21 July 2024, Sunday
KSFE Galaxy Chits Banner 2

റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റെ ബാക്കിപത്രം

രമേശ് ബാബു
മാറ്റൊലി
March 9, 2023 4:15 am

ഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന് 2023 ഫെബ്രുവരി 24ന് ഒരു വര്‍ഷം തികഞ്ഞു. ഈ യുദ്ധത്തിന്റെ കാര്യകാരണങ്ങളും പ്രകോപനവുമൊക്കെ ഇതിനിടയില്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരു വര്‍ഷം നീണ്ട സംഘര്‍ഷം ഇരു വിഭാഗത്തെയും, അവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയവരെയും എങ്ങനെ ബാധിച്ചുവെന്നും യുദ്ധത്തിന്റെ ആത്യന്തിക ഫലവും വിലയിരുത്തുമ്പോള്‍ മഹാഭാരതം വിരചിച്ച വേദവ്യാസന്റെ പൊട്ടിച്ചിരിയാണ് ഉത്തരമായി മുഴങ്ങിക്കേള്‍ക്കുന്നത്.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യ ഫെബ്രുവരി 24 പുലര്‍ച്ചെ ഉക്രെയ്‌നിലേക്ക് ഇരച്ചുകയറുമ്പോള്‍ കൊടും നാശനഷ്ടങ്ങള്‍ക്കൊപ്പം ദയനീയമായൊരു കീഴടങ്ങലാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ആക്രമണവും ചെറുത്തുനില്പും ഒരു വര്‍ഷം കഴിഞ്ഞും തുടരുകയാണ്. യുദ്ധത്തില്‍ ഉണ്ടായ മരണത്തെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ഇനിയും ലഭ്യമല്ല. ഒരു ലക്ഷം ഉക്രെയ്‌ന്‍ പട്ടാളക്കാര്‍ക്കും രണ്ട് ലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് പറയപ്പെടുന്നു. ഇരുവശത്തുമായി ഫെബ്രുവരി 21 വരെ 8000ത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും 13,287 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ പറയുന്നു. യുദ്ധം 7.5 ദശലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചപ്പോള്‍ 13 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് നേരിടുകയാണെന്നും 438 കുട്ടികള്‍ കൊല്ലപ്പെടുകയും 854 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും യുഎന്‍ സൂചിപ്പിക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും വലിയ ഈ യുദ്ധത്തില്‍ കാര്‍ഷിക മേഖലയില്‍ മാത്രം 2.8 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് (നവംബര്‍ 2022 വരെ) ഉണ്ടായിരിക്കുന്നത്. ഉക്രെയ്‌നിലെ മൂവായിരത്തിലധികം സ്കൂളുകളുടെയും മുന്നൂറ് സാംസ്കാരിക കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചു. ഉക്രെയ്‌നിലെ ഊര്‍ജ കേന്ദ്രങ്ങള്‍ റഷ്യ ആക്രമിച്ചതിനാല്‍ അവയെ പഴയപടിയാക്കാന്‍ മാത്രം പതിനൊന്ന് ലക്ഷം കോടിയിലേറെ വേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം ബാധിച്ചു തുടങ്ങിയതിനാല്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ 0.3 ശതമാനമേ വളരൂവെന്ന് അന്താരാഷ്ട്ര നാണ്യനിധി പറയുന്നു. റഷ്യയിലേക്കുള്ള ചരക്ക് നീക്കത്തെ ഉപരോധം തടസപ്പെടുത്തുന്നതിനാല്‍ രാജ്യത്ത് അവശ്യവസ്തുക്കള്‍ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. ഈ യുദ്ധം മൂലം ലോകമെമ്പാടും വിലക്കയറ്റത്തിന്റെ ഭാരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാല്‍നൂറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ അന്തരീക്ഷത്തിലേക്കാണ് ലോകത്തിന്റെ പോക്ക്.


ഇതുകൂടി വായിക്കൂ:റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണവും; ഇന്ത്യയുടെ ആത്മനിര്‍ഭരതയും 


