18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിലും മോഡി സഹായിച്ചത് കുത്തകകളെ

ജവഹര്‍ സര്‍ക്കാര്‍
May 18, 2023 4:30 am

രു ജനപ്രതിനിധിയെന്ന നിലയില്‍ ഒമ്പതു വർഷക്കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് നരേന്ദ്ര മോഡിയെ വീക്ഷിച്ച എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും, അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും പ്രിയപ്പെട്ട ആരെയെങ്കിലും വന്‍ലാഭമുണ്ടാക്കാൻ സഹായിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന്. ഈ ചങ്ങാത്ത മുതലാളിമാർ മോഡിയുടെ ആവശ്യങ്ങളും നിറവേറ്റുന്നതായി ഞാൻ കരുതുന്നു. ഇത്തരം ഗുണഭോക്താക്കളുടെ ആവശ്യങ്ങളുമായി ഭരണയന്ത്രം എങ്ങനെ സമരസപ്പെടുന്നു എന്നത് ഏറെ പ്രധാനമാണ്.
2022 മാർച്ച് 14ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ റഷ്യ‑ഉക്രെയ്ൻ യുദ്ധവിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു. ഒറ്റപ്പെട്ടുപോയ പൗരന്മാരെ, പ്രത്യേകിച്ച് മെഡിസിൻ വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള രാജ്യത്തിന്റെ ആത്മാർത്ഥശ്രമങ്ങളെ അദ്ദേഹം പരാമർശിച്ചു. ചേരിചേരാനയമെന്ന് പറഞ്ഞില്ലെങ്കിലും, പരമ്പരാഗതമായ നിഷ്പക്ഷനിലപാടില്‍ ഇന്ത്യ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. മാർച്ച് രണ്ടിന് യുഎന്‍ ജനറൽ അസംബ്ലിയുടെ അടിയന്തരമായി ചേര്‍ന്ന പ്രത്യേക സെഷനിലെ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ മന്ത്രി ന്യായീകരിച്ചു. 140ലേറെ രാജ്യങ്ങള്‍ ഉക്രെയ‌്നിൽ നിന്ന് റഷ്യ ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ മൗനം പാലിക്കുകയായിരുന്നു.
ഇന്ത്യയുടെ നീക്കം അന്താരാഷ്ട്ര സമൂഹത്തിലും മാധ്യമങ്ങളിലും വിമർശനത്തിനും വിയോജിപ്പിനും കാരണമായി. എങ്കിലും പാർലമെന്റിന്റെ ഇരുസഭകളും സർക്കാരിന് ഉറച്ച പിന്തുണ നൽകി. എന്നാല്‍ ഭരണകക്ഷിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരായ ‘ബ്രിഗേഡ്’ ഉണര്‍ന്ന് പ്രവർത്തനമാരംഭിച്ചു. വാട്ട്‌സ്ആപ്പിലും ഫേ സ്ബുക്കിലും സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ഉക്രെയ്‌ൻ മുൻകാലങ്ങളിൽ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നുവെന്നായിരുന്നു ആരോപണം. 1971ലെ ഇന്തോ-സോവിയറ്റ് ഉടമ്പടി മുതൽ 52 വർഷം റഷ്യ നമുക്കൊപ്പം നിന്നുവെന്ന് സർക്കാർ അനുകൂല സമൂഹമാധ്യമങ്ങളും ടിവിയും ഓർമ്മിപ്പിച്ചു. അതേസമയം ചേരിചേരാനയത്തിന് വേണ്ടി പ്രവര്‍ത്തിച്ച നെഹ്രുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ പങ്ക് പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
റഷ്യയുമായുള്ള ഇടപാടുകള്‍ക്ക് അന്താരാഷ്ട്ര ഉപരോധങ്ങൾ ഉണ്ടായിരുന്നിട്ടും ആ രാജ്യത്ത് നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. റഷ്യന്‍ കയറ്റുമതിയുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ നടത്തിയതെന്ന് 2022 മധ്യത്തിൽ വിദേശകാര്യ മന്ത്രി ജയശങ്കർ പാശ്ചാത്യ രാജ്യങ്ങളോട് വിശദീകരിച്ചത് കാലഹരണപ്പെട്ട സ്ഥിതിവിവരക്കണക്ക് ഉദ്ധരിച്ചുകൊണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ വർഷാവസാനത്തോടെ, റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ 30 ശതമാനമാണ് ഇന്ത്യ നടത്തിയത്.


