19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 13, 2023
July 22, 2023
June 2, 2023
April 13, 2023
April 12, 2023
March 5, 2023
November 6, 2022
October 15, 2022
September 19, 2022
August 25, 2022

കുട്ടിത്തെയ്യം തീമല കയറുമ്പോൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
April 13, 2023 4:30 am

ദൈവപ്രീതിക്കു വേണ്ടി കുട്ടികളെ ഉപയോഗിയ്ക്കുന്ന രീതി പണ്ടേ ഉണ്ട്. കുഞ്ഞുങ്ങൾ നിസഹായരാണല്ലോ. പലതരം പീഡിപ്പിക്കലുകൾ മാത്രമല്ല കാളീപ്രീതിക്കുള്ള ശിശുബലിക്കും കുഞ്ഞുമക്കളെ ഇരയാക്കിയിട്ടുണ്ട്. അഴകേശൻ എന്ന നരാധമൻ കാളിപ്രീതിക്കായി ഏഴുവയസുള്ള ഒരു ബാലനെ കളരിമുറ്റത്ത് കഴുത്തറുത്ത് കൊന്ന പഴയകഥ ഇലന്തൂരിൽ നടന്ന നരബലിക്കാലത്ത് ഓർമ്മിക്കപ്പെട്ടിരുന്നല്ലോ. ശിശുവധം കൂടാതെ എത്രയോ പുണ്യപീഡനങ്ങളാണ് അരങ്ങേറുന്നത്. കവിളുകളിലൂടെയും നാവിലൂടെയും ശൂലം കുത്തിയിറക്കിയും തീകൂട്ടി കാവടിനൃത്തം നടത്തിയും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് കേരളത്തിൽ സാധാരണമാണല്ലോ. കുത്തിയോട്ടക്കാലത്തു ചൂരൽ കൊണ്ട് കുഞ്ഞുങ്ങളെ മുറിവേൽപ്പിക്കുന്നതും വ്രതാനുഷ്ഠാനങ്ങളുടെ പേരിൽ പട്ടിണിക്കിടുന്നതും ഭാരിച്ച പാഠ്യപദ്ധതിക്കു പുറമെ വേദപാഠങ്ങൾ കൂടി കുഞ്ഞുമനസുകളിൽ കുത്തിച്ചെലുത്തുന്നതും അഗ്രചർമ്മം ഛേദിക്കുന്നതുമെല്ലാം മതപരമായി സാധൂകരിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്നത് തടയുവാൻ കർശനമായ നിയമവ്യവസ്ഥ നിലവിലുണ്ട്. കൂടാതെ ബാലാവകാശക്കമ്മിഷനും പ്രവർത്തിക്കുന്നുണ്ട്. ബാലാവകാശക്കമ്മിഷന്റെ മുന്നിൽ ഇപ്പോൾ എത്തിയിരിക്കുന്ന ഒരു പ്രശ്നം പതിമൂന്നു വയസുള്ള ഒരു ബാലനെക്കൊണ്ട് തീച്ചാമുണ്ഡിത്തെയ്യം കെട്ടിച്ചതാണ്. തീച്ചാമുണ്ഡി അഥവാ ഒറ്റക്കോലം, അത്ഭുതവും ഭയവും ആശങ്കയും ജനിപ്പിക്കുന്ന ഒരു അനുഷ്ഠാനമാണ്. ഇതിനായി തീക്കനലുണ്ടാക്കി മലപോലെ കൂട്ടിയിടുന്നു.

