24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
March 18, 2024
January 31, 2024
December 12, 2023
December 9, 2023
November 17, 2023

ചരിത്രത്തിന്റെ വെളിച്ചമായി വൈക്കം സത്യഗ്രഹം

കെ രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി)
March 30, 2023 7:00 am

നമ്മുടെ നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ് വൈക്കം സത്യഗ്രഹം. ഗാന്ധിജിയുടെയും, ഇ വി രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യവും, ശ്രീനാരായണ ഗുരുവിന്റെ പിന്തുണയും കൊണ്ട് കരുത്താർജിച്ച സത്യഗ്രഹം ദേശീയ സ്വാതന്ത്ര്യസമരത്തിനും ഏറെ ഊർജം പകർന്നു. പട്ടിക്കും, പൂച്ചയ്ക്കും നടക്കാവുന്ന ക്ഷേത്ര വഴികളിലൂടെയുളള സഞ്ചാര സ്വാതന്ത്ര്യത്തിനായി ‘അവർണരെന്ന്’ വിളിച്ച് മാറ്റിനിർത്തപ്പെട്ട മനുഷ്യർ ഒരു നൂറ്റാണ്ട് മുമ്പ് നടത്തിയ സമരമാണിത്. ജാതിയുടെയും, മതത്തിന്റെയും അതിർവരമ്പുകളും, വിലക്കുകളും ലംഘിച്ചാണ് അനീതിക്കും, അയിത്തത്തിനുമെതിരെ വൈക്കത്തെ ജനങ്ങളൊന്നിച്ച് ഒരേ മനസോടെ 1924 മാർച്ച് 30ന് കൊടി പിടിച്ച് സമര മുഖത്തേക്കിറങ്ങിയത്. ജാതിവ്യവസ്ഥയുടെ മറവിൽ നടന്ന അയിത്തം ഉൾപ്പെടെയുളള മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായിരുന്നു സമരം. നവോത്ഥാന വീഥികളിൽ അയ്യാ വൈകുണ്ഠസ്വാമികൾ കൊളുത്തിയ നാളം പല കരങ്ങളിലൂടെ കൈമാറി ഊതിജ്വലിപ്പിച്ച് കേരളമാകെ കത്തിപ്പടരുകയായിരുന്നു.

വൈക്കത്തെ നായർ, പുലയ, ഈഴവ സമുദായാംഗങ്ങൾ ഒന്നിച്ച് സമരത്തിനിറങ്ങിയപ്പോൾ, അവരെ സഹായിക്കുന്നതിനായി ജാതി മത ഭേദമന്യെ തമിഴ്‌നാട്ടുകാരും, പഞ്ചാബികളുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തി. ഇതോടെ അഖിലേന്ത്യാതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടു. സിഖ്-അകാലിദൾ പ്രവർത്തകർ സമരസഖാക്കളെ സഹായിക്കാൻ പ്രത്യേക സമൂഹഅടുക്കള വരെ വൈക്കത്ത് തുറന്നിരുന്നു. 603 ദിവസമാണ് സത്യഗ്രഹം നടന്നത്. 1924ലെ മഹാപ്രളയ ദിനങ്ങളിൽ പോലും കഴുത്തറ്റം വെളളത്തിൽ മുങ്ങി അനീതിക്കെതിരായ സഹന സമരം തുടർന്നുവെന്നത് സമരഭടന്മാരുടെ നിശ്ചയദാർഢ്യം വിളിച്ചോതുന്നു. സവർണജാതിക്കാരനു വേണ്ടി അവർണർ പിന്നോട്ടോ, വശങ്ങളിലേക്കോ മാറിനിൽക്കേണ്ട സ്ഥിതിയായിരുന്നു സഞ്ചാര വഴികളിൽ അക്കാലത്ത്. തീണ്ടിയാൽ ക്രൂരമർദ്ദനം ഉറപ്പാണ്. ‘ഈഴവർക്കും മറ്റ് താണ ജാതിക്കാർക്കും ഇതുവഴി പ്രവേശനമില്ല’ എന്നെഴുതിയ ബോർഡ് വഴികളിൽ സ്ഥാപിച്ചിരുന്നു. മാത്രമല്ല വഴിപാടിന് പൂജാസാധനങ്ങളും, പണവും തീണ്ടാപ്പാടകലെ വച്ച് ശബ്ദമുണ്ടാക്കി അറിയിക്കണമെന്ന ദുരവസ്ഥയും നിലനിന്നിരുന്നു. ജാതിനിയമങ്ങളുടെ മറവിൽ പതിറ്റാണ്ടുകളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ യോജിപ്പാണ് വൈക്കത്തുണ്ടായത്.

