19 December 2024, Thursday
KSFE Galaxy Chits Banner 2

മധു ചോദിക്കുന്നു; എന്നെ കൊന്നതെന്തിന്?

രമേശ് ബാബു
മാറ്റൊലി
April 21, 2023 4:30 am

വിശപ്പ് സഹിക്കാനാവാതെ ഒരു പിടി അരിയെടുത്തു എന്ന കുറ്റത്തിന് അട്ടപ്പാടിയിലെ ആൾക്കൂട്ടം മർദിച്ച് അവശനാക്കി കൈകൾ കൂട്ടിക്കെട്ടി മുക്കാലിയിൽ കൊണ്ടുനിർത്തിയ മധു എന്ന ആദിവാസി യുവാവിന്റെ ദൈന്യചിത്രം പ്രബുദ്ധ കേരളത്തോട് വരുംകാലങ്ങളിലും നിങ്ങൾ എന്തിനെന്നെ കൊന്നു എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടിരിക്കും. 2018 ഫെബ്രുവരി 22ന് വനത്തിൽ നിന്ന് ആൾക്കൂട്ടം പിടികൂടി മർദിച്ച് അവശനാക്കി കാഴ്ചവസ്തുവാക്കി മുക്കാലിയിൽ നിരാലംബനായി നിർത്തുമ്പോൾ മധുവിന്റെ വാരിയെല്ലുകൾ അടിയേറ്റ് തകർന്നിരുന്നു. മുഖത്തുനിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ചോരയിറ്റിയിരുന്നു. അപ്പോഴും ഇവർ എന്തിന് തന്നെ മർദിക്കുന്നുവെന്നോ, താൻ എന്തുതെറ്റ് ചെയ്തിട്ടാണ് ഈ ക്രൂരതകൾ അനുഭവിക്കുന്നതെന്നോ മധുവിന് അറിയില്ലായിരുന്നു. നിഷ്കളങ്കമായ നോട്ടമെറിഞ്ഞ് നിശൂന്യനായുള്ള ആ നില്പ് പ്രതികളെയും കൂറുമാറിയവരെയും കേരള സമൂഹത്തെയും ഇനിയും വേട്ടയാടിക്കൊണ്ടുതന്നെയിരിക്കും.  ആൾക്കൂട്ടത്തിൽ മനുഷ്യർ തികച്ചും വ്യത്യസ്തമായാണ് പെരുമാറുക എന്ന മനഃശാസ്ത്ര സിദ്ധാന്തത്തിന് അടിവരയിടുന്ന മധു കൊലപാതകത്തിൽ അഞ്ചു വർഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ 13 പേർക്ക് ഏഴുവർഷം വീതം കഠിനതടവും ലക്ഷം രൂപ വീതം പിഴയുമാണ് മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്‍കുമാർ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. “വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. എന്നാൽ, ശിക്ഷ ഇതുപോരാ” എന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന്റെ അഭിപ്രായം തന്നെയാണ് പൊതുസമൂഹത്തിനുമുള്ളത്. മനഃസാക്ഷി നഷ്ടപ്പെട്ട മനുഷ്യരെ നവീകരിക്കാനുള്ള കഴിവ് ഈ വിധിക്ക് ഉണ്ടായാലും ഇല്ലെങ്കിലും ഇത്രടംവരെ ഈ കേസ് എത്തിച്ചതിനും ശിക്ഷ വിധിക്കാനായതിലും അഡ്വ. രാജേഷ് എം മേനോൻ, കേരള പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥർ, കേരള ഹൈക്കോടതി, മാധ്യമങ്ങൾ, പൗരസമൂഹം എല്ലാം അഭിനന്ദനമർഹിക്കുന്നു. ആദിവാസികളുടെ കേസ് കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ പ്രത്യേക കോടതികളും നിയമങ്ങളും എല്ലാം ഉണ്ടായിട്ടും മധുവിന് അല്പമെങ്കിലും നീതികിട്ടാൻ അഞ്ച് വർഷക്കാലം വൈകിയത് അധികൃതർക്ക് ഈ കേസിൽ താല്പര്യമില്ലാത്തതുകൊണ്ടുതന്നെയാണ്. പ്രതികൾക്കും അവരെക്കാൾ ക്രൂരരായ കൂറുമാറിയ സാക്ഷികൾക്കും കാലം തക്കതായ എന്തെങ്കിലും കാത്തുവച്ചിട്ടുണ്ടാവും.  ഈ ഉത്തരാധുനികാനന്തര ലോകത്തിലും ആദിവാസി സമൂഹം നേരിടുന്ന അവഗണനയുടെയും വറുതിയുടെയും നീതിനിഷേധങ്ങളുടെയും പ്രതീകമാണ് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധു. അടിമത്തം, ഉന്മൂലനം, ബലം പ്രയോഗിച്ചുള്ള ജോലിയെടുപ്പിക്കൽ, വിവേചനം, പട്ടിണി, മോശം ആരോഗ്യസ്ഥിതി, തൊഴിലില്ലായ്മ, പലവിധ ചൂഷണം, മനുഷ്യാവകാശലംഘനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആദിവാസി സമൂഹം ലോകത്തിന്റെ വിവിധ കോണുകളിൽ അനുഭവിച്ചുവരുന്നത്. മനുഷ്യവിരുദ്ധമായൊരു ലോകത്താണ് അവർ എവിടെയും ജീവിക്കുന്നത്.

