30 September 2024, Monday
KSFE Galaxy Chits Banner 2

സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
April 12, 2023 3:45 pm

റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന് മുമ്പ് ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ തലവനും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐടി /കമ്പ്യൂട്ടർ വിഭാഗത്തിലെ ഒരു അധ്യാപകനും ഉൾപ്പെടുന്ന സേഫ് കേരള പ്രോജക്റ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

കേടായ ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പൊലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പോലീസ് വകുപ്പിന് ആവശ്യാനുസരണം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും.

ഇതിന്റെ ഏകോപനത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലം‌ഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള “Ful­ly Auto­mat­ed Traf­fic Enforce­ment Sys­tem” സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

സം‌സ്ഥാനത്തെ ദേശീയ / സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകള്‍ ഹെല്‍‌മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍‌റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍‌ത്താതെ പോകുന്ന വാഹനങ്ങള്‍ (Hit & Run cas­es) തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും.

അനധികൃത പാര്‍‌ക്കിംഗ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകള്‍, അമിത വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്ന 4 fixed ക്യാമറകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന 18 ക്യാമറകള്‍ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. 14 ജില്ലകളിലും കണ്‍‌ട്രോള്‍ റൂമുകളും സ്ഥാപിക്കും.

തുടർ‍ച്ചാനുമതി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 38 ലാന്റ് അക്വിസിഷന്‍ യൂണിറ്റുകളിലെ 516 തസ്തികകള്‍ക്ക് 01.01.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കും.

സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് സ്ഥലം പാട്ടത്തിന്

ടെക്‌നോപാര്‍ക്ക് നാലാംഘട്ട ക്യാമ്പസിലെ മൂന്നേക്കര്‍ സ്ഥലം എമര്‍ജിംഗ് ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറാന്‍ തീരുമാനിച്ചു. 30 വര്‍ഷത്തെ പാട്ടത്തിനാണ് കൈമാറുക.

സ്റ്റാഫ്പാറ്റേണ്‍ പരിഷ്‌ക്കരിക്കും

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കും.

Eng­lish Sum­ma­ry: cab­i­net approves safe ker­ala scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.