21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 6, 2025
February 26, 2025
February 23, 2025
January 26, 2025
July 13, 2023
July 8, 2023
June 11, 2023
May 23, 2023
May 22, 2023
May 5, 2023

ഓപ്പറേഷന്‍ കാവേരി: 534 പേരെ സൗദിയില്‍ എത്തിച്ചു


* വെടിനിര്‍ത്തല്‍ സമ്പൂര്‍ണമല്ലെന്ന് യുഎന്‍ പ്രതിനിധി
* ലബോട്ടറി പിടിച്ചെടുത്തത്തില്‍ ആശങ്ക 
Janayugom Webdesk
ജിദ്ദ
April 26, 2023 7:34 pm

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 534 പേരെ സൗദിയില്‍ എത്തിച്ചു. 16 മലയാളികള്‍ ഉള്‍പ്പെടെ 278 ഇന്ത്യക്കാരുടെ സംഘവുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് സുമേധയും രണ്ട് വ്യോമസേന വിമാനങ്ങളിലായി 256 പേരെയും സൗദി തലസ്ഥാനമായ ജിദ്ദയിലെത്തിച്ചു. വ്യോമസേനയുടെ സി 130 വിമാനത്തില്‍ 121 പേരെയും 135 പേരെ സി-130 ജെ വിമാനത്തിലുമാണ് സൗദിയിലെത്തിച്ചത്. ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരെ സൗദി എംബസിക്ക് കീഴിലുള്ള സ്‌കൂളില്‍ താല്‍കാലികമായി പാര്‍പ്പിച്ച ശേഷം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനാണ് പദ്ധതി. സൗദിയിലെത്തിയ ഇന്ത്യക്കാരെ രക്ഷാദൗത്യത്തിന്റെ ഏകോപനച്ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ മെത്തകള്‍, ഭക്ഷണം, ശുചിമുറികള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, വൈഫൈ എന്നിവയുള്‍പ്പെടെ എല്ലാം പൂര്‍ണമായും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. 

അതേസമയം, മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ഖാര്‍ത്തൂമിലുള്‍പ്പെടെ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായും ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയും പവർ പ്ലാന്റും പിടിച്ചെടുത്തതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. താല്കാലിക വെടിനിര്‍ത്തല്‍ സമ്പൂര്‍ണമാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് യുഎന്‍ പ്രത്യേക പ്രതിനിധി വോള്‍ക്കര്‍ പെര്‍തെസ് സുരക്ഷാ സമിതിയെ അറിയിച്ചത്. സെെനിക, അര്‍ധസെെനിക മേധാവിമാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാവ്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നതിന് വ്യക്തമായ സൂചനകളൊന്നും ഇതുവരെയില്ലെന്നും പെര്‍തെസ് പറഞ്ഞു. എണ്ണ ശുദ്ധീകരണ ശാലയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെെന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോളറ, അഞ്ചാംപനി, പോളിയോ, മറ്റ് പകർച്ചവ്യാധികൾ എന്നിവയുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ഖാര്‍ത്തൂമിലെ ലബോട്ടറി പിടിച്ചെടുത്തത് സുരക്ഷാ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതിനിടെ, പുറത്താക്കപ്പെട്ട മുന്‍ സുഡാന്‍ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ കോബർ ജയിലിൽ നിന്ന് ഖർത്തൂമിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. സെെന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് കോബർ ജയിലിലെ മെഡിക്കൽ സ്റ്റാഫിന്റെ ശുപാർശ പ്രകാരം ബഷീറിനെയും മറ്റ് 30 പേരെയും സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് സെെന്യം പ്രസ്താവനയില്‍ അറിയിച്ചത്. മൂന്ന് പതിറ്റാണ്ട് സുഡാന്‍ ഭരിച്ച അല്‍ ബഷീറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവ ചുമത്തിയിരുന്നു. 2019 ലെ ഒരു ജനകീയ പ്രക്ഷോഭത്തിനിടെ അൽ-ബഷീർ ഭരണകൂടം അട്ടിമറിക്കപ്പെട്ടത്. 

Eng­lish Summary;Operation Kaveri: 534 peo­ple were brought to Saudi
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.