്റെ വിതരണം ക്രമവൽക്കരിക്കുകയാണെന്നും പൊതുടാപ്പുകളിലൂടെ ജലോപയോഗം കൂടുന്നതായും കണ്ടെത്തുന്നു. ലോകബാങ്കിന്റെയും എഡിബിയുടെയും പ്രധാന നിർദേശം പൊതുടാപ്പുകൾ നിർത്തലാക്കണമെന്നാണ്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ള വിതരണം 2,500 കോടി രൂപയുടെ എഡിബി ലോണിനായി കൈമാറ്റം ചെയ്യപ്പെടാൻ പോവുകയാണ്.
ഒന്നരലക്ഷം കോടി മുടക്കി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജൽജീവൻ മിഷന്റെയും യഥാർത്ഥലക്ഷ്യം പൊതുടാപ്പുകൾ ഇല്ലാതാക്കുക എന്നതാണ്. വീട്ടുമുറ്റത്ത് ടാപ്പുകളിൽ കുടിവെള്ളം എന്ന മനോഹരമായ മുദ്രാവാക്യത്തിന്റെ യഥാർത്ഥലക്ഷ്യം ജലത്തിന് വിലയുണ്ട് എന്ന് ബോധ്യപ്പെടുത്തുക എന്നതും കുടിവെള്ളത്തിന് വിലകൊടുക്കണമെന്ന തീരുമാനവുമാണ്.
ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള ചുമതല സർക്കാരുകൾ കൈയൊഴിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പകരം പൊതു-സ്വകാര പങ്കാളിത്തം (പിപിപി) ആണ് ലക്ഷ്യം. അതാണ് ദേശീയ ജലനയത്തിലൂടെയും നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ജലമേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ലോകമാകെയും ദേശീയ ജലനയത്തിലെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ രാജ്യമാകെയും വലിയ പ്രക്ഷോഭമാണ് ഉയരുന്നത്. ജലം ജീവന്റെ ജന്മാവകാശമാണെന്ന ബോധ്യത്തിലാകണം ദേശീയ ജലനയം.


ഇതുകൂടി വായിക്കൂ: സൂര്യനേക്കാള്‍ മുമ്പേ ജലം ഉണ്ടായതായി പഠനം


ജലം കച്ചവടച്ചരക്കാക്കിയ വൻകിട മുതലാളിത്ത രാജ്യങ്ങൾ ജലവിതരണം പൊതു മേഖലയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് ഇന്ത്യയടക്കം മൂന്നാം ലോകരാജ്യങ്ങളിൽ കുടിവെള്ളസ്വകാര്യവൽക്കരണത്തിനുള്ള നീക്കം ശക്തമാകുന്നത്. ജലവിതരണം സ്വകാര്യമേഖലയ്ക്ക് കൈമാറപ്പെട്ടാൽ സാധാരണക്കാർക്ക് കുടിവെള്ളം അപ്രാപ്യമാകും. ഈ യാഥാർത്ഥ്യം മനസിലാക്കി ജലവിതരണം പൊതുമേഖലയിൽ കാര്യക്ഷമമാക്കി നിലനിർത്തുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞനിരക്കിൽ കുടിവെള്ള വിതരണവും, സ്വീവറേജ് സംവിധാനവും യാഥാർത്ഥ്യമായ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആരോഗ്യരംഗത്തെ വിജയകരമായ മുന്നേറ്റത്തിന്റെ കാരണങ്ങളിലൊന്ന് സംസ്ഥാനത്തെ പൊതു ജല വിതരണ സംവിധാനവും നഗരങ്ങളിലെ സൗജന്യ സ്വീവറേജ് സംവിധാനവുമാണ്. ഇത് ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കവും ചെറുത്തുതോല്പിക്കേണ്ടതുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.