7 May 2024, Tuesday

Related news

April 26, 2024
March 14, 2024
January 13, 2024
January 11, 2024
December 22, 2023
November 23, 2023
November 22, 2023
November 17, 2023
October 16, 2023
October 15, 2023

അഗ്നിപഥ്: സൈന്യത്തില്‍ ചേരാന്‍ യുവാക്കള്‍ക്ക് വിമുഖത

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2024 9:25 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ സൈനിക സേവനത്തിന് അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി ദയനീയ പരാജയം. പദ്ധതി ആകര്‍ഷകമല്ലാതായതോടെ സൈന്യത്തില്‍ ചേരാനുള്ള യുവജനങ്ങളുടെ താല്പര്യം ഗണ്യമായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈന്യത്തിലേക്ക് ഭൂരിപക്ഷം അംഗങ്ങളെയും സംഭാവന ചെയ്യുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ സൈന്യത്തില്‍ ചേരാന്‍ യുവജനങ്ങള്‍ വിമുഖത പ്രകടിപ്പിക്കുന്നു. കര‑നാവിക- വ്യോമ സേനകളില്‍ നാല് വര്‍ഷം അടിസ്ഥാനമാക്കി ജവാന്‍ നിയമനം നടപ്പിലാക്കിയ മോഡി സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ആകര്‍ഷകമല്ലാതായതോടെ യുവജനങ്ങള്‍ വിദേശ തൊഴില്‍ തേടി രാജ്യം വിടുന്ന അവസ്ഥ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം ഉപേക്ഷിച്ച പഞ്ചാബിലെയും ഹരിയാനയിലെയും യുവാക്കളാണ് വിദേശ തൊഴില്‍ തേടി പോകുന്നവരില്‍ ഭൂരിപക്ഷവും. സൈനികനാവാന്‍ മോഹിച്ച് കഠിന പരിശീലനം നടത്തിയ മകന്‍ ആ മോഹം ഉപേക്ഷിച്ച് വിദേശ തൊഴില്‍ തേടി പോയതായി യശ്പാല്‍ മൗര്യ എന്ന കര്‍ഷകന്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതി വന്നതോടെയാണ് മകന്‍ സെെനിക മോഹം ഉപേക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളവും ആനുകൂല്യങ്ങളും നാമമാത്രമായത് പദ്ധതി ആനാകര്‍ഷകമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പഞ്ചാബിലും ഹരിയാനയിലും സൈനിക പ്രവേശനത്തിനായി പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ദിനംപ്രതി അടച്ച് പൂട്ടുകയാണ്. സൈനിക പരിശീലനത്തിനായി മൈതാനങ്ങളില്‍ എത്തിയിരുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ജനം പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിക്ക കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും സൈന്യത്തില്‍ ഉണ്ടായിരുന്ന പഴയ അവസ്ഥ മാറിയെന്ന് ഹരിയാന സ്വദേശിയായ രണ്‍വീര്‍ സിങ് പറഞ്ഞു. ജിണ്ട്, ഹിസാര്‍, ഭിവാനി ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ ഇപ്പോള്‍ സൈനിക സേവനത്തിന് പകരം വിദേശ തൊഴില്‍ത്തേടി പോകുന്ന സ്ഥിതിവിശേഷം ഏറി വരുന്നതായും അദ്ദേഹം പറഞ്ഞു. 

ജിണ്ട് ജില്ലയിലെ ബറോഡ ഗ്രാമത്തിലെ ജനസംഖ്യ ആകെ ജനസംഖ്യ 20,000ത്തിന് മുകളിലാണ്. ഈ ഗ്രാമത്തിലെ ആയിരത്തിലധികം പേര്‍ ഇതുവരെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് 50 കാരനായ ഗ്രാമമുഖ്യന്‍ രേഷാം സിങ് പറഞ്ഞു. ഗ്രാമത്തില്‍ ദിനംപ്രതി രണ്ട് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടക്കുന്നത് തൊഴില്‍തേടി വിദേശശത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ ഗ്രാമത്തിൽ നിന്ന് 500 ഓളം യുവാക്കൾ വിദേശത്തേക്ക് പോയി. അവരിൽ വലിയൊരു വിഭാഗം സൈനിക റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നവരായിരുന്നുവെന്നും സിങ് പറഞ്ഞു.
ഹരിയാനയില്‍ സൈനിക നിയമത്തിനുള്ള റാലികള്‍ പലയിടത്തും നിശ്ചിത ശതമാനം യുവാക്കള്‍ പങ്കെടുക്കാത്തത് കാരണം റദ്ദാക്കുന്നുണ്ട്. അഗ്നിപഥ് നടപ്പിലാക്കിയശേഷം ഹരിയാനയില്‍ നിന്നുള്ള സൈനികരുടെ എണ്ണം 70 ശതമാനം കുറഞ്ഞു. പദ്ധതി അവതരിപ്പിച്ച വേളയില്‍ തന്നെ സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സൈനിക സേവനം കരാര്‍വല്‍ക്കരിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. 

Eng­lish Sum­ma­ry: Agni­path: Reluc­tance of youth to join army
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.