 


ഇതുകൂടി വായിക്കു; മധു വധക്കേസ്; 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും


ലോകജനസംഖ്യയിൽ 40 കോടിയോളം ആദിവാസികളുണ്ടെന്നാണ് കണക്ക്. 90 രാജ്യങ്ങളിൽ അയ്യായിരം വ്യത്യസ്ത വിഭാഗങ്ങളായി അവർ അധിവസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവുമധികം. ഒരു രാജ്യമെന്ന നിലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്നത് ഇന്ത്യയിലാണ്. (അമേരിക്കയിലെ ടേർട്ടിൽ ഉപദ്വീപിൽ കൊളംബസ് കാലുകുത്തിയ 1492 ഒക്ടോബർ 12നാണ് ആദിവാസി സമൂഹങ്ങളെ സംബന്ധിച്ച് പാതകത്തിന്റെ നൂറ്റാണ്ടുകൾ ആരംഭിക്കുന്നത്.)
ഇന്ത്യ സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഭരണകൂടവും പരിഷ്കൃത സമൂഹവും ആദിവാസി ജനതയെ ഉൾക്കൊള്ളാനുള്ള മനോനിലയിലേക്ക് വന്നിട്ടില്ല എന്നതിന്റെ നേർസാക്ഷ്യമാണ് മധുവിന്റെ ദാരുണാന്ത്യം. പതിനൊന്നു കോടിയിലേറെ വരുന്ന ഇന്ത്യയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം വിലയിരുത്തിയാൽ ഭൂരിപക്ഷവും അരക്ഷിതാവസ്ഥയിലാണ്. അവർക്ക് ഭൂമിയില്ല, വാസയോഗ്യമായ വീടില്ല, മാന്യമായതൊഴിലും വിദ്യാഭ്യാസവുമില്ല. നവജാത ശിശുമരണം ഏറ്റവും കൂടുതൽ നടക്കുന്നത് ആദിവാസികൾക്കിടയിലാണ്. പ്രകൃതി ദുരന്തങ്ങളുടെ പ്രാഥമിക ഇരകളും ആദിവാസികൾ തന്നെ.
ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുമ്പോഴും അവരുടെ അവസ്ഥയ്ക്ക് മാറ്റം വരാത്തത് എന്തുകൊണ്ടെന്ന് സൂക്ഷ്മമായി ഇനിയെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു. ചില കാരണങ്ങൾ സാമാന്യനിരീക്ഷണത്തിൽ തന്നെ പ്രത്യക്ഷമാണ്. കുടിയേറ്റക്കാരും കയ്യേറ്റക്കാരും കൂടി വനമേഖലകളിൽ നടപ്പാക്കിയ ഭൂവിനിയോഗം തകർത്ത പരിസ്ഥിതി, ആദിവാസികളുടെ തനത് ജീവിതരീതിയെയും ഭക്ഷണശീലത്തെയും അതുവഴി ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തകർന്ന ആവാസ വ്യവസ്ഥയിൽ അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് അവർ. കൃഷിഭൂമിയുടെ അന്യാധീനപ്പെടൽ, വനത്തിന്റെയും ജലാശയങ്ങളുടെയും പ്രാപ്യത നഷ്ടപ്പെടൽ തുടങ്ങിയ കാര്യങ്ങളും അവരുടെ ജീവിതത്തെ തകിടം മറിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കു; കേസ് അട്ടിമറിക്കാനുള്ള ശ്രമം തടഞ്ഞ് മധുവിന്റെ കുടുംബത്തിനൊപ്പം നിന്നത് ഇടതുസര്‍ക്കാര്‍


