23 November 2024, Saturday
KSFE Galaxy Chits Banner 2

നിരത്തുകള്‍ ഇനി എഐ കാമറ നിയന്ത്രണത്തില്‍

അരുണിമ എസ്
തിരുവനന്തപുരം
April 19, 2023 11:17 pm

ഹെല്‍മെറ്റില്ലാതെ, ട്രിപ്പിള്‍സുമടിച്ച് ഫോണില്‍ വര്‍ത്തമാനം പറഞ്ഞൊക്കെ വണ്ടിയെടുക്കാമെന്ന വിചാരമുണ്ടെങ്കില്‍ ഓര്‍ത്തോ.…’ പണി വരുന്നുണ്ട്’. സാങ്കേതിക തടസം മൂലം വിശ്രമത്തിലായിരുന്ന നിരത്തുകളിലെ എഐ കാമറകള്‍ ഇന്ന് മുതല്‍ ഇരട്ടി ഊര്‍ജത്തോടെ പണി തുടങ്ങുകയാണ്. ഗതാഗതലംഘനം കണ്ടാല്‍ ഉടനടി പിഴ എന്നതാണ് ഇനിയുള്ള രീതി. 

കെല്‍ട്രോണുമായുള്ള കരാറിലൂടെ സ്ഥാപിച്ച എംവിഡിയുടെ സോഫ്റ്റ്‌വേര്‍ നിയന്ത്രിത കാമറയെ വെട്ടിച്ച് കടക്കല്‍ അത്രയെളുപ്പമുള്ള പരിപാടിയാകില്ല. സംസ്ഥാനത്താകെ 726 അത്യാധുനിക ക്യാമറകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇതില്‍ 675 എഐ കാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, നാല് സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, നാല് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ എന്നിവയുള്‍പ്പെടും. ജില്ലാ കൺട്രോൾ റൂമുകള്‍ വഴിയാണ് ഗതാഗത നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. പരിശോധന സമയത്ത് കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് ലഭിക്കും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് നിരത്തുകളിലുള്ളത് എന്നതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താനാകും. 

സ്വയം അപ്ഡേറ്റാവുന്ന ഡീപ്പ് ലേണിങ് ടെക്നോളജി സോഫ്റ്റ്‌വേറാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4ജി സംവിധാനത്തിലൂടെയുമാണ് കാമറ പ്രവർത്തിക്കുന്നത്. ഉടനടി ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയയ്ക്കും. മാറ്റി സ്ഥാപിക്കുന്നത് എളുപ്പമാണെന്നതിനാൽ നിലവിലുള്ള കാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെടാനും സാധ്യതയുണ്ട്. 

Eng­lish Sum­ma­ry: The streets are now under AI cam­era control

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.