യഥാക്രമം പുലയ, ഈഴവ, നായർ സമുദായക്കാരായ കുഞ്ഞാപ്പി, ബാഹുലേയൻ, വെണ്ണിയിൽ ഗോവിന്ദപണിക്കർ എന്നിവർ നിരോധിക്കപ്പെട്ട വഴികളിലൂടെ ആയിരങ്ങളുടെ അകമ്പടിയോടെ കൈകോർത്ത് ചുവടുവച്ചു. കുഞ്ഞാപ്പിയെയും, ബാഹുലേയനെയും തിരുവിതാംകൂർ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു. ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ തുടങ്ങിയവരായിരുന്നു സമരത്തിന്റെ പ്രധാന സംഘാടകർ. ടി കെ കൃഷ്ണസ്വാമി അയ്യർ, കെ കുമാർ, എ കെ. പിള്ള, ചിറ്റേഴത്ത് ശങ്കുപ്പിള്ള, ബാരിസ്റ്റർ ജോർജ് ജോസഫ്, അയ്യമുത്തു ഗൗണ്ടർ, കെ വേലായുധ മേനോൻ തുടങ്ങിയ മുൻനിര പോരാളികളെയും വിസ്മരിക്കാനാകില്ല. വൈക്കം സത്യഗ്രഹത്തിൽ സവർണ വിഭാഗത്തിലെ ഉൽപതിഷ്ണുക്കളും പങ്കെടുത്തിരുന്നു. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാർച്ച് സമരത്തിലെ ഒരു നിർണായക വഴിത്തിരിവാണ്. വൈക്കത്തെ ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം തേടി ആരംഭിച്ച സമരം, കേരളത്തിലെയാകെ വഴികളിലെ സഞ്ചാര സ്വാതന്ത്ര്യപോരാട്ടമായത് മന്നം നയിച്ച മാർച്ചോടെയാണ്. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവഴികളിൽ വളരെ പ്രാധാന്യത്തോടെ നിറഞ്ഞുനിൽക്കുന്ന പേരാണ് ‘തന്തൈ പെരിയോർ’ ഇ വി രാമസ്വാമി നായ്ക്കരുടേത്.

