18 December 2024, Wednesday
KSFE Galaxy Chits Banner 2

മോഡിയുടെ ഭാരതത്തിൽ തഴയ്ക്കുന്ന പുതിയ സംഘങ്ങൾ

ഹരീഷ് ഖരെ
May 11, 2023 4:30 am

രാഷ്ട്രീയ സാമൂഹ്യശാസ്ത്ര തല്പരരെ സംബന്ധിച്ച് പുതിയ ഇന്ത്യയിൽ വളർന്നുവന്ന ഗ്യാങ് സിൻഡ്രോ(സംഘ പ്രവണത)മിനെ തിരിച്ചറിയാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയൊരു ശ്രമം നടത്തിയാൽ ഒരു താല്ക്കാലിക പട്ടിക തയ്യാറാക്കുവാൻ സാധിക്കും. പഴയകാലത്തുള്ള വിവിധ കുറ്റവാളി സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്രമോഡിയുടെ ഭരണകാലത്ത് പുതിയതായി ഉദയം ചെയ്ത വിവിധ ഗ്രൂപ്പുകളായിരിക്കും അത്തരമൊരു പട്ടികയിലുണ്ടാവുക. പുതിയ ഇന്ത്യയിൽ നാളിതുവരെയില്ലാത്ത പുതിയ സംഘങ്ങളാണ് ഉദയം ചെയ്തിരിക്കുന്നതും വിഹരിക്കുന്നതും.
ഡൽഹിയിലെ അതീവ സുരക്ഷയുള്ള തിഹാർ ജയിലിൽ തില്ലു താജ്പുരിയ എന്ന് വിളിക്കപ്പെടുന്ന ഒരാളെ ഗുണ്ടാസംഘം വധിച്ചതിന്റെ വിവരണങ്ങൾ ഒരാഴ്ചയായി പത്രങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. ജയിലിനകത്ത് ഇരയെ 50 തവണയെങ്കിലും കുത്തിയതെങ്ങനെയെന്ന് വായനക്കാരോട് പറയുന്നുണ്ട്. തിഹാർ ജയിലിനുള്ളിൽ ഗുണ്ടാസംഘങ്ങളുടെയും സംഘത്തലവന്മാരുടെയും സാന്നിധ്യം പുതിയതല്ല. അഴിമതിക്കാരായ പൊലീസ് സേനയും അവരെ തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വവുമൊക്കെയുള്ള രാജ്യത്ത് ഇത്തരം കുറ്റവാളികളുടെ ജയിൽസാന്നിധ്യം അസാധാരണമല്ല. കുറ്റവാളികളെ ജയിലിലടച്ച് പുറത്തുള്ള ക്രമസമാധാന പാലനം ഉറപ്പാക്കുകയെന്നത് സാധാരണമാണ്. എന്നാൽ തിഹാർ ജയിലിൽ നടന്ന സംഭവത്തിന് അതിനുമപ്പുറം മാനങ്ങളുണ്ട്.
ക്രമസമാധാനത്തിന്റെ പൂർണമായ ഫലപ്രാപ്തി ഏറ്റവും ഉന്നതമായ രീതിയിൽ പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് നവ ഇന്ത്യയുടെ ഉന്നതർ അവകാശപ്പെടുന്നുവെങ്കിലും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് തില്ലുവിന്റെ കൊലപാതകം വ്യക്തമാക്കുന്നത്. 10 വർഷമായിട്ടും കണക്കുതീർന്നിട്ടില്ലെന്നും പുതിയ ഭരണത്തിലെ ഉന്നതർ കുറ്റവാളികളുടെയും അർധ കുറ്റവാളികളുടെയും കൂട്ടത്തെ ഫലപ്രദമായി സംരക്ഷിക്കുന്നുവെന്നും കണ്ടെത്തിയതിനാലാവണം അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ പോലും ഇത്തരം നിഷ്ഠുര കൊലപാതകങ്ങൾ നടത്തുന്നതിന് പ്രേരണയാകുന്നത്. ജയിലുകളിൽ മാത്രമല്ല ഇത്തരം സംഘങ്ങൾ സ്വൈരവിഹാരം നടത്തുന്നത്.
ഇത്തരത്തിലുള്ള എല്ലാ സംഘങ്ങളും തീവ്ര കുറ്റവാളികള്‍ ഉൾപ്പെടുന്നതല്ല. എന്നാൽ ഈ സംഘങ്ങൾ നിയമത്തിന് പൂർണമായും വഴങ്ങുന്നവയല്ല. ഇത്തരം സംഘങ്ങൾ ക്രിമിനൽ അധോലോകത്ത് മാത്രമല്ല, എല്ലാ മേഖലകളിലും രൂപപ്പെട്ടിരിക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. വ്യാപാരം, രാഷ്ട്രീയം, കായികരംഗം, ഉദ്യോഗസ്ഥതലം, വിനോദം, സാഹിത്യം മുതലായ എല്ലാ മേഖലകളിലും അവരുണ്ടിപ്പോൾ.


