3 May 2024, Friday

മോഡി പ്രസംഗിച്ചു, പെണ്ണു പ്രസവിച്ചു!

ദേവിക
വാതില്‍പ്പഴുതിലൂടെ
May 1, 2023 4:15 am

ചരിത്രം തിരുത്തിക്കുറിച്ച നിരവധി പ്രസംഗങ്ങള്‍ നാം കേട്ടിട്ടുണ്ട്. ഒരു ജനതയുടെ സ്വാതന്ത്ര്യാഭിനിവേശവും സ്വപ്നങ്ങളും ക്രോധപ്പൂക്കളും വിടര്‍ന്ന പ്രസംഗങ്ങള്‍. ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രസംഗം, ലിങ്കന്റെ റഗറ്റിസ് ബര്‍ഗ്ഗ് പ്രസംഗം, മാര്‍ട്ടിന്‍ ലുഥര്‍ കിങ്ങിന്റെ എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗം, മരിക്കാന്‍ ഞാന്‍ തയ്യാര്‍ എന്ന് നെല്‍സണ്‍ മണ്ടേല പറഞ്ഞത്, നിങ്ങള്‍ ഞങ്ങള്‍ക്ക് ആയുധം തരിക, ഞങ്ങള്‍ പണിതീര്‍ത്തുകൊള്ളാം എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ആഹ്വാനം എന്നിങ്ങനെ ചരിത്രത്താളുകളിലുടനീളം പുതു ചരിത്രമെഴുതിയ പ്രസംഗങ്ങള്‍. ഗാന്ധിജിക്കു ശേഷം നാം അത്തരമൊരു പ്രസംഗം കേള്‍ക്കാന്‍ ദാഹിച്ചു മോഹിച്ചിരിക്കുമ്പോള്‍ അതിനും ഒരു തീരുമാനമായി. നമ്മുടെ പ്രധാനമന്ത്രി മോഡിയുടെ മന്‍കി ബാത് ഗീര്‍വാണത്തിന്റെ നൂറാം അധ്യായമായിരുന്നു ഇന്നലെ. ഏതോ ഒരജ്ഞാതന്‍ എഴുതിക്കൊടുത്ത മന്‍കി ബാത് പ്രസംഗം ടെലി പ്രോംപ്റ്ററിലൂടെ വായിച്ച് മോഡി നമ്മെ രോമാഞ്ചമണിയിച്ചു. ഇന്ത്യക്കാരെ മാത്രമല്ല, ഈ ഗിരിപ്രഭാഷണം കേള്‍പ്പിച്ചത്. ഐക്യരാഷ്ട്ര സഭയെപ്പോലും ഈ പ്രസംഗം കേള്‍പ്പിച്ചു ബോറടിപ്പിച്ചുകളഞ്ഞു! ഓരോ പ്രസംഗവും അങ്ങേര്‍ക്ക് ഒരു തീര്‍ത്ഥാടനമായിരുന്നുവത്രേ. തന്റെ പ്രസംഗം ജനങ്ങള്‍ക്ക് ഒരു വലിയ ഉത്സവമാണെന്ന ഒരു മുട്ടന്‍ തള്ളലും. രാജ്യത്തെ പട്ടിണിയേയും പട്ടിണി മരണങ്ങളെയും കുറിച്ച് ചരിത്രം തിരുത്തിക്കുറിച്ച ഈ പ്രസംഗത്തില്‍ മേഡി മിണ്ടിയില്ല. ദിനേനയുള്ള പതിനായിരക്കണക്കിനു പട്ടിണി മരണങ്ങളോടും മോഡി മൗനിയായി. എന്നാല്‍ മോഡിയുടെ പ്രസംഗം ഇന്നലെ ചരിത്രത്തില്‍ ഇടംപിടിച്ചു. ഗര്‍ഭിണിയായ ഒരു പെണ്ണിന് മോഡിയുടെ പ്രസംഗം കേട്ടേ തീരു എന്നു മോഹം. ഭര്‍ത്താവും മാതാപിതാക്കളും ആവുന്നത്ര വിലക്കിയിട്ടും ഗര്‍ഭിണിക്ക് ഒരേ വാശി. അവള്‍ മോഡിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ സംഘടിപ്പിച്ച സദസിലേക്ക്. മോഡി പ്രസംഗം തുടങ്ങിയതോടെ പെണ്ണിന് അസ്വസ്ഥത. പ്രസംഗം പാതിവഴിയെത്തും മുമ്പ് ഗര്‍ഭിണി പ്രസവിച്ചു. അങ്ങനെ പ്രസംഗം പ്രസവത്തിനു വഴിതെളിച്ചുവെന്ന ചരിത്രസ്ഥാനം കൂടി ഇതാ മോഡിക്ക്. ഗാന്ധിജിയുടെയോ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയോ എബ്രഹാം ലിങ്കന്റെയോ പ്രസംഗം കേട്ട് ഏതെങ്കിലും പെണ്ണ് പ്രസംഗിച്ചിട്ടുണ്ടോ എന്നു തെളിയിക്കാന്‍ ഉള്ളി സുരേന്ദ്രന്റെ വെല്ലുവിളി. 

