19 December 2024, Thursday
KSFE Galaxy Chits Banner 2

തണ്ടൊടിഞ്ഞ താമരയും തളിര്‍ക്കുന്ന ജനാധിപത്യവും

രമേശ് ബാബു
മാറ്റൊലി
May 18, 2023 4:15 am

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആശയറ്റ് നിലംപതിച്ച കോണ്‍ഗ്രസിന് ലഭിച്ച നവജീവനാണ് കര്‍ണാടക വിജയം. ഭരണലഭ്യതയ്ക്ക് വേണ്ടുന്ന 113എന്ന സംഖ്യക്കുപരി 135 സീറ്റുകളുടെ ഉറച്ച പിന്‍ബലമാണ് കോണ്‍ഗ്രസിന് ജനവിധി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പതിനൊന്ന് തവണയാണ് കര്‍ണാടകയിലെത്തിയത്. 19 റാലികളും ആറ് റോഡ് ഷോയും നടത്തി, എന്നിട്ടും 65 സീറ്റുകളേ അവര്‍ക്ക് ലഭിച്ചുള്ളൂ. ദക്ഷിണേന്ത്യ പൂര്‍ണമായും ബിജെപിമുക്ത ഭരണ പ്രദേശമായി മാറിയിരിക്കുന്നു.
ജാതി, അഴിമതി, സ്വജനപക്ഷപാതം, കുടുംബവാഴ്ച എന്നിവ ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെയും രാഷ്ട്രീയത്തിന്റെയും എക്കാലത്തെയും അന്തര്‍ധാരകളാണ്. ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മാമൂല്‍പോലെ ഈ പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പോഴും ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനവും തനിമയും മൗലികതയുമുള്ള സമ്പന്ന സംസ്കാരങ്ങളുടെ സമന്വയ ഭൂമികൂടിയാണെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെയാണ് ബിജെപി ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ അജണ്ടയുമായി ധ്രുവീകരണത്തിനും അധികാരം പിടിക്കുവാനും ശ്രമിക്കുന്നത്. തെക്കേ ഇന്ത്യയിലെ സവര്‍ണ‑അവര്‍ണ ജാതീയതയും അതിന്റെ സങ്കീര്‍ണതകളും ആന്തരികസംഘര്‍ഷങ്ങളും ഒന്നുംതന്നെ ബിജെപിയുടെ ഹൈന്ദവ ഏകോപനം, ധ്രുവീകരണം തുടങ്ങിയ കള്ളികളില്‍ ഒതുങ്ങുന്നതല്ല. കര്‍ണാടകയില്‍ പോലും ഒരേമതസ്ഥരായ ലിംഗായത്തുകളും വൊക്കലിഗക്കാരും ദളിതരും മറ്റ് പിന്നാക്കക്കാരുമെല്ലാം ഒറ്റപ്പെട്ട ദ്വീപസമൂഹങ്ങളാണ്. ഇവര്‍ക്കിടയില്‍ ഹിന്ദുത്വതീവ്രവാദം കൊണ്ട് പാലം പണിയൽ എളുപ്പമല്ല. ശ്രമങ്ങള്‍ സംവരണത്തിലും മേല്‍ക്കോയ്മയിലും അതിന്റെ അപകര്‍ഷങ്ങളിലുംപെട്ട് പരാജയപ്പെട്ടുകൊണ്ടുതന്നെയിരിക്കും. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി ഇതുതന്നെയായതിനാല്‍ ബിജെപിയുടെ സ്വപ്നങ്ങള്‍ ആകാശകുസുമമായി തുടരും.


