23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
October 28, 2024
October 9, 2024
October 8, 2024
October 5, 2024

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്കുള്ള ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ

പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ്; ഉന്നതതല യോഗത്തിലാണ് തീരുമാനം
web desk
തിരുവനന്തപുരം
May 11, 2023 6:57 pm

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കണം. കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കണം. എസ്ഐ, എഎസ്ഐ, സിപിഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രകളിലും ഓരോ ആറു മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇതു നിർവഹിക്കണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം.

പ്രതികളെയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം ഏബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ പി എം മുഹമ്മദ് ഹനീഷ്, ടിങ്കു ബിസ്വാൾ, എഡിജിപിമാരായ എം ആർ അജിത് കുമാർ, ടി കെ വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sam­mury: Safe­ty of health­care work­ers-Chief Min­is­ter called an emer­gency high-lev­el Meet­ing Decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.