ഇതുകൂടി വായിക്കൂ:  റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റെ ബാക്കിപത്രം


പാെതുമേഖലാ എണ്ണ ശുദ്ധീകരണശാലകൾക്ക് പെട്രോളിയം ഉല്പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യാൻ അനുവാദമില്ലെങ്കിലും സ്വകാര്യ റിഫൈനറികൾക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. ഉക്രെയ്ൻ പ്രതിസന്ധിക്ക് മുമ്പ്, രണ്ട് സ്വകാര്യ റിഫൈനറികൾക്ക് അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഇറക്കുമതി ചെയ്യേണ്ടി വന്നു. പിന്നീട് തങ്ങളുടെ പെട്രോൾ, ഡീസൽ ഉല്പന്നങ്ങള്‍ കുറഞ്ഞ ലാഭത്തിന് വില്‍ക്കേണ്ടിയും വന്നു. രാജ്യത്തെ 65,000 പെട്രോൾ പമ്പുകളിൽ 10,000 എണ്ണത്തിന് എണ്ണ നൽകാനുള്ള ബാധ്യതമാത്രമാണ് അവര്‍ക്കുള്ളത്. എന്നാല്‍ യുദ്ധാനന്തരം റഷ്യയിൽ നിന്ന് ഏറ്റവുംകുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്ത റിലയൻസിനും നയാര എനര്‍ജിക്കും അഭൂതപൂർവമായ ലാഭം നേടാനാണ് അവസരമൊരുങ്ങിയത്. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാടിന് നന്ദി പറഞ്ഞാണ് റിലയൻസ്-നായര റിഫെെനറികള്‍ പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തത് എന്നുപറയാം. റഷ്യക്കെതിരായ സ്വന്തം ഉപരോധം മൂലം എണ്ണക്ഷാമം നേരിട്ട പാശ്ചാത്യ രാജ്യങ്ങൾ, ഉയർന്ന വിലയ്ക്ക് ഈ കമ്പനികളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയുമുണ്ടായി. ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളില്‍ ഉയര്‍ന്നപ്പോൾ ആകാശം ഇടിഞ്ഞു വീണെന്നാണ് സർക്കാർ വിലപിച്ചത്. എന്നാല്‍ ഇതേ വിലയ്ക്കായിരുന്നു യുപിഎ സര്‍ക്കാര്‍ പലപ്പോഴും ക്രൂഡ് ഇറക്കുമതി ചെയ്യാൻ നിർബന്ധിതരായിരുന്നത് എന്നത് സൗകര്യപൂർവം മറന്നു. വാസ്തവത്തിൽ, മൻമോഹൻ സിങ്ങില്‍ നിന്ന് എൻഡിഎ അധികാരം ഏറ്റെടുത്ത 2014 മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില 106.94 ഡോളറായിരുന്നു. അന്ന് 72 രൂപയ്ക്ക് പെട്രോൾ കിട്ടിയിരുന്നതാണ്. പിന്നീട് ശരാശരി 70 ഡോളറിന് എണ്ണ ലഭിക്കുമ്പോഴും പെട്രോൾ വില നിരന്തരം ഉയരുകയായിരുന്നു. ഇപ്പോൾ ലിറ്ററിന് 100 രൂപയിലധികമാണ് വില. മോഡിയുടെ ഈ സാമ്പത്തിക ശാസ്ത്രത്തിന് അടിസ്ഥാനം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതൽ ജൂൺ 22 വരെയുള്ള കാലയളവിൽ ഇന്ത്യ ഏകദേശം 62.5 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങിയതായി റഷ്യൻ ഡാറ്റ (റിഫിനിറ്റിവ് ഐക്കൺ) കാണിക്കുന്നു. ഇത് 2021ലെ അതേകാലയളവിൽ ഇറക്കുമതി ചെയ്തതിന്റെ മൂന്നിരട്ടിയിലധികമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ എനർജി കാർഗോ ട്രാക്കറായ വോർട്ടക്സ് റിപ്പോർട്ട് ചെയ്തത്, ഇന്ത്യയിലെ സ്വകാര്യ റിഫൈനറികൾക്ക് ആഭ്യന്തര ശുദ്ധീകരണ ശേഷിയിൽ 35ശതമാനമാണ് വിഹിതമെങ്കിലും അവർ റഷ്യൻ എണ്ണയുടെ 45 ശതമാനവും കുറഞ്ഞവിലയിൽ ഇറക്കുമതി ചെയ്തുവെന്നാണ്. വാൾസ്ട്രീറ്റ് ജേണൽ “സൂപ്പർചാർജ്ഡ് ലാഭം” എന്ന് വിളിച്ചത് ശുദ്ധീകരിച്ചതിന് ശേഷം റിലയൻസും നയാരയും റഷ്യൻ എണ്ണ വീണ്ടും കയറ്റുമതി ചെയ്തതിനെയാണ്. റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ബന്ധം വഷളായതുകൊണ്ട് റിലയൻസ് തുടർന്നും പ്രയോജനം നേടുമെന്നും അത് സൂചിപ്പിച്ചു.


