23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 9, 2024
June 14, 2024
May 23, 2024
April 26, 2024
March 28, 2023
January 4, 2023
December 14, 2022
September 10, 2022
August 8, 2022

സൈനിക വലതുവൽക്കരണത്തിന്റെ കാണാപ്പുറങ്ങൾ

വിനോദ് മുഖത്തല
March 28, 2023 4:30 am

ങ്ങേയറ്റം സംഘടിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ദുർബല ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ രാഷ്ട്രീയാധികാരം നേടിയെടുക്കുമ്പോൾ ആദ്യം ചെയ്യുന്നത് ആ രാഷ്ട്രത്തിന്റെ ജനാധിപത്യസംവിധാനങ്ങളെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും അവയുടെ ചരിത്രപശ്ചാത്തലങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും തങ്ങൾക്കനുകൂലമാക്കി മാറ്റിയെഴുതുകയും ചെയ്യുക എന്നതായിരിക്കും. ഇന്ത്യയിൽ ആദ്യമായി ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിദ്യാഭ്യാസ‑ചരിത്ര മേഖലയിൽ ആരംഭിച്ച വലതുവൽക്കരണം നിലവിലെ ഭരണത്തിൻകീഴിൽ കൂടുതൽ അക്രമോത്സുകമായി മാറുകയും, പാർലമെന്റ്, ജുഡീഷ്യറി എന്നിവയടക്കം മുഴുവൻ സ്ഥാപനങ്ങളെയും വലതുവൽക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയുമാണ്.
അതിവിശാലവും വൈവിധ്യപൂർണവുമായ ഭൂമിശാസ്ത്ര പശ്ചാത്തലവും, വിഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്തലവും, സങ്കീർണമായ സാമൂഹിക പശ്ചാത്തലവും ഉള്ള ഒരു രാജ്യത്ത് തങ്ങളുടെ പദ്ധതികൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകുന്നില്ലെന്ന യാഥാർത്ഥ്യം പല രീതിയിൽ കേന്ദ്ര ഭരണാധികാരികളെ ഉത്കണ്ഠാകുലരാക്കുന്നുണ്ട് എന്നാണ് തുടരെത്തുടരെ ഉണ്ടാകുന്ന നയതീരുമാനങ്ങൾ വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും, ആർട്ടിക്കിൾ 370-ാം അനുഛേദത്തിന്റ നിരാസവും, വിദ്യാഭ്യാസ പരിഷ്കരണ ബില്ലും ഇവയിൽ ചിലത് മാത്രം. ഈ നിരയിൽ ഏറ്റവും ഒടുവിലത്തേതാണ് അഗ്നിപഥ് പദ്ധതി.


