30 September 2024, Monday
KSFE Galaxy Chits Banner 2

അമര്‍ത്യാ സെന്നിനെ ഭീഷണിപ്പെടുത്തി വിശ്വഭാരതി സർവകലാശാല

Janayugom Webdesk
കൊൽക്കത്ത
April 20, 2023 10:38 pm

നൊബേല്‍ ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്നിന് വിശ്വഭാരതി സര്‍വകലാശാലയുടെ ഭീഷണി. അമർത്യാ സെൻ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി ആരോപിക്കപ്പെടുന്ന 13 സെന്റ് ഭൂമി മേയ് ആറിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്നും സർവകലാശാല നോട്ടീസില്‍ പറയുന്നു. കൈവശമുള്ള ഭൂമിയുടെ മുഴുവൻ ഭാഗത്തിന്റെയും അംഗീകൃത ഉടമ തങ്ങളാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സെന്നിന്റെ കുടുംബം സംസ്ഥാന സർക്കാരിന് കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു. പിന്നാലെയാണ് സർവകലാശാല പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.

മാതാപിതാക്കളായ അശുതോഷ് സെന്‍, അമിത സെന്‍ എന്നിവരുടെ മരണശേഷം അമര്‍ത്യാ സെന്നിനു കൈവന്ന ഭൂമിയില്‍ 13 സെന്റ് കൈയെറിയതാണെന്നാണ് സര്‍വകലാശാലയുടെ ആരോപണം. 1943 ല്‍ അമര്‍ത്യാ സെന്നിന്റെ പിതാവ് 1.25 ഏക്കര്‍ ഭൂമിയാണ് 99 വര്‍ഷത്തെ പാട്ടത്തിനെടുത്തിരുന്നത്. അമർത്യാ സെൻ നിലവില്‍ വിദേശത്താണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ശാന്തിനികേതനിലെ ‘പ്രതിചി’ വീട് ഒഴിപ്പിക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ബോൾപൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

കേസ് തീർപ്പാക്കുന്നതുവരെ ‘പ്രതിചി’ വീടിന്റെ പരിസരത്ത് ക്രമസമാധാനം നിലനിർത്താൻ ശാന്തിനികേതൻ പൊലീസിനോട് മജിസ്ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്. മോഡി സർക്കാർ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സെന്നിനെതിരായ നീക്കങ്ങളുടെ ഭാഗമാണ് ഒഴിപ്പിക്കലെന്നാണ് ആരോപണം. മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവര്‍ അമർത്യാ സെന്നിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ വിഷയത്തിൽ വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തി അമർത്യാ സെന്നിനെ വ്യക്തിപരമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Eng­lish Sum­ma­ry: Vis­va-Bharati to take pos­ses­sion of land from Amartya Sen on May 6
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.