ഇതുകൂടി വായിക്കൂ: ബിജെപിക്ക് കന്നഡ സിക്കിദില്ല


കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, സാമൂഹിക സുരക്ഷ‑നീതി അഭാവം, സംവരണ പ്രശ്നങ്ങള്‍, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും ജനങ്ങളുടെ അപ്രീതിക്ക് വഴിവച്ചത്. സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും 40 ശതമാനം കമ്മിഷന്‍ ആരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്തതും മുസ്ലിം വിഭാഗത്തിന്റെ സംവരണം എടുത്തുമാറ്റി പ്രബലവിഭാഗങ്ങള്‍ക്ക് കൊടുത്തതും നാല് വര്‍ഷത്തിനിടയില്‍ 1.5 ലക്ഷം കോടി രൂപ മന്ത്രിമാര്‍ കമ്മിഷന്‍ ഇനത്തിൽ വാങ്ങിക്കൂട്ടിയതിന്റെ കഥകള്‍ പ്രചരിച്ചതും ബിജെപി മന്ത്രിതന്നെ അവിഹിത സ്വത്തുസമ്പാദനത്തിന് അകത്തായതുമെല്ലാം ഭരണ നഷ്ടത്തിന് ഹേതുവായി. ഇതിനും പുറമെ പലമാതിരി വാനരസേനകള്‍ തകര്‍ക്കുന്ന സാമൂഹിക അന്തരീക്ഷവും സമാധാന കാംക്ഷികളെ മാറി ചിന്തിക്കാന്‍ പ്രചോദിപ്പിച്ചിട്ടുണ്ട്.
ഒറ്റക്കക്ഷി ഭരണത്തിന് ആവശ്യമായ ജനസമ്മതി നേടിയിരിക്കുന്ന കോണ്‍ഗ്രസിന് വിജയം ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്പിച്ചുകൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ കര്‍ണാടകയില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അവര്‍ മടങ്ങിയെത്തിരിക്കുന്നത്. 1956 മുതലുള്ള മൈസൂരു സ്റ്റേറ്റിലും കര്‍ണാടക സംസ്ഥാനം 1972ല്‍ നിലവില്‍ വന്നതിനുശേഷവും മൂന്ന് ദശാബ്ദത്തിലേറെ കാലം കോണ്‍ഗ്രസാണ് കര്‍ണാടകയുടെ ഭാഗധേയങ്ങള്‍ നിശ്ചയിച്ചിരുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വെല്ലുവിളി നേരിട്ട സമയത്ത് ഇന്ദിരാഗാന്ധി മത്സരിക്കാനായി കര്‍ണാടകയിലാണെത്തിയത്. പിന്നീട് സോണിയാഗാന്ധിയും മത്സരത്തിന് ബല്ലാരി തെരഞ്ഞെടുത്തത് കോണ്‍ഗ്രസിന് കര്‍ണാടകയിലുള്ള വിശ്വാസം കൊണ്ടായിരുന്നു. 1983ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയ വേളയിലാണ് രാമകൃഷ്ണ ഹെഗ്ഡെ കര്‍ണാടകയിലെ ആദ്യത്തെ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയാകുന്നത്. പിന്നീടങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇടയ്ക്കും മുറയ്ക്കും സഖ്യത്തോടെ അധികാരത്തില്‍ വന്നെങ്കിലും 2006ല്‍ കുമാരസ്വാമിയുടെ മറുകണ്ടം ചാടലാണ് ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ആദ്യമായി അവസരമുണ്ടാക്കിക്കൊടുത്തത്. 2013ല്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വന്നെങ്കിലും തുടര്‍ച്ചയുണ്ടായില്ല. റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെയും അടര്‍ത്തിയെടുക്കല്‍ തന്ത്രങ്ങളിലൂടെയും വീണ്ടും ഭരണത്തിലെത്തിയ ബിജെപി സ്വയം കൃതാനാര്‍ത്ഥങ്ങളാല്‍ മൂലയ്ക്ക് ഒതുങ്ങിയ സ്ഥിതിവിശേഷമാണ് 2023ല്‍ സംജാതമായത്.


ഇതുകൂടി വായിക്കൂ: അടഞ്ഞത് ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മോഹം


കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഒട്ടേറെ ഘടകങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ ജോഡോയാത്ര, കര്‍ണാടകക്കാരനും ദളിതനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള സ്ഥാനാരോഹണം, പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുടെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ ഡി കെ ശിവകുമാറിന്റെയും സംയോജിത പ്രവര്‍ത്തനങ്ങള്‍ എല്ലാം അനുകൂലമായി. പ്രകടനപത്രികയില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥയായ സ്ത്രീകള്‍ക്ക് ഓരോ മാസവും രണ്ടായിരം രൂപ, യുവാക്കള്‍ക്ക് 1,500 മുതല്‍ 3,000 രൂപ വരെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍രഹിത വേതനം, സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യയാത്ര, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പത്തു കിലോ അരി എന്നീ ജനാഭിമുഖ്യവാഗ്ദാനങ്ങളും പ്രാദേശിക വികസന തന്ത്രങ്ങളുമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഈ വാഗ്ദാനങ്ങളൊക്കെ പ്രായോഗിക തലത്തില്‍ നിറവേറ്റുക എന്നതും സ്വേച്ഛാധിപത്യ പ്രവണതകള്‍ കാട്ടാതെ, ഉള്‍പാര്‍ട്ടി ആഭ്യന്തര പ്രശ്നങ്ങളില്ലാതെ ഭരണം സുഗമമാക്കുക എന്നതും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരിക്കും. വിജയിച്ചാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും പ്രസ്ഥാനത്തിന് വാതിലുകൾ മലര്‍ക്കെ തുറന്നുകൊടുക്കപ്പെടും. തമ്മിലടി കൂടെപ്പിറപ്പായ കോൺഗ്രസിന്റെ കർണാടക അതിജീവനം ഇനി കാലമാണ് നിശ്ചയിക്കുക.
കര്‍ണാടകയില്‍ നടന്നത് തീര്‍ച്ചയായും ജനാധിപത്യത്തിന്റെ വിജയമാണ്. ആശങ്കകളിലായ ന്യൂനപക്ഷത്തിന്റെ ഏകോപനം, സംവരണ വിഷയത്തില്‍ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന ഉത്‍ക്കണ്ഠകൾ പിന്നെ സമാധാനകാംക്ഷികളായ പൊതു ഭൂരിപക്ഷത്തിന്റെ നിശബ്ദ പ്രവര്‍ത്തനങ്ങൾ എന്നിവയാണ് ഭരണമാറ്റത്തിന് അവസരമൊരുക്കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാമ്പുകള്‍ കർണാടകയിൽ തളിര്‍ക്കുമ്പോള്‍ അതിനെ മതനിരപേക്ഷതയുടെ ഹരിതാഭയായി പരിഗണിക്കാനാവില്ല. ഇടതുപക്ഷ മതേതര കക്ഷികളുടെ വോട്ടുമൂല്യം കുറയല്‍ വ്യക്തമാക്കുന്നത് ജനമനസിന്റ മാറുന്ന മൂല്യബോധവും സ്വാധീനങ്ങളുമാണ്.

മാറ്റൊലി

“ദാനം ചെയ്യുന്നവനൊരിക്കലും രക്ഷാധികാരിയാണെന്നും മഹാമനസ്കനാണെന്നും ഭാവിക്കാതെ അത് തന്റെ കടമയാണെന്ന് കരുതണം, വാങ്ങുന്നവന് അപകര്‍ഷതാബോധം തെല്ലുമുണ്ടാകരുത്”. — ബസവേശ്വരന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.