23 December 2024, Monday
KSFE Galaxy Chits Banner 2

മാര്‍പ്പാപ്പ നിശാക്ലബ്ബുകള്‍ തിരക്കി!

ദേവിക
വാതില്‍പ്പഴുതിലൂടെ
April 17, 2023 4:40 am

സിനിമയില്‍ ഇന്നസെന്റിന്റെ ഒരു ഡയലോഗുണ്ട്. ‘ഡാ ഇങ്ട് വാടോ.’ നീയെന്തിനാ പഠിക്കുന്നതെന്ന് ജഗദീഷിനോടാണ് ചോദ്യം. എല്‍എല്‍ബിക്കെന്ന് ജഗദീഷ്. ഡാ നീ എന്തിനാാാ പഠിക്കുന്നതെന്നാണ് ചോദിച്ചത്. നീ പഠിച്ചതുകൊണ്ട് നിനക്കും ഗുണമില്ല നാട്ടുകാര്‍ക്കും ഗുണമില്ല. ഭാഷ മനസിലാക്കാതെയും അതിലെ സ്വരത്തിന്റെ പൊരുള്‍ മനസിലാക്കാതെയുമുള്ള ജഗദീഷിന്റെ മറുപടിപോലെയാണ് നമ്മുടെ മലയാള മാധ്യമപ്രവര്‍ത്തനമെന്ന ആക്ഷേപത്തിന് ശക്തിയേറുന്ന കാലമാണിത്. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ പുലിറ്റ് സര്‍പ്രൈസിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഈയിടെ ഒരു വിരുതന്റെ പോസ്റ്റു കണ്ടു. അതിങ്ങനെയാണ്. മാര്‍പ്പാപ്പ കേരളത്തില്‍ വരുന്നു. കുനഷ്ട് ചോദ്യങ്ങളായിരിക്കുമല്ലോ മഹാ ഇടയനോടുപോലും ചോദിക്കുക. നിശാക്ലബ്ബുകളെയും വ്യഭിചാരശാലകളെയും കുറിച്ച് മാര്‍പ്പാപ്പയുടെ അഭിപ്രായമെന്താണെന്ന് ഒരു മാധ്യമപുംഗവന്റെ ചോദ്യം. മാര്‍പ്പാപ്പ നിഷ്കളങ്കനായി ചിരിച്ചുകൊണ്ട് ചോദിച്ചു; അതിനിവിടെ നിശാക്ലബ്ബുകളുണ്ടോ! അന്ന് ദൃശ്യമാധ്യമങ്ങളിലും പിറ്റേന്ന് അച്ചടിമാധ്യമങ്ങളിലും വാര്‍ത്തവന്നു. ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്ന് മാര്‍പ്പാപ്പ തിരക്കി! മറ്റൊരു ചോദ്യം ഒരു മുസ്ലിയാരോടായിരുന്നു. എന്താണ് മുസ്ലിയാരുടെ ഇഷ്ട വിഭവം? ഉമ്മ വയ്ക്കുന്നതാണ് എനിക്കിഷ്ടമെന്ന് മുസ്ലിയാരുടെ ഉത്തരം. പിറ്റേന്ന് വാര്‍ത്ത വന്നപ്പോള്‍ ഉമ്മ വയ്ക്കുന്നതാണ് മുസ്ലിയാര്‍ക്ക് ഏറ്റവും ഇഷ്ടമെന്ന്! തനിക്കു മാത്രമേ തുമ്പിക്കൈയുള്ളൂ എന്ന് ആന പറഞ്ഞാല്‍ പിറ്റേന്ന് വാര്‍ത്ത വരുന്നത് ആനയ്ക്കു തുമ്പിക്കൈ മാത്രമേയുള്ളൂ എന്നു പറഞ്ഞപോലെ. കടയുടെ മുന്നില്‍ ഇഷ്ടികയും ഓടും എന്നെഴുതിവച്ചതുകണ്ട് ഇഷ്ടികയും ഓടുമോ എന്ന് അത്ഭുതപ്പെടുന്ന വളച്ചൊടിപ്പന്മാര്‍. 

എലത്തൂരില്‍ തീവണ്ടിക്കു തീവച്ച ഷാരൂഖ് സെയ്ഫിയാണല്ലോ ഇപ്പോള്‍ മലയാളി മാധ്യമങ്ങളുടെ വാര്‍ത്താതാരം. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ ഒരു തുമ്പും കിട്ടാതെ പൊലീസ് വശം കെടുമ്പോള്‍‍ ഓരോ ദിവസവും ഓരോ വാര്‍ത്തയെഴുതി പുതുമയുണ്ടാക്കാനുള്ള സ്കോപ്പും ഇല്ലാതായി. എട്ടാം ദിവസമായപ്പോള്‍ ഒരു പുത്തന്‍ വാര്‍ത്ത. സംഭവസമയത്ത് അക്രമി ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ട്. ഇപ്പോള്‍ കാവിഷര്‍ട്ട്. ഒമ്പതാം ദിവസം മറ്റൊരു വാര്‍ത്ത ഇന്ന് ഷാരൂഖിന്റെ ഷര്‍ട്ടിന്റെ നിറം പച്ച! പിടിയിലായ അന്നു മുതല്‍ പിന്നെ അയാള്‍ എന്നും കോണകമുടുക്കുമോ! വാര്‍ത്തയ്ക്കുവേണ്ടി വാര്‍ത്ത. ഷാരൂഖുമായി ഷൊര്‍ണൂരിലെ ഒരു പെട്രോള്‍ പമ്പിലെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ പമ്പുടമയുടെ കണ്ണാടി ക്യാമ്പിലെത്തി. പമ്പുടമ ഒരു തടിച്ച കണക്കു പുസ്തകം പൊലീസ് ഉദ്യോഗസ്ഥന് നീട്ടി. അദ്ദേഹം അതില്‍ ഒരു ഒപ്പു പോടി. കാശില്ലാത്തതിനാല്‍ സര്‍ക്കാര്‍ കടം പെട്രോളടിക്കുന്നതിനുള്ള പറ്റുവരവ് ബുക്കായിരുന്നു അത്. അകലെ കണ്ണാക്കൂട്ടിലെ കലാപരിപാടികള്‍ കണ്ട മാധ്യമ ശിങ്കിടി മുങ്കന്മാര്‍ എഴുതി. ഈ പമ്പില്‍ ഷാരൂഖ് ഒളിച്ചിരുന്നതു സംബന്ധിച്ച പമ്പുടമയുടെ മൊഴിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു. പറ്റുവരവു ബുക്കില്‍ ഒപ്പിടുന്നതും വലിയ വാര്‍ത്തയാക്കുന്ന മാധ്യമ കോലങ്ങള്‍!

