29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 20, 2024

എ കെ ആന്റണിയുടെ മകന്‍ അനില്‍ ബിജെപിയില്‍

web desk
ന്യൂഡല്‍ഹി
April 6, 2023 3:25 pm

നരേന്ദ്രമോഡി മുതല്‍ സ്മൃതി ഇറാനി വരെയുള്ള നേതാക്കള്‍ക്കും സംഘ്പരിവാര്‍ ആശയങ്ങള്‍ക്കും പരസ്യമായി പിന്തുണ നല്‍കിക്കൊണ്ടിരുന്ന അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ നഖശിഖാന്തരം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന മുന്‍ കേരള മുഖ്യമന്ത്രിയും എഐസിസിയിലെ മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിയുടെ മകന്‍ എന്ന പ്രത്യേകതയാണ് അനില്‍ ആന്റണിക്ക് ഉള്ളത്. ആന്റണിയുടെ മകനെന്ന സ്വാധീനത്താല്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സെല്ലിന്റെ ചുമതലക്കാരനായിരുന്നു അനില്‍ ആന്റണി.


ഇതുകൂടി വായിക്കാം: ആന്റണി കോണ്‍ഗ്രസില്‍ നിന്ന് വിരമിച്ച ആളെന്ന് മകന്‍ അനില്‍


അനിലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെപ്പോലും വിമര്‍ശിച്ച് അനില്‍ ആന്റണി ബിജെപി നേതാക്കളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ദേശീയതലത്തില്‍ ഒരു ന്യൂനപക്ഷ മുഖം എന്ന നിലയിലാണ് അനില്‍ ആന്റണിയെ ബിജെപി സ്വീകരിക്കുന്നത്.

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ചാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മന്ത്രി പിയൂഷ് ഗോയലാണ് അനിലിനെ വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയിലേക്ക് വരവേറ്റത്. മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും പങ്കെടുത്തിരുന്നു. അനില്‍ കഴിഞ്ഞ ഏതാനും നാളുകളായി വിവിധ വിഷയങ്ങളില്‍ വിഭിന്ന നിലപാടുകള്‍ എടുത്ത ആളായിരുന്നു എന്ന് മുരളീധരന്‍ പറ‌ഞ്ഞു. നരേന്ദ്രമോഡിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അനില്‍ ആന്റണിയുടെ നിലപാട് ശ്രദ്ധേയമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒരു കുടുംബത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ബിജെപി രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ബിജെപി അംഗത്വം സ്വീകരിച്ച് അനില്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള തീരുമാനമല്ല. രണ്ടുമൂന്നു വ്യക്തികളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ബിബിസി ഡോക്യുമെന്ററി നല്ല ഉദ്ദേശ്യത്തോടെയല്ല പുറത്തിറക്കിയത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് രാജ്യതാല്പര്യത്തിന് എതിരായിരുന്നു. രണ്ട് മാസത്തിലേറെയായി നന്നായി ആലോചിച്ചാണ് ഞാന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. നരേന്ദ്രമോഡിയുടെ കാഴ്ചപാടിന് അനുസരിച്ച് സാധാ പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിക്കാനാണ് താല്പര്യം. ഒരു സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

എന്റെ വീട്ടില്‍ നാല് പേരുണ്ട്. നാലുപേര്‍ക്കും വ്യത്യസ്ഥ കാഴ്ചപാടും വീക്ഷണവും ഉണ്ട്. നല്ല പൗരന്മാരായി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് തന്നെ പിതാവ് പഠിപ്പിച്ചത്. അതനുസരിച്ചാണ് ഇപ്പോള്‍ ബിജെപിയില്‍ ചേരുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ താന്‍ വഞ്ചിച്ചിട്ടില്ല. ഇന്ന് കോണ്‍ഗ്രസിലുള്ളവര്‍ രാജ്യത്തിനെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അനില്‍ പറഞ്ഞു. പിതാവ് എ കെ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് വിരമിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്നും അനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അനിലിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എ കെ ആന്റണിയെ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് വൈകീട്ട് കാണാം എന്ന മറുപടി നല്‍കിയത്. പിന്നീട് കേരള നേതാക്കളുടെ കൂടി ഇടപെടലോടെ വൈകീട്ട് അഞ്ചരയ്ക്ക് കെപിസിസി ആസ്ഥാനത്ത് ആന്റണിയുടെ വാര്‍ത്താസമ്മേളനം നടത്താനും തീരുമാനിച്ചു.

 

Eng­lish Sam­mury: For­mer Defence Min­is­ter and top Con­gress leader AK Antony’s son to join BJP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.