 

കേരളത്തിൽ നാലരലക്ഷത്തോളം മാത്രമാണ് ആദിവാസികളുടെ ജനസംഖ്യ. കേരളത്തിലെ മൊത്തം ആദിവാസികളിൽ 37.36 ശതമാനവും വയനാട്ടിലാണ്. ആദിവാസികളുടെ നാടായിരുന്ന വയനാട്ടിൽ ഇന്ന് ഇതരവിഭാഗക്കാരാണ് പ്രബലം. ആദിവാസി ക്ഷേമം യാഥാർത്ഥ്യമാക്കണമെങ്കിൽ വനാവകാശ നിയമങ്ങൾ കുറ്റമറ്റതാക്കണം. കയ്യേറ്റ ക്കാരെ ഒഴിപ്പിക്കണം, കാനനവാസികൾക്ക് സ്വയംഭരണാവകാശം നൽകണം. എന്നാൽ ആദ്യം വേണ്ടത് പൊതുബോധവൽക്കരണമാണ്, വനവാസിക്കും പരിഷ്കൃതനും. ആദിവാസി മേഖലയിലെ വികസന പ്രവർത്തനങ്ങളിലും അതീവജാഗ്രതയാണ് പുലർത്തേണ്ടുന്നതെന്ന് അവയുടെ തിരിച്ചടികൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ആദിവാസി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങൾ ആദിവാസികളെ മറ്റുള്ളവർക്കൊപ്പം അറിവും ചിന്തയും ഉള്ളവരാക്കി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്, അല്ലാതെ അവരെ പിന്നാക്കാവസ്ഥയിൽ തന്നെ നിലനിർത്തി കാലങ്ങളോളം ശമ്പളം പറ്റാനും വെട്ടിപ്പിനും വഴിതേടുകയല്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ആദിവാസി എന്ന വാക്കിന്റെ ഭാഷാർത്ഥം ‘പൂർവനിവാസികൾ’ എന്നാണല്ലോ. ഭൂമിയിൽ ലോകബോധം സൂക്ഷിക്കുന്ന മനുഷ്യഗണമാണവർ. സ്വകാര്യസ്വത്തോ, നാളെയോ ഇല്ലാത്ത സമൂഹം. ആദിവാസി സമൂഹത്തെയും അവരുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതാണെന്ന സന്ദേശം സമൂഹത്തിന് നൽകാൻ മധുവിന്റെ ബലിക്ക് ആയോ എന്ന് നിശ്ചയിക്കേണ്ട സമയമാണ്.

മാറ്റൊലി

“വെളുത്ത ഗോത്രത്തിന്റെ അന്ത്യം ഏറെ വിദൂരമായേക്കാം. പക്ഷേ തീർച്ചയായും സമീപസ്ഥമാവുകതന്നെ ചെയ്യും. ”- റെഡ് ഇന്ത്യൻ തലവൻ സിയാറ്റിൽ മൂപ്പൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.