ഈ മേലേരിയിലൂടെ തെയ്യക്കോലം കെട്ടിയ പാവം മനുഷ്യൻ ഓടുകയും ചാടുകയും കിടന്നുരുളുകയും ഒക്കെ ചെയ്യുന്നതാണ് കനലാട്ടത്തിന്റെ രീതി. കനലിലൂടെ അതിവേഗം ഓടിപ്പോയാൽ പാദം പൊള്ളുകയില്ല. തീനാളത്തിലൂടെ വേഗം വിരലോടിച്ചാൽ വിരൽ പൊള്ളുകയില്ലല്ലോ. പക്ഷേ പരിചയസമ്പന്നരല്ലെങ്കിൽ അപകടം സുനിശ്ചിതം. ഒപ്പം ആളുകൾ നിന്നു പിടിച്ചുമാറ്റിയില്ലെങ്കിൽ ഏത് മഹാവിഷ്ണുവിന്റെ നേരെയും ശിവനേത്രം തുറക്കും. ഇതിനൊരു പുരാണകഥയുടെ പിൻബലവുമുണ്ട്. അഗ്നിയുടെ അഹങ്കാരം ശമിപ്പിക്കുവാൻ മഹാവിഷ്ണു എന്ന സങ്കല്പ കഥാപാത്രം നടത്തിയ തീക്കളിയാണത്രെ ഇത്. മഹാവിഷ്ണു നരസിംഹത്തിന്റെ വേഷംകെട്ടി ഹിരണ്യകശിപുവിനെ കൊന്നപ്പോൾ പരിഹസിച്ച അഗ്നിഭഗവാനുള്ള പ്രഹരശിക്ഷ. സങ്കല്പം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചാൽ പൊള്ളലേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു കോപം കൊണ്ട് അങ്ങോട്ടു ചാടിയാൽ ഇരുകോപം കൊണ്ട് ഇങ്ങോട്ട് പോരാമോ എന്ന കവിവാക്യമാണ് പ്രസക്തമാകുന്നത്. ചിറയ്ക്കൽ കോവിലകത്തെ ചാമുണ്ഡിക്കോട്ടത്തിലാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഒറ്റക്കോലം കെട്ടി തീയിൽ ചാടിയത്. സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും ഇത് ചർച്ചയായപ്പോൾ ബാലാവകാശക്കമ്മിഷൻ ഇടപെട്ട് കേസെടുത്തു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് കാസർകോട് നിന്നുള്ള ലേറ്റസ്റ്റ് പത്രം മുഖപ്രസംഗം തന്നെ പ്രസിദ്ധീകരിച്ചു. കവിയും വെള്ളൂർ ജവഹർ ലൈബ്രറിയുടെ ഭാരവാഹിയുമായ കെ വി പ്രശാന്തകുമാറിന്റെ പ്രതികരണത്തിൽ തൃക്കരിപ്പൂരിലെ സജി പണിക്കർ, കോറോത്തെ ശശി പണിക്കർ എന്നീ തെയ്യംകെട്ട് കലാകാരന്മാർ അകാലചരമം അടഞ്ഞതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.


ഇതൂകൂടി വായിക്കൂ: കുഞ്ഞാടുകളെ അറവുശാലയിലേക്ക് നയിക്കരുത്


തെയ്യക്കോലങ്ങൾ ഏൽപ്പിച്ച പരിക്കുകളായിരുന്നു കാരണം. ഈ മരണങ്ങൾ അനുസ്മരിച്ചുകൊണ്ട് കുട്ടിത്തെയ്യം കെട്ടലിനെ വിമർശിച്ച കവി, ഫോക്‌ലോർ, കലാഗവേഷണം എന്നൊക്കെ പറഞ്ഞ് ഈ പ്രാകൃതാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അഭിപ്രായപ്പെടുന്നു. കാരക്കുളിയൻ തുടങ്ങിയ കഥകളിലൂടെയും മറ്റും തെയ്യംകെട്ടിലെ അപകടസാധ്യതകളെ ചൂണ്ടിക്കാട്ടിയ അംബികാസുതൻ മാങ്ങാട്, കാഞ്ഞങ്ങാട്ടെ യുവകവിയും അധ്യാപകനുമായ ബാലഗോപാലൻ കാഞ്ഞങ്ങാട്, കവി ശരത് ബാബു പേരാവൂർ, പ്രകാശൻ കരിവെള്ളൂർ, സീതാദേവി കരിയാട്ട്, വി കെ അനിൽ കുമാർ, ടി പ്രേംലാൽ തുടങ്ങിയവരെല്ലാം കുട്ടിത്തെയ്യത്തിന്റെ തീമലകയറ്റത്തെ അപലപിച്ചിട്ടുണ്ട്. വയനാട്ടുകുലവന്റെ ബപ്പിടൽ ചടങ്ങിന് വേണ്ടി മൃഗവേട്ട നടത്തുന്നതിന് എതിരെയുള്ള പ്രകൃതിസ്നേഹികളുടെ വാക്കുകൾ ഇനിയും അന്തരീക്ഷത്തിൽ നിലകൊള്ളുകയാണ്. അപ്പോഴാണ് ഈ ബാലപീഡനത്തിന്റെ അരങ്ങേറ്റവും നടക്കുന്നത്. മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ദുരാചാരങ്ങൾ അനുഷ്ഠിക്കാനുള്ളതല്ല, ലംഘിക്കാനുള്ളതാണ്. ദുരാചാര ലംഘനത്തിന്റെ ആൾരൂപങ്ങളായിരുന്ന വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീർത്ഥനും മറ്റും ജീവിച്ചിരുന്ന മണ്ണിൽ ക്രൂരമായ അനാചാരങ്ങൾ ജീവിച്ചിരിക്കുന്നത് ശരിയുള്ള കാര്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.