ഇതുകൂടി വായിക്കൂ:  മോഡി പ്രസംഗിച്ചു, പെണ്ണു പ്രസവിച്ചു!


ആദ്യത്തേതായി കണ്ടെത്താനാവുക കിരൺ പട്ടേൽ‑ഷെർപുരിയ സിൻഡ്രോമാണ്. ഇത് പുതിയതല്ലെങ്കിലും സർക്കാരിന്റെ വേണ്ടപ്പെട്ടവരായി ഭാവിച്ച് എന്തും ചെയ്യാമെന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയെന്നതിന്റെ പുതിയ ഉദാഹരണമാണിത്. അധികാര ബന്ധങ്ങൾ സൂചിപ്പിച്ചാൽ തങ്ങളുടെ ഏത് കുതന്ത്രങ്ങളും കൗശലത്തോടെ നടപ്പിലാക്കാമെന്ന സ്ഥിതിയുണ്ടായിരിക്കുന്നു. അതുവഴി പ്രശസ്തിയും സാമ്പത്തിക നേട്ടങ്ങളുമാണ് അവർ ലക്ഷ്യമിടുന്നത്. ഒപ്പം ഉന്നത ബന്ധമുണ്ടെന്ന് പറഞ്ഞാൽ ഏത് സൗകര്യങ്ങളും നല്കുന്ന വിധത്തിൽ നമ്മുടെ ഉദ്യോഗസ്ഥ‑ഭരണ സംവിധാനം വിനീത വിധേയരായിരിക്കുന്നുവെന്നാണ് കിരൺ പട്ടേൽ സംഭവം ഉറപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കിരൺ പട്ടേൽ എന്ന ഗുജറാത്തുകാരനും സഞ്ജയ് റായ് ഷെർപുരിയ എന്ന യുപിക്കാരനും കയറിമേയാൻ കഴിഞ്ഞ ഇടങ്ങളും കേന്ദ്രങ്ങളും നടത്തിയ കബളിപ്പിക്കലുകളും ചെറുതല്ല. കശ്മീരിലെ അതീവ സുരക്ഷാ മേഖലകളിൽ പോലും പ്രധാനമന്ത്രിയുടെ ഓഫിസുദ്യോഗസ്ഥനെന്ന പേരിലെത്തിയ കിരൺ പട്ടേലിന് സുഖപ്രവേശം സാധ്യമായി. ഒരു രേഖകളുമില്ലാതെ ആറുമാസം കബളിപ്പിച്ചിട്ടും സുപ്രസിദ്ധമെന്ന് മേനി നടക്കുന്ന ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കിരൺ പട്ടേലിന്റെ തട്ടിപ്പ് കണ്ടെത്താനായില്ല. അതിന് കശ്മീരിലെ ഒരു സാധാരണ ഉദ്യോഗസ്ഥൻ വേണ്ടിവന്നു. എന്നിട്ടും കിരൺ പട്ടേലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. ഇനിയദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന് കരുതുന്നത് വിഡ്ഡിത്തവുമായിരിക്കും. കാരണം ഗുജറാത്ത് പൊലീസിന്റെ കയ്യിലാണ് ഈ തട്ടിപ്പുകാരനിപ്പോൾ.


