16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

April 23, 2023
April 15, 2023
April 10, 2023
March 29, 2023
March 26, 2023
March 22, 2023
March 19, 2023
March 18, 2023

അമൃത്പാലിന് ആറ് മണിക്കൂര്‍ അഭയം നല്‍കിയ യുവതി അറസ്റ്റില്‍

web desk
ന്യൂഡല്‍ഹി
March 26, 2023 5:21 pm

പഞ്ചാബ് പൊലീസ് തിരയുന്ന കുറ്റവാളിയും മതപ്രഭാഷകനുമായ ‘വാരിസ് പഞ്ചാബ് ദേ‘യുടെ സ്വയം പ്രഖ്യാപിത മേധാവി അമൃത്പാല്‍ സിങ്ങിന് അഭയം നല്‍കിയ കുറ്റത്തിന് യുവതിയെ അറസ്റ്റുചെയ്തു. പട്യാല ഹർഗോവിന്ദ് നഗറിലെ ബൽബീർ കൗറിനെയാണ് പൊലീസ് ഇന്ന് പിടികൂടിയത്. ഇവരുടെ വീട്ടില്‍ ആറ് മണിക്കൂറാമാണ് അമൃത്പാലും സഹായി പപാല്‍ പ്രീത് സിങ്ങും താമസിച്ചത്. അമൃത്പാൽ സിങ്ങിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിന്നിടെയാണ് ഇയാളെ ഒളിവില്‍ പാര്‍പ്പിച്ചതായി വിവരം ലഭിച്ചതും ബല്‍ബീറിന്റെ അറസ്റ്റും രേഖപ്പെടുത്തിയതും.

മാർച്ച് 19നാണ് പട്യാലയിലെ ഹർഗോവിന്ദ് നഗറിലെ ബൽബീർ കൗറിന്റെ വസതിയിൽ അമൃത്പാലും സഹായി പപാൽപ്രീത് സിങ്ങും താമസിച്ചത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദിലേക്ക് മാറുന്നതിന് മുമ്പാണ് ബൽബീർ കൗർ അമൃത്പാലിനും പപൽപ്രീതിനും അഭയംനൽകിയതെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു. അമൃത്പാൽ സിങ്ങിന് അഭയം നൽകിയതിന് ഇത് രണ്ടാമത്തെ അറസ്റ്റാണ്. നേരത്തെ, പൊലീസ് തേജീന്ദർ സിങ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. ഖലിസ്ഥാന്റെ പതാകയും ചിഹ്നവും കറൻസിയും വഹിച്ചിരുന്ന ഫോൺ ഗില്ലിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് നടത്തുന്ന വൻ വേട്ട ഞായറാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഫെബ്രുവരിയിൽ അമൃത്പാൽ സിങ്ങും അദ്ദേഹത്തിന്റെ അനുയായികളും അജ്നാല സ്റ്റേഷൻ ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുമായി അക്രമാസക്തമായി ഏറ്റുമുട്ടുകയും ചെയ്തു. അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയായ ലവ്പ്രീത് തൂഫനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ തോക്കുകളും വാളുകളുമായി പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ അമൃതപാൽ സിങ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു.

മാർച്ച് 18 മുതൽ അമൃത്പാൽ ഒളിവിലാണ്. ഖലിസ്ഥാൻ വിഘടനവാദി നേപ്പാൾ വഴി രക്ഷപ്പെട്ടേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നേപ്പാൾ അതിർത്തി പോസ്റ്റുകൾ ജാഗ്രതയിലാണ്. അമൃത്പാൽ സിങ് പഞ്ചാബ് പൊലീസിന്റെ കണ്ണുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നെങ്കിലും സംസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങളിൽ അദ്ദേഹം കുടുങ്ങിയിട്ടുണ്ട്. ഒരു സിസിടിവി ദൃശ്യത്തിൽ, സൺഗ്ലാസ് ധരിച്ച് ഒരു തെരുവിലൂടെ നടക്കുന്നതും മൊബൈൽ ഫോണിൽ സംസാരിക്കുന്നതും പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ മാറ്റിയ ശേഷം അമൃതപാൽ സിങ് മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. വസ്ത്രവും തലപ്പാവും മാറ്റി താടി തുണികൊണ്ട് മറച്ചാണ് ഈ രക്ഷപ്പെടൽ. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ 100 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Eng­lish Sam­mury: Pun­jab Police arrest­ed a woman from Patiala for alleged­ly shel­ter­ing for amirtpal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.