29 September 2024, Sunday
KSFE Galaxy Chits Banner 2

ഏപ്രില്‍ 8; അക്ഷര വിപ്ലവം തോപ്പില്‍ഭാസിക്ക് ഇന്ന് നൂറ് വയസ്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 8, 2023 1:30 pm

വിപ്ലവത്തിന്റെ അക്ഷരമുഖം എന്ന പുകഴ്പെറ്റ തോപ്പില്‍ ഭാസിയുടെ നൂറാം ജന്മദിനമാണ് ഇന്ന്. 1924 ഏപ്രീല്‍ 8ന് ആലപ്പുഴജില്ലയിലെ വള്ളികുുന്നം തോപ്പില്‍ വീട്ടില്‍ പരമേശ്വരന്‍പിള്ളയുടേയും,നാണിക്കുട്ടയമ്മയുടേയുംമകനായി ജനിച്ചു. ഭാസ്ക്കരന്‍പിള്ള എന്നായിരുന്നു പേര്.വള്ളിക്കുന്നം എസ്എൻഡിപി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നു വൈദ്യകലാനിധി ഉയർന്ന റാങ്കോടെ പാസ്സായി. 

സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. നാടകങ്ങളിലൂടെയാണ് തോപ്പിൽ ഭാസിയുടെ കലാപ്രവർത്തനം തുടങ്ങുന്നത്. ഭാസിയുടെ ആദ്യ നാടകമായ മുന്നേറ്റം” അരങ്ങേറുന്നത് 1945- ലായിരുന്നു.ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഭാസി എഴുതുന്നത്. അവതരണത്തിൽ റിക്കാർഡ് സൃഷ്ടിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിഎന്ന ആ നാടകം എഴുതിയത് ഒളിവിലിരുന്ന് സോമൻ എന്ന അപരനാമത്തിലായിരുന്നു, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന ഒറ്റ നാടകത്തിലൂടെയാണ് കെപിഎസിയെ അദ്ദേഹം ജനഹൃദയങ്ങളിലെത്തിച്ചു.

1952ല്‍ ഡിസംബര്‍ 6ന് കെപിഎസിയുടെ രാണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമമ്യൂണിസ്റ്റാക്കി അരങ്ങിലെത്തിയത്. ആയിരക്കണത്തിന് വേദികളാണ് പിന്നിട് ആ നാടകത്തെതേടിയെത്തിയത്. തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസറ്റ് ആക്കിയ കെപിഎസിയുടെ നാടകം ഇന്നും ചരിത്രസത്യമായി നിലകൊള്ളുന്നു,.മലയാള നാടകരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയത്.സാമൂഹ്യപ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം. കേരളത്തിലെഏതെങ്കിലുമൊരു വേദിയില്‍ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പില്‍ഭാസി എന്ന പ്രതിഭയുടെ കഴിവ്.നാടകകൃത്ത് , നാടക സംവിധായകൻ,തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, രാഷ്ട്രീയപ്രവർത്തകൻ, നിയമസഭാ സാമാജികൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു.

19 നാടകങ്ങൾ 2 ആത്മകഥാകൃതികൾ രണ്ട് ചെറുകഥാസമാഹാരങ്ങൾ,അഞ്ച് ഏകാങ്ക നാടക സമാഹാരങ്ങൾ ഇരുനൂറിലേറെ തിരക്കഥകൾ.രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968- ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഭാസിയുടെ ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രങ്ങളായിട്ടുണ്ട്. 1961- ൽ മുടിയനായ പുത്രൻ എന്ന തന്റെ നാടകത്തിന് ചലച്ചിത്രഭാഷ്യം രചിച്ചുകൊണ്ടാണ് ഭാസി സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അശ്വമേധം, തുലാഭാരം, കൂട്ടുകുടുംബം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കനൽ, ശരശയ്യ, മൂലധനം എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1970- ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തോപ്പിൽ ഭാസി സംവിധാന രംഗത്തേയ്ക്കും ചുവടുവെച്ചു. ഒരു സുന്ദരിയുടെ കഥ, ഏണിപ്പടികൾ, സർവ്വേക്കല്ല്, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയുൾപ്പെടെ നിരവധി സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. പുതിയ ആകാശം പുതിയ ഭൂമിഎന്നീ നാടകങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.രാമുകാര്യാട്ട്, പി ഭാസ്ക്കരൻ,വിൻസെൻ്റ്, സേതുമാധവൻ, പി എൻ മേനോൻ , ഭരതൻ, പി ജി വിശ്വംഭരൻ, ശശികുമാർ, എം കൃഷ്ണൻ നായർ, കുഞ്ചാക്കോ, പി സുബ്രഹ്മണ്യം തുടങ്ങി മലയാളത്തിലെ ഒട്ടെല്ലാ സംവിധായകർക്കുവേണ്ടിയും തിരക്കഥ ഒരുക്കി. 

കേരള‑കേന്ദ്ര സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ , മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം, സോവിയറ്റ് ലാൻ്റ് നെഹ്രു അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ഒന്നാം കേരള നിയമസഭയിൽ അംഗമായി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്‍റ് , തിരുകൊച്ചി നിയമസഭയില്‍ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്നും വിജയിച്ച് അംഗമായിരുന്നു. 1992 ഡിസംബർ 8‑ന് 68‑ആം വയസ്സിൽ അന്തരിച്ചു. ഭാര്യ അമ്മിണിയമ്മ 2021 ജൂലൈ 15ന് അന്തരിച്ചു. പെരുന്തച്ചന്റെ സംവിധായകൻ അജയൻ, നാടകൃത്ത് തോപ്പിൽ സോമൻ, രാജൻ, മാല, സുരേഷ് എന്നിവരാണ് മക്കൾ. 

Eng­lish Summary:
April 8; Lit­er­ary Rev­o­lu­tion Top­ilb­hasi is 100 years old today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.