18 December 2024, Wednesday
KSFE Galaxy Chits Banner 2

കാലത്തിനൊപ്പം മാറ്റവുമായി സഹകരണ മേഖല

പ്രധാന ചുവടുവയ്പായി സഹകരണ നിയമത്തിലെ സമഗ്ര പരിഷ്കരണം
മാതൃകയായി സഹകരണ പുനരുദ്ധാരണ നിധി
നിക്ഷേപ പരിരക്ഷയില്‍ വര്‍ധന
പി എസ് രശ്‌മി
തിരുവനന്തപുരം
May 15, 2023 6:00 pm

പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കുകയാണ് സംസ്ഥാനത്തിന്റെ സഹകരണ മേഖല. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ജനങ്ങളെ കരുതലോടെ ചേർത്തു നിർത്തുന്ന നടപടികളാവിഷ്കരിച്ചു കൊണ്ടാണ് സഹകരണവകുപ്പ് മുന്നോട്ടു നീങ്ങുന്നത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സഹകരണ നിയമത്തിലെ സമഗ്ര പരിഷ്കരണമാണ് ഈ മേഖലയിലെ പ്രധാന നേട്ടം.

സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലേക്ക് പോയ നിയമം എല്ലാ ജില്ലകളിലെയും സിറ്റിങ് പൂർത്തിയാക്കി അടുത്ത വർഷം നടപ്പിലാക്കാവുന്ന ഘട്ടത്തിലാണ്. ഈ രംഗത്ത് കണ്ടുവരുന്ന ആശാസ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതും നിയമഭേദഗതിയിൽ ഉൾപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള മൂന്നാം നൂറുദിന പദ്ധതിയിൽ തുടക്കമിട്ട കേരള സഹകരണസംഘം പുനരുദ്ധാരണ നിധി രാജ്യത്തിന് മാതൃകയായി മാറുന്ന പദ്ധതിയാണ്. റിസർവ് ബാങ്ക് ഷെഡ്യൂൾ ബാങ്കുകൾക്കും പൊതുമേഖല ബാങ്കുകൾക്കും വേണ്ടി നടത്തുന്ന രക്ഷാപാക്കേജുകളാണ് നിലവിൽ ആകെയുള്ളത്.

സംസ്ഥാന സർക്കാരിന്റെ നിധിയുടെ ഭാഗമായി പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സംഘങ്ങളുടെ ഫണ്ട് ഗുണകരമായ രീതിയിൽ വിനിയോഗിക്കപ്പെടുന്നത് നിരീക്ഷിക്കുകയും ചെയ്യും. നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതിനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വമുള്ള സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ പരിരക്ഷ രണ്ട് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചു. സംഘങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി ടീം ഓഡിറ്റും നടപ്പിലാക്കിക്കഴി‍ഞ്ഞു. ഇതിനായി സഹകരണ സംഘങ്ങളുടെ പ്രവർത്തന മൂലധനത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ മൂന്നു വിഭാഗമായി സംഘങ്ങളെ തരം തിരിച്ചു. മൂന്നു വിഭാഗത്തിലും ഓഡിറ്റ് ടീമും ഉണ്ടാകും. ഒരു ടീമിൽ മൂന്ന് ഓഡിറ്റർമാർ ഉണ്ടാവും. അവരാണ് ഇനി പരിശോധനകൾ നടത്തുക.

സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കെയര്‍ ഹോമും കുടിശിക നിവാരണവും 

സഹകരണ വകുപ്പ് പ്രളയകാലത്ത് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി തുടക്കമിട്ട കെയർ ഹോം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പാലക്കാട് പദ്ധതിയുടെ രണ്ടാംഘട്ടം നിർമ്മാണം തുടങ്ങി. കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് വായ്പകളിൽ ആശ്വാസം നൽകുന്നതിനായി നവകേരളീയം കുടിശിക നിവാരണമെന്ന പദ്ധതിയിലൂടെ നടപടി സ്വീകരിച്ചു. കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം നൽകുന്ന മരണാനന്തര ധനസഹായം പരമാവധി മൂന്ന് ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി 1.25 ലക്ഷം രൂപയായും വർധിപ്പിച്ചു. സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സഹകരണ പാലിയേറ്റീവ് കെയർ പദ്ധതി ആലപ്പുഴ, വയനാട്, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ നടന്നുവരികയാണ്.

‘കുടുംബത്തിന് ഒരു കരുതൽ ധനം’ 

പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബത്തിന് സഹായകമാകുന്ന വിധത്തിൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് ‘കുടുംബത്തിന് ഒരു കരുതൽ ധനം’ എന്ന പേരിൽ സഹകരണവകുപ്പ് തുടക്കമിട്ട പുതിയ നിക്ഷേപ പദ്ധതി. പ്രാഥമിക സഹകരണ ബാങ്കുകളിലാണ് ഇത് നടപ്പാക്കുക. ഒന്നിച്ചോ തവണകളായോ കുടുംബങ്ങൾ നിക്ഷേപിക്കുന്ന തുക ബാങ്കുകളിൽ നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം കാൽലക്ഷം രൂപയും പരമാവധി നിക്ഷേപം മൂന്നുലക്ഷം രൂപയുമാണ്. 36 മാസത്തിനകം നിശ്ചിത തുക ഒന്നിച്ചോ തവണകളായോ നിക്ഷേപിക്കാം. നിക്ഷേപത്തുകയ്ക്ക് ഉയർന്ന നിരക്കിൽ പലിശ നൽകും. നിലവിൽ നിക്ഷേപത്തിന് ഒമ്പതു ശതമാനം പലിശ നിശ്ചയിച്ചിട്ടുണ്ട്. പ്രകൃതിദുരന്തം, മഹാമാരി, കുടുംബാംഗങ്ങൾക്കുണ്ടാവുന്ന മഹാരോഗങ്ങൾ, മരണം, വിവാഹം തുടങ്ങിയ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വിനിയോഗിക്കാനുള്ള തുകയാണിത്. ഇത്തരം ഘട്ടങ്ങളിൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തുകയുടെ 90 ശതമാനം തുക ഉടൻ അനുവദിക്കും. കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ, കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് തുടങ്ങിയ മറ്റ് സേവനങ്ങൾ കൂടി പദ്ധതിയിൽ ലഭിക്കും. സാമൂഹിക സുരക്ഷാപദ്ധതി എന്ന നിലയിൽ കുടുംബശ്രീ മുഖേന ഓരോ പ്രദേശത്തും കുടുംബയോഗം ചേർന്നാണ് ഇത് നടപ്പിലാക്കുക. പൈലറ്റ് പദ്ധതി എന്ന നിലയിൽ പാലക്കാട് ജില്ലയിൽ ‘കരുതൽ ധനം’ ആരംഭിച്ചു.

സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ 

സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ ആമസോണിലൂടെ ഓൺലൈൻ വില്പനയിലേക്കും എത്തി. സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ഏകീകൃത ബ്രാൻഡിങ്ങിന് കീഴിൽ കൊണ്ടുവന്ന് വിപണിയിൽ സജീവമാകുന്നതിനായി സഹകരണ വകുപ്പ് രൂപം നൽകിയ ”ബ്രാൻഡിങ് ആന്റ് മാർക്കറ്റിങ് ഓഫ് കോ- ഓപ്പറേറ്റീവ് പ്രോഡക്ട്സ്‘എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഓൺലൈൻ വിപണിയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നടത്തിയ രണ്ട് സഹകരണ എക്സ്പോകളിലൂടെ കേരളത്തിലെ കാർഷിക ഉല്പന്നങ്ങളിൽ നിന്ന് സഹകരണ വകുപ്പ് വിപണിയിലേക്ക് എത്തിക്കുന്ന ബ്രാൻഡുകൾ ജനങ്ങൾക്ക് കൂടുതൽ പരിചയമായി. വിദേശ വിപണിയിലേക്ക് അവയ്ക്ക് കയറ്റുമതിക്കുള്ള വഴിയും തുറന്നു. മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന്റെ ഗിഗ്/ഓൺലൈൻ പ്ലാറ്റ് ഫോം മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി സഹകരണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി കേരളത്തിലെ എല്ലാ ജില്ലകളും പ്രവർത്തന പരിധിയായിട്ടാണ് കേരള സ്റ്റേറ്റ് ഷോപ്സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഗിഗ് വർക്കേഴ്സ് വെൽഫെയർ ഫെഡറൽ സഹകരണ സംഘം തുടങ്ങിയിരിക്കുന്നത്.

മാറ്റങ്ങളുടെ വഴിയില്‍ കേരള ബാങ്ക് 

കേരള ബാങ്കിന്റെ പ്രവർത്തനം പുതിയ തലത്തിലേക്ക് മാറിക്കഴിഞ്ഞു. ബാങ്കിങ് ആധുനിക രീതിയിൽ മാറ്റുന്നതിന്റെ ഭാഗമായി കോർബാങ്കിങ് നടപടികൾ ഏകീകരിച്ച് എല്ലാ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി സിസ്റ്റം ഇന്റഗ്രേറ്റിങ് സേവനദാതാക്കളായ വിപ്രോയുമായി കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. ബാങ്കിങ് സോഫ്റ്റ്‌വേറായ ‘ഫിനക്കിളിന്റെ’ ആധുനിക വേർഷൻ ഉപയോഗിക്കുന്ന സഹകരണ മേഖലയിലെ ആദ്യ ബാങ്കാകും കേരള ബാങ്ക്. പ്രാഥമിക സംഘങ്ങളുടെയും കേരള ബാങ്കിന്റെയും നിക്ഷേപ, വായ്പാ പദ്ധതികളുടെ വൈവിധ്യവൽക്കരണത്തിനുള്ള നൂതനപദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി നബാർഡ് ധനസഹായത്തോടെ ബിസിനസ് ഡൈവേഴ്‌സിഫിക്കേഷൻ ആന്റ് പ്രോഡക്ട് ഇന്നൊവേഷൻ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണ മേഖലയിലും ഇടപെടല്‍ 

കേരളത്തിലെ മാലിന്യ സംസ്കരണ മേഖലയിലും വകുപ്പ് ഇടപെടലുണ്ട്. 30 യുവ സഹകരണ സംഘങ്ങളിൽ ഒന്നായ ഇ‑നാട് സഹകരണസംഘത്തിന്റെ ഉറവിട മാലിന്യസംസ്കരണ പദ്ധതി കോഴിക്കോട്, കൊച്ചി, ഏറ്റുമാനൂർ നഗരസഭകളിലടക്കം 75 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Eng­lish Sam­mury:  Co Oper­a­tive Sec­tor progress in kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.