ദേശീയ പദവി നഷ്ടപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കില്ലെന്നും ബഹുജന അടിത്തറ വിപുലീകരിച്ച് വലിയ മുന്നേറ്റം നടത്താന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. ബാലചന്ദ്ര കാംഗോ. ഒഞ്ചിയം രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ജനയുഗത്തോട് സംസാരിക്കുന്നു. ദേശീയ പദവി നഷ്ടമായതിനെക്കുറിച്ച് പല സഖാക്കൾക്കും ആശങ്കയുണ്ട്. പ്രതിസന്ധികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുത്തരിയല്ല. ഇതിനെക്കാൾ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലാണ് മുമ്പ് പ്രവർത്തിക്കുകയും പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും ചെയ്തത്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഇതുസംബന്ധിച്ച് ഒരു തുറന്ന കത്തെഴുതുകയുണ്ടായി. ബഹുജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പാർട്ടി മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും ഒരു മാനദണ്ഡം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അളക്കാനോ അതിനെ ചെറുതാക്കാനോ കഴിയില്ല. ബഹുജന പ്രസ്ഥാനങ്ങൾ വളർത്തിയെടുത്ത്, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്, കൂടുതൽ ശക്തമായി കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചുവരികതന്നെ ചെയ്യും. നമുക്ക് ശുഭാപ്തി വിശ്വാസങ്ങളാകാം.
രാജ്യം വലിയ ഭീഷണിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ‘ബിജെപിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കണമെന്നാണ് പുതുച്ചേരിയിൽ സമാപിച്ച ദേശീയ കൗൺസിൽ യോഗം ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ മുദ്രാവാക്യം ഉന്നയിച്ച്, രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കും. മേയ് 15 മുതലാണ് ക്യാമ്പയിൻ ആരംഭിക്കുക. ചില സവിശേഷമായ കാരണങ്ങളാൽ കേരളത്തിൽ അത് സെപ്റ്റംബർ മാസമാണ് നടക്കുക. രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും ഈ മുദ്രാവാക്യം എത്തിക്കുന്ന തരത്തിലുള്ളതായിരിക്കും ക്യാമ്പയിൻ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഭരണകൂടം മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും പാടെ അട്ടിമറിക്കുകയാണ്. സിബിഐയെയും ജുഡീഷ്യറിയെയും ഇഡിയെയും പട്ടാളത്തെയും ഉള്‍പ്പെടെ വരുതിയിലാക്കാനും നശിപ്പിക്കാനുമാണ് നീക്കം നടത്തുന്നത്. ചാതുർവർണ്യത്തിലധിഷ്ഠിതമായ ഒരു ഭരണക്രമമാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്. മഹാനായ അംബേദ്കർ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ വേളയിൽത്തന്നെ ചാതുർവർണ്യ മേധാവിത്തത്തിനെതിരായ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അതിനെയെല്ലാം തകർത്തുകൊണ്ട് ചാതുർവർണ്യത്തെ തിരികെക്കൊണ്ടുവരാനുള്ള പരിശ്രമങ്ങളുമായാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബിജെപിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂ എന്ന പ്രസക്തമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്.
നരേന്ദ്രമോഡി ഒരു യാദൃച്ഛികതയല്ല. ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ലോകത്തെ മുതലാളിത്ത ശക്തികളെല്ലാം ജനങ്ങൾക്കുമുമ്പിൽ പ്രതിസന്ധികൾ സൃഷ്ടിച്ച് അതിൽ നിന്ന് മുതലെടുത്തുകൊണ്ടാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. മോഡി സര്‍ക്കാരും ഇത്തരത്തില്‍ത്തന്നെയാണ് ജനങ്ങൾക്കുമേൽ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിനായി അവർ ആദ്യം ചെയ്യുന്നത് ജനകീയസമരങ്ങളെ ചെറുക്കുക എന്നതാണ്. കർഷക സമരത്തെ, പൊതുമേഖലയിലെ മുന്നേറ്റങ്ങളെ എല്ലാം തകർത്തുകൊണ്ടാണ് മുതലാളിത്തശക്തികളും അതിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഭരണകൂടങ്ങളും അവരുടെ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. അവരുടെ മാതൃക ഹിറ്റ്ലറും മുസോളിനിയുമാണ്. 1930കളിൽ അവർ ചെയ്തതുപോലെ ജനങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ബിജെപി സര്‍ക്കാരും അവരുടെ നയങ്ങൾ അടിച്ചേല്പിക്കുന്നു. 1925ലാണ് ഇന്ത്യയിൽ ആർഎസ്എസ്‌പിറവിയെടുത്തത്. ഇതേ വർഷം തന്നെയാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയും രൂപംകൊണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളിവർഗത്തിന്റെ പാർട്ടിയാണ്. അത് നാട്ടിലെ സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി, അവരുടെ ശാക്തീകരണത്തിനുവേണ്ടി നിലകൊണ്ടു. എന്നാൽ ആർഎസ്എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രസ്ഥാനമായിരുന്നു.
