29 September 2024, Sunday
KSFE Galaxy Chits Banner 2

പിഎം ഫസല്‍ ബീമ യോജന; നേട്ടം കമ്പനികള്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2023 10:26 pm

ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി (പ്രധാനമന്ത്രി ഫസല്‍ ബീമ യോജന)യുടെ നേട്ടം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികരംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപദ്ധതിയുടെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം കാലം തെറ്റിയുള്ള മഴയും ആലിപ്പഴ വര്‍ഷവും കാരണം ഗോതമ്പ്, കടുക്, ഉരുളക്കിഴങ്ങ്, ഉള്ളി, മുളക് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിച്ചിട്ടും പിഎം ഫസല്‍ ഭീമ യോജന പ്രകാരമുള്ള യാതൊരു സാമ്പത്തിക സഹായവും ലഭ്യമായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. തന്റെ കൃഷി മുഴുവന്‍ നശിച്ചിട്ടും പദ്ധതി പ്രകാരമുള്ള ഒരു ആനുകൂല്യവും ഇതുവരെ ലഭച്ചില്ലെന്ന് ഹരിയാനയിലെ കര്‍ഷകന്‍ സഞ്ജയ് പറഞ്ഞു.

സംസ്ഥാനത്തെ റോത്തഹ്, ഭീവാനി, ഹിസാര്‍, സിര്‍സാ ജില്ലകളില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നതെന്ന് കര്‍ഷകനായ രണ്‍വീര്‍ സിങ് പറയുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള തനിക്ക് ദേശസാല്‍ക്കൃത ബാങ്കുകള്‍ പോലും വായ്പ നല്‍കുന്നില്ലെന്നും രണ്‍വീര്‍ വ്യക്തമാക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനെന്ന പേരില്‍ കൊണ്ടുവന്ന ഫസല്‍ ബീമ യോജന കര്‍ഷക സൗഹൃദമല്ലെന്നും കൂട്ടുകൃഷി, കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് കൃഷി എന്നിവ നടത്തുന്നവര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വലിയ ഭൂവുടമകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. പ്രതിവർഷം 5.5 കോടിയിലധികം കർഷക അപേക്ഷകൾ നഷ്ടപരിഹാരത്തിനായി ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2016‑നും 2021‑നും ഇടയിൽ പിഎംഎഫ്ബിവൈയിൽ കർഷകരുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായി നേരത്തെ അശോക് ദൽവായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കര്‍ഷകരുടെ എണ്ണം 3.62 കോടിയില്‍ നിന്നും മുതൽ 2.48 കോടിയായി കുറഞ്ഞിരുന്നു. വിള ഇന്‍ഷുറന്‍സ് വ്യാപ്തിയാകട്ടെ 4.74 ​​കോടി ഹെക്ടറില്‍ നിന്നും 3.87 കോടി ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്. മോശം കാലവസ്ഥ കാരണം രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി നാശം സംഭവിച്ചുകൊണ്ടിരിക്കുയാണ്. നാശത്തിന്റെ തോത് കൃത്യമായി ഇപ്പോഴും കണക്കാക്കാന്‍ സാധിച്ചിട്ടില്ല. യഥാര്‍ത്ഥ നഷ്ടം സംബന്ധിച്ച് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കുകയാണ് വേണ്ടതെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

Eng­lish Sum­ma­ry: Prad­han Mantri Fasal Bima Yojana
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.