സമരത്തിലുള്ള പ്രധാന നേതാക്കളെല്ലാം ജയിലിലായപ്പോഴാണ് 1924 ഏപ്രിലിൽ പെരിയാേർ വൈക്കത്തെത്തി സമരം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവ് സമരത്തിന് പുതുജീവൻ നല്കി. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും, സഹോദരി കനകമ്മാളും വൈക്കത്തെത്തി സമരത്തിൽ സജീവമായി. തിരുവിതാംകൂറിലെമ്പാടും സ്ത്രീകളെ സംഘടിപ്പിച്ച് നാഗമ്മയും, കനകമ്മാളും പ്രചരണം നടത്തി. ജയിൽമോചിതനായ പെരിയോർ വീണ്ടും സമരത്തിനെത്തിയപ്പോൾ രണ്ടാമതും അറസ്റ്റ് ചെയ്യപ്പെട്ടു. പൗരോഹിത്യവും, അധികാരവും ഇഴചേർത്ത് മുറുക്കിയ ജാതി-മത അടിമത്തത്തിന്റെയും അവഗണനയുടെയും ചങ്ങലകളാണ് സത്യഗ്രഹ സമരത്തിലൂടെ പൊട്ടിച്ചെറിഞ്ഞത്. അയിത്തത്തിന്റെ ഈറ്റില്ലങ്ങളായിരുന്ന ക്ഷേത്ര പരിസരങ്ങളിൽ നിന്നുയർന്ന നവോത്ഥാന ജ്വാലകളിലാണ് ഇവിടെ നിലനിന്ന ഒട്ടനവധി ജാതി-വർണ വിവേചനങ്ങൾ എരിഞ്ഞ് ചാമ്പലായത്. ഈ മാറ്റത്തിന്റെ തുടർച്ചകൾ ഇന്നും നമ്മുടെ സമൂഹത്തിന് ഊർജമാകുന്നു. ഒരുകാലത്ത് ക്ഷേത്ര പരിസരങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ പിന്മുറക്കാർ, ജാതി മതിലുകൾ തകർത്ത് ക്ഷേത്ര ശ്രീകോവിലുകളിൽ വരെ പ്രവേശിച്ചു കഴിഞ്ഞു. പട്ടികജാതി-പട്ടികവർഗ–പിന്നാക്ക വിഭാഗക്കാരായ ഒട്ടനവധി പേരെയാണ് ഈ സർക്കാർ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത്. ഇതിനു പുറമെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും അവസരങ്ങൾ ഉറപ്പിച്ചു. പൊതുസമൂഹത്തിന്റെയാകെ പൈതൃക സമ്പത്തും കേരളത്തിന്റെ സാംസ്കാരിക ബിംബങ്ങളുമായി ക്ഷേത്രങ്ങളെ മാറ്റിയെടുത്തു.

മതേതര കേരളത്തിന്റെ മറ്റൊരു മുഖമായിട്ടുണ്ട് ശബരിമല തീർത്ഥാടനം. വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങൾ കേരളത്തിൽ സൃഷ്ടിച്ച മുന്നേറ്റങ്ങളുടെ സ്മരണകൾ പുതിയകാലത്തിന് കൂടുതൽ ഊർജം പകരും. ഇത്തരം മാറ്റങ്ങൾക്കെതിരെ യാഥാസ്ഥിതികരായ ഒരുവിഭാഗം എല്ലാകാലത്തും നിലകൊണ്ടിട്ടുണ്ട്. അന്നത്തെ യഥാസ്ഥിതിക വിഭാഗത്തിന്റെ പിൻമുറക്കാർ നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്താൻ ഇപ്പോഴും ശ്രമിക്കുന്നു. നമ്മുടെ സാമൂഹ്യ‑മതേതര അടിത്തറകളിൽ വിള്ളലുകൾ വീഴ്ത്താനും ശ്രമിക്കുന്നുണ്ട്. അധികാര കേന്ദ്രങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് ലഭിക്കുന്നതും കാണാതിരുന്നുകൂടാ. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിന് ശക്തമായ മതേതര നിലപാടുകളിലൂന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഇതിനുള്ള അവസരമാവുകയാണ്. ചരിത്ര വിദ്യാർത്ഥികൾക്കടക്കം പാഠമാകുന്ന വിധത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരു സർക്കാരുകളും ചേർന്ന് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹത്തിന്റെ ത്യാഗോജ്വലമായ സ്മരണകൾ പുതുതലമുറയിലേക്ക് പകരാൻ ഈ ആഘോഷങ്ങൾക്ക് സാധിക്കുമെന്ന കാര്യം തീർച്ചയാണ്.

 

Eng­lish Sam­mury: Min­is­ter K Rad­hakr­ish­nan’s arti­cles Vaikom Satya­gra­ha as the light of history

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.