ഇതുകൂടി വായിക്കൂ:  മണിപ്പൂരില്‍ തീപടര്‍ത്തിയത് ബിജെപിയുടെ കലാപക്കൈ


യുപിയിലെ ബിസിനസുകാരനായ സഞ്ജയ് പ്രകാശ് റായ് ഷെർപുരിയയും ആളുകളെ പറ്റിച്ചുനടന്നത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരു പറഞ്ഞാണ്. നിരവധി വ്യാജരേഖകൾ ചമച്ച്, തൊഴിൽ തട്ടിപ്പുൾപ്പെടെയാണ് ഇയാൾ നടത്തിയത്. ഷെർപുരിയ, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗാസിപ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞുകേട്ടിരുന്ന വ്യക്തിയും 2019ൽ വാരാണസി മണ്ഡലം തെരഞ്ഞെടുപ്പ് സംഘാടക ചുമതയുള്ള ആളുമായിരുന്നു. കിരൺ പട്ടേലിനും അടുത്ത ബിജെപി ബന്ധം പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ ചിലരുടെയെങ്കിലും അറിവില്ലാതെ ഇത്തരം തട്ടിപ്പുകൾ നടത്തില്ലെന്ന് ഉറപ്പാണ്.
നവഭാരതത്തിൽ രൂപപ്പെട്ട മറ്റൊരു സംഘമാണ് കായികരംഗത്തെ ദുരുപയോഗം ചെയ്യുന്ന സംഘം. ഏറ്റവും ഒടുവിലത്തെ അതിന്റെ ഉദാഹരണം ഗുസ്തി താരങ്ങളുടെ സമരത്തോടെ കുപ്രസിദ്ധനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങാണ്. മെഡൽ ജേതാക്കളായ കായിക താരങ്ങൾക്കും ഉദ്യോഗസ്ഥരായ വനിതകൾക്കും നേരെ ആസൂത്രിതമായ ലൈംഗികാതിക്രമം നടന്നെന്നാരോപിച്ച് ജനുവരി മുതൽ ബ്രിജ് ഭൂഷണെതിരെ സമരം നടക്കുന്നുണ്ട്. എന്നാൽ ഒരു നടപടിയുമെടുക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. സമാനമായ ആരോപണം ഹരിയാനയിലെ കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെയുമുണ്ടായി. അവിടെയും മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കുന്നതിന് സന്നദ്ധമായില്ല. ആരോപണമുയർന്നതിനെ തുടർന്ന് കായിക വകുപ്പ് ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും മന്ത്രി അധികാരത്തിൽ തുടരുന്നു. ഇത്തരമാളുകളുടെ പ്രശസ്തിയും ജാതിസമവാക്യവും തങ്ങൾക്കുപയോഗിക്കേണ്ടതുണ്ട് എന്നതിനാൽ സംരക്ഷിക്കുന്ന നിലപാടെടുക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ലെന്നത് ഇത്തരക്കാരോടുള്ള അനുഭാവം വ്യക്തമാക്കുന്നുണ്ട്.
കുതന്ത്രങ്ങൾ ആവിഷ്കരിച്ച് അധികാരം പിടിക്കുന്നതിനുള്ള ശ്രമങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ സംഘങ്ങളുടെ രൂപീകരണത്തിന് വഴിവച്ചു. സാമുദായികവും സാമ്പത്തികവുമായ വ്യക്തികളെ ചേർത്ത് രൂപീകരിക്കപ്പെട്ട പ്രസ്തുത സംഘങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിവിധ രീതിയിലുള്ള അധികാരാരോഹണത്തിന് വഴിയൊരുക്കിയത്. അത്തരം സംഘങ്ങളെ തങ്ങളുടെ രാഷ്ട്രീയ‑സാമ്പത്തിക താല്പര്യങ്ങൾ നേടുന്നതിന് കേന്ദ്ര സർക്കാർ നിർലജ്ജം ഉപയോഗിക്കുന്നു. അത് എത്രത്തോളം അപകടകരമാണെന്ന് മണിപ്പൂരിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  മോഡിയും ഊഞ്ഞാൽ നയതന്ത്രവും


അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട അഴിമതി-കമ്മിഷൻ സംഘങ്ങളാണ് മറ്റൊന്ന്. ഇരട്ട എൻജിൻ സർക്കാരെന്ന് മോഡിയും അമിത് ഷായും പുകഴ്ത്തിയ കർണാടകയിൽ 40 ശതമാനം കമ്മിഷൻ സംഘങ്ങളാണ് വിഹരിച്ചത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കരാറുകൾക്കും സർക്കാർ ഇടപാടുകൾക്കും ഇത്തരത്തിൽ കമ്മിഷൻ ഇടപാടുകൾ നടത്തുന്ന സംഘങ്ങൾ തഴച്ചു വളർന്നു എന്ന ആരോപണം ശക്തമായി നിലനില്ക്കുന്നുണ്ട്.
ഭരണത്തെ നിയന്ത്രിക്കുന്ന ആർഎസ്എസ് സംഘങ്ങളും വൻകിട പദ്ധതികൾ രൂപീകരിച്ച് നേട്ടമുണ്ടാക്കുന്ന സംഘങ്ങളും ബിജെപി ഭരണത്തിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ശക്തമായി നിലവിലുണ്ട്. സെൻട്രൽ വിസ്ത പോലുള്ള പദ്ധതികൾ അതിന്റെ ഫലമായാണ് രൂപപ്പെടുന്നത്. ഓരോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ നടക്കുന്നത് ഇത്തരം സംഘങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നു. പ്രഖ്യാപനം നടത്തുന്ന പദ്ധതികളുടെ കരാറും മറ്റും സംസ്ഥാന സർക്കാരുകൾ പോലുമറിയാതെയാണ് വൻകിട കമ്പനികൾക്ക് നേരിട്ട് നല്കുന്നത്. ഇത്തരത്തിൽ പുതിയ സംഘങ്ങളുടെ ജന്മവും വളർച്ചയും ഇന്ത്യയുടെ ഭരണ‑രാഷ്ട്രീയ തലത്തിൽ രൂഢമൂലമായിരിക്കുന്നുവെന്നതാണ് വസ്തുത.

(ദ വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ
ആസ്പദമാക്കി തയ്യാറാക്കിയത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.