റഷ്യന്‍ വംശജരുടെ സ്വാധീനമേഖലയായ ഡോണ്‍ബാസ് എന്ന ഉക്രെയ്ൻ പ്രവിശ്യയില്‍ നവനാസികള്‍ ഉക്രെയ്ന്‍ സേനയുടെ പിന്തുണയോടെ റഷ്യന്‍ വംശജരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ന്യായത്തിലാണ് പുടിന്‍ അധിനിവേശത്തിന് ഒരുങ്ങിയത്. എന്നാല്‍ നാറ്റോ സഖ്യം എന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വം പടര്‍ത്തുന്നതിനെതിരെയും യുഎസ്എസ്ആര്‍ ഘടകമായിരുന്ന ഉക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ അംഗമാകുന്നതിനെ ചെറുക്കുകയുമായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഉക്രെയ്നിൽ അമേരിക്ക വിന്യസിച്ച മിസൈലുകള്‍ റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന ആശങ്കയും റഷ്യക്ക് മുന്നിലുണ്ട്. എന്നാല്‍ ഉക്രെയ്ന്‍ മേഖലയിലേക്ക് പുടിന്‍ സൈന്യത്തെ അയച്ചത് അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും ലംഘിച്ചുതന്നെയായിരുന്നു. പക്ഷേ 2021 ഡിസംബറില്‍ മിസൈല്‍ വിഷയത്തില്‍ വ്ലാദിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ബൈഡനുമായി നയതന്ത്ര ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബൈഡന്‍ അത് നിരസിക്കുകയായിരുന്നുവെന്നത് കാണാതിരുന്നുകൂടാ.
ബൈഡന്‍ ഒരിക്കല്‍ പരസ്യമായി കൊലപാതകിയെന്ന് വിശേഷിപ്പിച്ച പുടിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുകയെന്ന ഉദ്ദേശ്യവുമുണ്ടെന്ന നിരീക്ഷണം സാധൂകരിക്കുന്ന തരത്തിലാണ് അമേരിക്കയുടെ ഇടപെടലുകള്‍. നയതന്ത്രജ്ഞതയിലൂടെയും ചര്‍ച്ചകളിലൂടെയും യുദ്ധം അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോയി റഷ്യയെ തളര്‍ത്തുകയെന്നതും യുഎസ് തന്ത്രമാണ്. ബൈഡന്‍ മുന്നറിയിപ്പില്ലാതെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്റ് സെലന്‍സ്കിയെ കെട്ടിപ്പിടിച്ച് കൂടുതല്‍ സഹായം പ്രഖ്യാപിച്ചതും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് ഉക്രെയ്‌ന് കൂടുതല്‍ സഹായം നല്‍കാന്‍ ആഹ്വാനം ചെയ്തതും ഇതിനു തെളിവാണ്. മറുവശത്ത് റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ഈ സാഹചര്യത്തില്‍ ദൃഢമാകുകയാണെന്ന് വ്യക്തമാക്കുന്നതായി ചൈനീസ് വിദേശകാര്യ ഉന്നതന്‍ വാങ്‌യിയുടെ മോസ്കോ സന്ദര്‍ശനം. അമേരിക്ക കണ്ട ഏറ്റവും ശക്തമായ എതിരാളിയാണ് ചൈനയെന്നും അമേരിക്കന്‍ ആകാശത്ത് നമ്മളെ നിരീക്ഷിച്ചുകൊണ്ട് ഒരു ചൈനീസ് ചാരബലൂണ്‍ കറങ്ങുന്നത് കാണേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും ഞാന്‍ കരുതിയതല്ലായെന്നുമുള്ള യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും 2024ലെ പ്രസി‍ഡന്റ് സ്ഥാനാര്‍ത്ഥിയുമായ നിക്കിഹേലിയുടെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: അന്ത്യം കാണാനാവാതെ തുടരുന്ന റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി


റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തില്‍ ആര് ജയിച്ചാലും അത് നല്ല സന്ദേശമല്ല ഭാവിലോകത്തിനു നല്‍കുന്നത്. ഉക്രെയ്ന്‍ അധിനിവേശം നടത്തിയ റഷ്യ യുദ്ധത്തില്‍ ജയിച്ചാല്‍ അത് ലോകത്ത് സമാനമായ ഒട്ടേറെ യുദ്ധങ്ങള്‍ക്ക് വഴിയൊരുക്കും. തോറ്റാല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ ഭാവങ്ങള്‍ക്ക് അടിയറവു പറയുകയുമായിരിക്കും. മറിച്ച് ഉക്രെയ്ന്‍ ജയിച്ചാല്‍ നാറ്റോ രാഷ്ട്രങ്ങളുടെ ആധിപത്യമായിരിക്കും ലോകം അനുഭവിക്കാന്‍ പോകുക, തോറ്റാലോ സൈനിക ഭീമന്മാരായ മാര്‍ജാരന്മാരെ ഭയന്ന് കീഴ്പ്പെട്ട് ജീവിക്കേണ്ട മൂഷിക അവസ്ഥയിലാകും ചെറുരാഷ്ട്രങ്ങള്‍. ചുരുക്കത്തില്‍ ലോകത്തെ ഏത് മൂലയിലുണ്ടാകുന്ന സംഘര്‍ഷവും പ്രശ്നങ്ങളും ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും പരോക്ഷമായെങ്കിലും ബാധിക്കുമെന്ന് സാരം.
ഈ അവസ്ഥകളിൽ നിന്ന് രക്ഷനേടാനുള്ള പോംവഴി ഭാവിതലമുറയ്ക്ക് വേണ്ടിയും അവരുടെ സ്വസ്ഥവും ശാന്തവും അന്തസാര്‍ന്നതുമായ ജീവിതത്തിനു വേണ്ടിയും ലോകരാഷ്ട്രങ്ങള്‍ കണ്ടെത്തിയേ തീരൂ. ഐക്യരാഷ്ട്ര സംഘടന പോലുള്ള ആഗോള പ്രസ്ഥാനങ്ങളെ രാജ്യ താല്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചില്ലെങ്കില്‍, അവയെ ശക്തമാക്കിയില്ലെങ്കില്‍ വലിപ്പ ചെറുപ്പമില്ലാതെ രാഷ്ട്രങ്ങൾ തിരിച്ചടികള്‍ ഏറ്റുവാങ്ങിയേ മതിയാകൂ. വെറും ഒരു കോവിഡ് വൈറസിന് വിറപ്പിക്കാനേയുള്ളു ഈ മര്‍ത്യജന്മം എന്ന് പാശ്ചാത്യരും പൗരസ്ത്യരും ഒരുപോലെ കണ്ടറിഞ്ഞിട്ടും മനസിലാക്കിയിട്ടും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല, കാതോര്‍ക്കുന്നില്ല.

മാറ്റൊലി

ഏതൊരു യുദ്ധവും തുടക്കമിടുന്നത്
മനുഷ്യമനസിലാണ് (യുനെസ്കോ ചാര്‍ട്ടര്‍)

TOP NEWS

July 21, 2024
July 20, 2024
July 20, 2024
July 20, 2024
July 20, 2024
July 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.