വിശുദ്ധ വാരമായപ്പോള്‍ ചില ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്ക് ഒരു ഉള്‍വിളി. ബിജെപിയോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നു, റബ്ബറിനു മുന്നൂറു രൂപ തന്നാല്‍ വോട്ടെല്ലാം ബിജെപിക്കെന്ന് തലശേരി ബിഷപ്പ് പാംപ്ലാനി. മോഡിഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരെന്ന് കര്‍ദ്ദിനാള്‍ ആല‍ഞ്ചേരി. ഇതോടെ അരമനകള്‍ നിരങ്ങിയും മലയാറ്റൂര്‍ മല അല്പം കയറിയും അരമനകളിലെ ഭക്ഷണം ഓസിനടിച്ചും ബിജെപി നേതാക്കള്‍, വിഷു ദിനത്തിന് മതമേലധ്യക്ഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി ഇഡ്ഡലിയും സാമ്പാറും വിളമ്പുന്നു. മുപ്പതു വെള്ളിക്കാശ് പ്രതീകാത്മകമായി ദക്ഷിണ നല്‍കുന്നു. ആകെ ജഗപൊഗ. എന്നാല്‍ വിഷുനാളില്‍ത്തന്നെ ചില ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ സമര്‍പ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യമൊട്ടാകെ നടന്നത് 28,000 ത്തില്പരം ക്രൈസ്തവ പീഡനങ്ങള്‍. മുന്നൂറിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തു. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് നൂറുകണക്കിന് കന്യാസ്ത്രീകളെയും വൈദികരെയും കല്‍ത്തുറുങ്കിലടച്ചു. നിരവധി ക്രൈസ്തവരെ അരുംകൊല ചെയ്തു. ഈ സംഭവങ്ങള്‍ കേട്ട് അതീവ ദുഃഖിതയായിരുന്നു രാഷ്ട്രപതിയെന്നാണ് ക്രൈസ്തവ സംഘത്തെ നയിച്ച ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിച്ചിറ പറഞ്ഞത്. അദ്ദേഹം മറ്റ് ചില കാര്യങ്ങള്‍ കൂടി പറഞ്ഞത് കേരളത്തിലെ ബിജെപിക്കാരുടെ ധൃതരാഷ്ട്രാലിംഗനത്തെക്കുറിച്ചാണ്. മതമേലധ്യക്ഷന്മാര്‍ക്ക് വിശ്വാസികളില്‍ വലിയ സ്വാധീനമുണ്ടെന്നാണ് ചിലര്‍ കരുതുന്നത്. 

അതെല്ലാം പഴങ്കഥ. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ നിലപാടുകളും ഉയര്‍ന്ന ചിന്താബോധവും ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ട് മാറ്റിക്കളയാവുന്നതില്പരം മൗഢ്യമുണ്ടോ. കാരണം കേരളം വേറെ ലെവലിലാണ് എന്ന ഭരണിക്കുളങ്ങരയുടെ വാക്കുകള്‍ നമ്മുടെ ആലഞ്ചേരി പിതാവ് കേട്ടോ ആവോ. വൈകാതെ ഒരു തലയുരുളാന്‍ പോകുന്നു. ഇന്ത്യന്‍ വെറ്ററിനറി സയൻസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മുധി രാജിന്റെ. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു കണ്ടുപിടിത്തം നടത്തി. ഗോമൂത്രത്തില്‍ മാരകമായ 14 ഇനം ബാക്റ്റീരിയകളുണ്ടെന്ന്. ഈ മൂത്രം കുടിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിക്കുമെന്നാണ് കണ്ടുപിടിത്തം. അഷ്ടൈശ്വര്യസമൃദ്ധിദായകമായ ഗോമൂത്രത്തെ മുധിരാജ് അപമാനിച്ചിരിക്കുന്നുവെന്ന് സംഘ്പരിവാറുകാര്‍ പറഞ്ഞു തുടങ്ങി. ഈ കണ്ടുപിടിത്തം വഴി വിശുദ്ധയായ ഗോമാതാവിനെയാണ് അയാള്‍ അവഹേളിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥാണെങ്കില്‍ വഴിയിലെങ്ങാണ്ട് പശു മൂത്രിക്കുന്നതു കണ്ടാല്‍ ആസനത്തിനടുത്ത് കൈക്കുമ്പിള്‍ കാട്ടി ആവോളം ഗോമൂത്രം കുടിക്കുന്നയാള്‍. അപ്പോള്‍ പിന്നെ അവനെ ക്രൂശിക്കുക. നാഥിന്റെ കുരിശുമരണം അടുത്തുകഴിഞ്ഞു, ആമേന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.