22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 15, 2024
November 14, 2024
November 13, 2024
November 10, 2024
November 7, 2024
November 5, 2024
November 1, 2024
October 30, 2024

ഭൂരഹിതരില്ലാത്ത കേരളത്തിന് പട്ടയ മിഷന്‍

web desk
May 17, 2023 5:00 am

അടുത്ത മൂന്നുവർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. അധികാരത്തിലിരിക്കുന്ന ഏതൊരു മുഖ്യമന്ത്രിയും നടത്തുന്ന വെറുമൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നില്ല അത്, ജനപക്ഷ നിലപാടുകളെടുക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആത്മവിശ്വാസത്തോടെയുള്ള വാഗ്ദാനം തന്നെയാണ്. തുടര്‍സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് സര്‍ക്കാരും റവന്യു വകുപ്പും അതിബൃഹത്തും സമഗ്രവുമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അതിന്റെ ഭാഗമായിരുന്നു പട്ടയമേള. രണ്ടുവർഷത്തിനിടെ 1,21,604 പട്ടയങ്ങളാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്.

ഈ വർഷം 40,000 പട്ടയം നല്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 67,069 പേരെ ഭൂമിയുടെ അവകാശികളാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം 54,535 പട്ടയങ്ങള്‍ കെെമാറിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,011 പേര്‍ക്കാണ് ഭൂരേഖകള്‍ നല്കിയത്. ഇതോടെ ഏഴുവർഷത്തിനകം ഇടതുപക്ഷ സര്‍ക്കാര്‍ 2,98,615 കുടുംബങ്ങളെയാണ് ഭൂവുടമകളാക്കിയത്. മേളയുടെ സമാപനം നടന്ന തൃശൂര്‍ ജില്ലയിൽ 11,221 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 17,845 പട്ടയങ്ങൾ കൈമാറി സംസ്ഥാനത്ത് ഒന്നാമതെത്തിയത് പാലക്കാട് ജില്ലയാണ്. അടുത്ത അഞ്ചു മാസത്തിനുള്ളിൽ 40,000 പട്ടയം കൂടി നല്കാനാണ്‌ റവന്യുവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി ജില്ലാ, താലൂക്ക്‌ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേര്‍ന്നുവരികയാണ്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കോളനികളിലെ പട്ടയപ്രശ്‌നങ്ങളും പരിഹരിക്കും. വ്യക്തികളും പഞ്ചായത്തുകളും സൗജന്യമായി നല്കിയ ഭൂമിയിൽ വീടുകൾ നിർമ്മിച്ച്‌ നല്കിയിട്ടുണ്ടെങ്കിലും നിരവധി കോളനിവാസികള്‍ക്ക്‌ പട്ടയമില്ല എന്നത് പ്രത്യേകപരിഗണയിലെടുത്ത് ഭൂരേഖ കൈമാറുമെന്നാണ് റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആദിവാസിമേഖലകളിലും വനമേഖലകളിലുമുള്ള പട്ടയവിതരണം ഈ വർഷംതന്നെ പൂർത്തിയാക്കാനും നടപടിയെടുക്കും. വനംവകുപ്പുമായി ചേർന്നായിരിക്കും നടപടി ക്രമം ഏകോപിപ്പിക്കുക. വനപ്രദേശത്തെ കൃത്യമായ ഡാറ്റ തയ്യാറാക്കി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പരിഹരിക്കും. ലാൻഡ്‌ ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ കൂടി തീർപ്പാക്കിയാല്‍ ഈ വർഷം ഒരു ലക്ഷത്തോളം പട്ടയം നല്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ ദൗത്യം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നല്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന, ജില്ല, താലൂക്ക് ദൗത്യ സംഘം, വില്ലേജ്തല വിവരശേഖരണ സമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന നിരീക്ഷണ സമിതിയുടെ കൺവീനർ റവന്യു സെക്രട്ടറിയാണ്. നിയമ, തദ്ദേശ സ്വയംഭരണ, പൊതു മരാമത്ത്, വനം-വന്യജീവി, ജലവിഭവ, പട്ടികജാതി-വർഗ, ഫിഷറീസ് വകുപ്പ് സെക്രട്ടറിമാരാണ് അംഗങ്ങള്‍. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കുകളിലെ കുടുംബങ്ങൾക്ക് പട്ടയം നല്കുന്ന നടപടികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ കീഴ് ഘടകങ്ങളുടെ പ്രവർത്തനത്തിനുള്ള നിർദേശവും ഏകോപനവും, നിയമപരമായ പ്രശ്നങ്ങളുള്ള പട്ടയ അപേക്ഷകളിൽ ആവശ്യമായ നിയമ ഭേദഗതി ശുപാർശ, വിവിധ വകുപ്പുകളുടെ കൈവശത്തിലുള്ളതും ഉപയോഗത്തിലില്ലാത്തതുമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഏകോപനം തുടങ്ങിയവയാണ് സമിതിയുടെ ചുമതല.

ജില്ലകളിൽ സന്ദർശനം നടത്തിയോ ഓൺലൈൻ വഴിയോ യോഗങ്ങൾ നടത്തി സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടുക, ആവശ്യമായ നിയമ, ചട്ടഭേദഗതി, നയതീരുമാനങ്ങൾ സർക്കാരിലേക്ക് ശുപാർശ ചെയ്യല്‍, ജില്ലകൾക്ക് അവരുടെ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ പട്ടയ ഫോമുകൾ നല്കല്‍, ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദേശങ്ങളും, പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഉത്തരവുകളും ക്രോഡീകരിച്ച് സോഫ്റ്റ്‍വേറിൽ ലഭ്യമാക്കല്‍ തുടങ്ങിയവയും ദൗത്യ സംഘത്തിന്റെ ചുമതലയാണ്. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സംസ്ഥാനത്തെ 15 വില്ലേജുകളിൽ ജൂലൈ മാസത്തോടെ നിലവിൽ വരുമെന്ന് റവന്യു മന്ത്രി അറിയിച്ചിട്ടുണ്ട്. അനധികൃതമായും അനർഹമായും കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് അർഹരായ ഭൂരഹിതർക്ക് നല്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഇതെല്ലാം പൂര്‍ണമാകുന്നതോടെ സംസ്ഥാനത്ത്‌ എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യവും പൂര്‍ത്തിയാകുമെന്നുറപ്പാണ്.

Eng­lish Sam­mury: ker­ala gov­ern­ment Pat­taya Mis­sion janayu­gom editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.