അരിക്കൊമ്പന്‍ എന്ന കൊലയാളി ആനയാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളിലെ ദുരന്ത താരം. അരിക്കൊമ്പന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും അവന്‍ കാടകങ്ങളില്‍ ചിന്നം വിളിക്കുന്നതും ആനപ്പിണ്ടമിടുന്നതുമെല്ലാം ഫുട്ബോളിന്റെയോ ക്രിക്കറ്റിന്റെയോ റണ്ണിങ് കമന്ററി പോലെ ചാനലുകളും പത്രങ്ങളും നമുക്കു വിളമ്പിത്തന്നു. ‘മയക്കുവെടി ഇതാ അരിക്കൊമ്പന്റെ മസ്തകത്തില്‍, ഇല്ല, വെടികൊണ്ടില്ല. രണ്ടാമത്തെ വെടി അവന്റെ ആസനത്തെ ലക്ഷ്യമാക്കി ഇതാ പൊട്ടിക്കഴിഞ്ഞു. ക്ഷമിക്കണം പ്രേക്ഷകരേ ആ വെടിയും കൊണ്ടില്ല. അതായത് ഗോള്‍, ഗോള്‍ എന്ന് ആര്‍ത്തലച്ചു വിളിക്കുന്ന റണ്ണിങ് കമന്റേറ്റര്‍ അയ്യോ അതു ഗോളല്ല എന്നു തലയില്‍ കൈവച്ചു പറയുന്നതുപോലെയുള്ള റിപ്പോര്‍ട്ടിങ്’. പിലാവുള്ളകണ്ടി തെക്കേ പറമ്പില്‍ ഉസ ‘എന്ന പി ടി ഉഷയുടെ പേര് ലോക കായിക വേദികളിലെ കമന്റേറ്റര്‍മാര്‍ ആര്‍ത്തുവിളിക്കുമ്പോള്‍ അതുകേട്ട് രോമാഞ്ചമണിയുന്ന ഒരു കാലമുണ്ടായിരുന്നു. പയ്യോളിയില്‍ പിറന്ന ആ പട്ടിണിക്കുരുന്നിനെ ഒളിമ്പിക്സു വരെയത്തിച്ചത് ഇന്ത്യന്‍ കായിക ലോകമായിരുന്നു. ഒളിമ്പിക്സില്‍ വെറും .01 സെക്കന്റിന് ഉഷക്കു വെങ്കലം നഷ്ടപ്പെട്ടപ്പോള്‍ രാജ്യം തേങ്ങി. കായികരംഗത്തു നിന്നും വിരമിച്ച ശേഷം പി ടി ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിന്റെ മുതലാളിയായി. ബിജെപിക്കാര്‍ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്തതോടെ ഒരു കാലത്തെ ട്രാക്കിലെ രാജ്ഞി ആളങ്ങുമാറി. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി. പയ്യോളി എക്സ്പ്രസും സ്വര്‍ണ കന്യകയുമെന്നൊക്കെ വാഴ്ത്തപ്പെട്ട ഉഷയുടെ തലയില്‍ ഡോക്ടറേറ്റിന്റെ കിരീടവുമണിയിച്ചു. ഇതിനെല്ലാമിടയിലാണ് ഇന്ത്യന്‍ സ്ത്രീത്വത്തെയാകെ നാണംകെടുത്തി ഉഷയുടെ നിറഞ്ഞാട്ടം. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപിയുടെ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ് വനിതാ ഗുസ്തി താരങ്ങളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തിനുവേണ്ടി ഒളിമ്പിക്സ് മെഡല്‍ കൊയ്ത്തു നടത്തിയ താരങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ സമരത്തിലാണ്. പീഡിതരില്‍ ഒരു പതിനാറുകാരി പോലുമുണ്ട്. 

ബ്രിജ് ഭൂഷണാണെങ്കില്‍ ലക്ഷണമൊത്ത ക്രിമിനല്‍. ആദ്യകാലങ്ങളില്‍ പോക്കറ്റടിയായിരുന്നു തൊഴില്‍. പിന്നീട് ബൈക്കും കാറും മോഷണം. രണ്ടു കൊലക്കേസുകളില്‍ പ്രതി. അച്ഛന്റെ ലീലാവിലാസങ്ങളില്‍ നാണം കെട്ട് ജീവിക്കാന്‍ വയ്യാതായി എന്നു കുറിപ്പെഴുതിവച്ച് മകന്‍ ആത്മഹത്യ ചെയ്തു. യോഗി ആദിത്യനാഥിന്റെ വലംകൈ. യുപിയിലെ മഹാശക്തിയായ വ്യാജ മദ്യ മാഫിയയുടെ തലവനാണ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായ ബ്രിജ് ഭൂഷണ്‍. ഗുസ്തി താരങ്ങളായ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതു ഹോബിയാക്കിയ ഈ മനുഷ്യപ്പിശാചിനെതിരെയാണ് സമരം. സമരത്തെ അച്ചടക്കമില്ലായ്മയെന്നാണ് വന്ന വഴികള്‍ മാറിനടക്കുന്ന ഉഷ വിശേഷിപ്പിച്ചത്. പീഡിപ്പിക്കപ്പെടാന്‍ വനിതാ ഗുസ്തി താരങ്ങള്‍ അച്ചടക്കത്തോടെ നിന്നുകൊടുക്കണമത്രെ. ഓഗസ്റ്റില്‍ ഷഷ്ഠി പൂര്‍ത്തായാകുന്ന ഉഷ ജനിച്ചതു കേരളത്തിലായതില്‍ നമുക്കു നാണിച്ചു മുഖം താഴ്ത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.