ഇതുകൂടി വായിക്കൂ: സൈനികസേവനത്തിലും കരാര്‍ കാലം


വിലക്കയറ്റവും, തൊഴിലില്ലായ്മയും, സാമ്പത്തികപ്രയാസങ്ങളും ഉൾപ്പെടെ അതിസങ്കീർണങ്ങളായ ഒട്ടനവധി പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ജനതയെ വർഗീയ ധ്രുവീകരണ പദ്ധതികൾ കൊണ്ട് മാത്രം ദീർഘകാലം മുന്നോട്ടുനയിക്കാൻ സാധ്യമല്ലെന്നത് വസ്തുതയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തെ പുതിയ രീതിയിൽ പുനഃസംഘടിപ്പിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. കര, വ്യോമ, നാവിക സേനകളിൽ ഇനി മുതൽ കരാർ ജീവനക്കാരെ നിയമിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സർക്കാർ വകുപ്പുകളിൽ കൊണ്ടുവന്ന ഫിക്സഡ് ടേം എംപ്ലോയ്‌മെന്റിന്റെ തുടർച്ചയാണ് സേനകളിൽ നടപ്പിലാക്കുന്നത്. 17 വയസിനും 21 വയസിനും ഇടയിലുള്ളവരെയാണ് നിയമിക്കുക. ഇവരെ “അഗ്നിവീർ” എന്നാണ് വിളിക്കുക. നാല് വർഷത്തേക്കാണ് നിയമനം നൽകുന്നത്. സൈനിക തസ്തികയിലേക്ക് ജോലിതേടി വരുന്നവരിൽ നല്ലൊരുപങ്കും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. 17 വയസു കഴിയുമ്പോൾ പ്രൊഫഷണൽ കോഴ്സിൽ പ്രവേശിക്കേണ്ട ഇവരെ ഇത്തരത്തിൽ നിയമിക്കുന്നതു വഴി ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഇതുവഴി പ്രൊഫഷണലുകളാകാനുള്ള ഇവരുടെ വഴി കൊട്ടിയടയ്ക്കുകയാണ്. ജോലി ലഭിക്കുന്നവർക്ക് പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ ലഭിക്കും എന്നാണ് പറയുന്നത്. അതിൽ നിന്നും 30 ശതമാനം പിടിച്ച ശേഷം കയ്യിൽ ലഭിക്കുന്നത് 21,000രൂപ മാത്രം. നാല് വർഷത്തിനുശേഷം പിരിയുമ്പോൾ പിടിച്ചതുകയും സര്‍ക്കാര്‍ വിഹിതവും ചേർത്ത് പരമാവധി 11 ലക്ഷം രൂപ ലഭിക്കും. ഈ തുക അവരുടെ ഭാവി ജീവിതത്തിന് തികയില്ലെന്നുമാത്രമല്ല സ്ഥിരം സെെനികരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുകയുമില്ല.
അഗ്നിവീറുകളായി നിയമിക്കപ്പെടുന്നവരിൽ 25 ശതമാനം പേരെ അടുത്ത 15 വർഷത്തേക്ക് കൂടി നിലനിർത്തുവാനും ബാക്കിയുള്ളവരെ നാലു വർഷത്തിനുശേഷം ഒഴിവാക്കുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75 ശതമാനം അഗ്നിവീരന്മാർ, രാജ്യത്തിന്റെ വിവിധങ്ങളായ വ്യാവസായിക ഉല്പാദന മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉതകുമെന്നുമുള്ള അവകാശവാദങ്ങളാണ് അഗ്നിപഥ് അവതരിപ്പിച്ചുകൊണ്ട് രാജ്യരക്ഷാ മന്ത്രി രാജ്നാഥ്സിങ് നടത്തിയത്.


ഇതുകൂടി വായിക്കൂ: അഗ്നിവീര്‍ പദ്ധതി മറ്റൊരു യുവജന വഞ്ചന


കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. സ്ഥിരം തൊഴിലവസരം കുറയുകയും കേന്ദ്ര സർവീസുകളിൽ നികത്തപ്പെടാതെ ഒഴിവുകൾ കൂടുകയും ചെയ്യുകയാണ്. 2020 മാർച്ച് ഒന്ന് വരെയുള്ള കണക്ക് പ്രകാരം 8,72,243 തസ്തിക നികത്താതെ കിടക്കുകയാണ്. ഇപ്പോഴത് 11 ലക്ഷത്തിലേറെ ആയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി സേനയിൽ നിയമനം നടത്തിയിട്ടില്ല. ഇതിനുവേണ്ടി തയ്യാറെടുത്ത യുവാക്കളോടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ വെല്ലുവിളി. ഉയർന്നുവന്ന പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ആശ്വാസങ്ങൾ കൂട്ടക്കുഴപ്പത്തിന് വഴിവയ്ക്കും. കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തീരസംരക്ഷണ സേനയിലും പ്രതിരോധ സേനയുടെ 10 മേഖലാ യൂണിറ്റിലും പ്രതിരോധ മേഖലയിലെ സിവിൽ തസ്തികയിലും അഗ്നിവീർന്മാർക്ക് 10 ശതമാനം സംവരണം നൽകുമത്രെ. ഈ അധികസംവരണം നിയമനങ്ങളിലെ നിലവിലുള്ള സംവരണ ക്രമം അട്ടിമറിക്കും. കൂടാതെ പൊതുമേഖലകൾ ആകെ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സംവരണം നൽകുമെന്നത് കേവലം അധരവ്യായാമം മാത്രമാണ്.
സൈന്യത്തിലും കരാർവൽക്കരണം നടത്തി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് തുരങ്കം വയ്ക്കുകയാണ്. അതുകൊണ്ടുതന്നെയാണ് രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്രമാസക്തമായ സമരങ്ങളിലേക്കും പൊതുമുതൽ നശിപ്പിക്കുന്നതുൾപ്പെടെയുള്ള ഭീകരാവസ്ഥയിലേക്കും ഉത്തരേന്ത്യയിലെ യുവാക്കൾ എത്തിച്ചേർന്നത്. ഇന്ത്യൻ സൈന്യത്തിൽ ഒരു ജോലി സംഘടിപ്പിച്ച് ഭാവിജീവിതം കരുപ്പിടിപ്പിക്കാമെന്ന് മോഹിച്ച് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർക്ക് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് തങ്ങളുടെ ഭാവി അപകടത്തിലാകും എന്ന് അറിഞ്ഞിട്ടും വിനാശകരമായ സമരരീതികളിലേക്ക് ഇറങ്ങിപ്പുറപ്പെടാൻ യുവാക്കൾ തയ്യാറായത്.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍


‘അഗ്നിപഥ്’ പദ്ധതി ഇന്ത്യൻ സൈനിക മേഖലയിലും സൈനികച്ചെലവിലും സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികളെ സംബന്ധിച്ച് പ്രതിരോധ മേഖലയിലെ വിദഗ്ധർക്കിടയിൽ തന്നെ വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. വളരെ ചുരുങ്ങിയ തൊഴിൽ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. പ്രത്യേകിച്ചും വലിയതോതിൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള നാവിക, വ്യോമ സേനകളുടെ യുദ്ധസന്നദ്ധതയെ തന്നെ അതു നിഷ്ക്രിയമാക്കും. പ്രതിരോധ മേഖലയിലെ വിദഗ്ധനായ ഭരത് കർണാടും, കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി പി മാലിക്കും ഇത്തരം ആശങ്കകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്.
എല്ലാ മേഖലയിലും കോർപറേറ്റുകൾക്ക് അനുകൂലമായ നയരൂപീകരണം നടത്തുന്ന കേന്ദ്ര സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വളരെ തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിലേക്കും തങ്ങളുടെ അജണ്ട ഒളിപ്പിച്ചു കടത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. പ്രതിരോധ മേഖലയ്ക്ക് ഈ സാമ്പത്തിക വർഷം 5.25 ലക്ഷം കോടി രൂപയാണ് ബജറ്റിലൂടെ അനുവദിച്ചത്. ഇതിൽ നല്ലൊരുപങ്കും ജീവനക്കാരുടെ ആനുകൂല്യത്തിനും ശമ്പളത്തിനും വേണ്ടിയാണ് ചെലവാകുന്നത്. പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള തുകകൂടി വെട്ടിക്കുറച്ച് അതുകൂടി കോർപറേറ്റുകൾക്ക് വീതം വയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇതെല്ലാം സൈന്യത്തെക്കൂടി വലതുവൽക്കരിച്ച് തങ്ങൾക്കനുകൂലമാക്കി മാറ്റുക എന്ന ഭരണവർഗത്തിന്റെ ഗൂഢ ഉദ്ദേശ്യത്തെയാണ് വെളിവാക്കുന്നത്. അല്ലെങ്കിൽ സർക്കാരിന്റെ ഇത്തരമൊരു നയതീരുമാനത്തെ പൊതുവേദികളിലും, മാധ്യമങ്ങളിലൂടെയും ന്യായീകരിക്കേണ്ട ആവശ്യം സേനാ മേധാവികൾക്കില്ല. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന അത്യന്തം ആപൽക്കരമായ സ്ഥിതിവിശേഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സൈന്യത്തിന്റെ വലതുവൽക്കരണം എന്ന വിഷയത്തെ പലരും തമാശയായി ചിത്രീകരിക്കുന്നത് കാണാം. കഥയറിയാതെ ആട്ടം കാണുന്നവരുടെ കേവല പ്രതികരണം മാത്രമാണത്. തീവ്ര വലതുരാഷ്ട്രീയ വക്താക്കളുടെ സൈനിക മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഇടപെടലുകളെ ശ്രദ്ധയോടെ വിലയിരുത്താനും പരാജയപ്പെടുത്താനും ഉള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ രാജ്യത്തിന്റെ മതേതര, ജനാധിപത്യ ഭാവിക്ക് ഉണ്ടാകാൻ പോകുന്ന വലിയ ഭീഷണിയെ പ്രതിരോധിക്കുന്നതിന് നമുക്കാവാതെ പോകും.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.