മോഡി സര്‍ക്കാര്‍ ജനങ്ങളുടെ താല്പര്യമല്ല മറിച്ച് അഡാനിമാരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. 1991 ൽ പുതിയ സാമ്പത്തിക നയം രാജ്യത്ത് ആരംഭിക്കുന്ന സമയത്ത് ശതകോടീശ്വരന്റെ എണ്ണം ഒന്നു മാത്രമായിരുന്നു. ഇന്ന് 16 ആയി . ലോകകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം ലഭിക്കുന്നതിനുവേണ്ടിയുള്ള മത്സരമാണ് രാജ്യത്തെ സമ്പന്നർ നടത്തുന്നത്. അവരെ സഹായിക്കുന്നതാകട്ടെ രാജ്യത്തെ ഭരണകൂടവും. അതാണ് അഡാനി നടത്തിയ വ്യാജ ഇടപാടുകളെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നത്. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ നാട് മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കപ്പെട്ടു. ആർഎസ്എസ് ആ ഭിന്നിപ്പിനെ ഇഷ്ടപ്പെട്ടവരാണ്. 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന അവസരത്തില്‍ രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ വക്താക്കളായ ആർഎസ്എസ് ആണ്. അവര്‍ ഭരണഘടനാ മൂല്യങ്ങളെ നേരിട്ട് ആക്രമിക്കാൻ തീരുമാനിക്കുന്നു. നീതിപീഠവും സെെന്യവും ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളെയും തകർക്കുന്നു. വിഭജിച്ച് ഭരിക്കുക എന്ന ആസൂത്രിത അജണ്ടയാണ് ആർഎസ്എസിന്റേത്. പ്രതിരോധ മേഖലയെപ്പോലും സ്വകാര്യവല്‍ക്കരിക്കുന്നു എന്നതാണ് നാം നേരിടുന്ന വലിയ ഭീഷണി. യുദ്ധോപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന അമേരിക്കൻ കമ്പനികളുടെ മാതൃകയിൽ അവയുടെ പങ്കാളികളാകാൻ ഇന്ത്യയിലെ ഭരണകൂടം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഏത് രാജ്യങ്ങളിലാണ് ഇനി ആയുധങ്ങൾ പ്രയോഗിക്കപ്പെടുക എന്ന് പറയാൻ കഴിയില്ല.
ആയുധക്കച്ചവടത്തിന് കമ്പനികളുണ്ടാക്കി അതിൽ പങ്കാളിത്തം നേടുന്ന അമേരിക്കൻ മാതൃകയെ പിന്തുണയ്ക്കുന്ന ഭരണകൂടത്തെ തൂത്തെറിഞ്ഞേ മതിയാകൂ. അതിനാൽ 2024ലെ തെരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും ബിജെപി ഇന്ത്യയിൽ പരാജയപ്പെടണം. അവസരസമത്വവും സാമൂഹ്യനീതിയും മതേതരത്വ സംരക്ഷണവുമെന്ന വിജയവാഡാ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. രാജ്യത്തിന്റെ വികസന മാതൃക എന്തെന്ന് കേരളം കാട്ടിത്തരികയാണ്. കേരളമാതൃകയാണ് ഇന്ത്യയിൽ സാമൂഹ്യനീതി നടപ്പിലാക്കുന്നതിന് ഏറ്റവും മികച്ച മാതൃകയായി കണക്കാക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ഏറ്റവും മികച്ചത്. കേരള വികസന മാതൃകയാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന് ശരിയായ ബദലേതെന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുച്ചേരി പാര്‍ട്ടി കോൺഗ്രസ്, ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിന്റെ മാതൃകയായി കേരള മോഡൽ വികസനം അംഗീകരിച്ചിരുന്നു. തീർച്ചയായും അത് ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമാണ്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം പരസ്പര സഹകരണ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ജിഡിപി വാർഷിക വരുമാനത്തിന്റെ 10 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി ചെലവഴിക്കുന്നവരാണ് കേരള സർക്കാർ. ആറ് ശതമാനം ആരോഗ്യ മേഖലയുടെ ഉന്നമനത്തിനുവേണ്ടി ചെലവഴിക്കുന്നു. അത്തരം മാതൃകകളാണ് നമുക്ക് അനിവാര്യമായത്. ഭരണവർഗം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ലാഭം ജനങ്ങൾക്കുവേണ്ടിയുള്ളതാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.