ഇതുകൂടി വായിക്കൂ:  ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാടറിയിച്ച് ഇന്ത്യ


ഒരു വർഷത്തിലേറെയായി, പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ഇറക്കുമതി, കയറ്റുമതി, ചെലവ്, ലാഭം, അപ്രതീക്ഷിത നേട്ടം എന്നിവയുടെ വിശദാംശങ്ങൾ (പാർലമെന്റ് ചോദ്യങ്ങളിലൂടെയും കത്തുകളിലൂടെയും) നേടാൻ താൻ ശ്രമിക്കുന്നു. പക്ഷേ ഔദ്യോഗികമായി കിട്ടുന്ന വിശദാംശങ്ങളെല്ലാം തികച്ചും അവ്യക്തമാണ്. ഏതായാലും എണ്ണക്കമ്പനികളുടെ ലാഭം വളരെ ഉയർന്നതായിരുന്നുവെന്നതിന്റെ തെളിവാണ് ധനമന്ത്രാലയം ‘വിൻഡ്‌ഫാൾ ഗെയിൻസ് ടാക്‌സ്’ ഏർപ്പെടുത്തിയത്.
റഷ്യയുമായുള്ള ഇന്ത്യന്‍ വ്യാപാരചങ്ങാത്തം ഒറ്റരാത്രികൊണ്ട് വളര്‍ന്നതല്ല. ഗുജറാത്തിലെ നയാര എനര്‍ജി പരോക്ഷമായി റഷ്യൻ കമ്പനി തന്നെയാണ്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഉപസ്ഥാപനമാണത്. 2017ൽ സാമ്പത്തിക പ്രതിസന്ധിയിലായ റുയാസിൽ നിന്ന് 1300 കോടി ഡോളറിന് എസ്സാർ റിഫൈനറി ഇതിനെ സ്വന്തമാക്കുകയായിരുന്നു. റിലയൻസാകട്ടെ, റഷ്യൻ കമ്പനികളുമായും വ്യാപാരകേന്ദ്രങ്ങളുമായുമുള്ള ഇടപാടുകള്‍ക്ക് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുമുണ്ട്.
കാര്യങ്ങള്‍ വളരെ വ്യക്തമാണ്; സ്വകാര്യ എണ്ണക്കമ്പനികള്‍ കുറഞ്ഞവിലയ്ക്ക് റഷ്യൻ ക്രൂഡ് ഇറക്കുമതി നടത്തി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ, പൊതുമേഖലയ്ക്ക് യുദ്ധബാധയെത്തുടര്‍ന്നുണ്ടായ ഉയർന്ന അന്താരാഷ്ട്ര വിലയിൽ ഇറക്കുമതി ചെയ്യേണ്ടിവന്നു. കുറഞ്ഞ ഇറക്കുമതിവിലയും ഉയർന്ന കയറ്റുമതിവിലയും മൂലം റിലയൻസും നയാരയും എത്രമാത്രം ലാഭം നേടി? ഉപരോധങ്ങളില്‍ തടസപ്പെട്ട റഷ്യൻ എണ്ണ കടത്തിയതിലൂടെ വന്‍നേട്ടമുണ്ടാക്കിയ നിഗൂഢതനിറഞ്ഞ സ്വകാര്യ സ്ഥാപനം ആരുടേതാണ്? റഷ്യയെക്കുറിച്ചുള്ള ഇന്ത്യൻ വാചാടോപവും അതിന്റെ ഫലമായ അന്താരാഷ്ട്ര ഒറ്റപ്പെടലും സ്വകാര്യ എണ്ണക്കമ്പനികളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് അനുമാനിക്കാമോ? പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഗുജറാത്ത് ആസ്ഥാനമായുള്ള കൊള്ളലാഭക്കാര്‍ക്ക് വേണ്ടി രാജ്യത്തിന്റെ നിലപാടിനെ പോലും അന്താരാഷ്ട്രതലത്തില്‍ മലിനപ്പെടുത്തുകയായിരുന്നില്ലേ? ഈ സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു.
(കടപ്പാട് : ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.