22 December 2024, Sunday
KSFE Galaxy Chits Banner 2

ഡി നഗരത്തിലെ ആന്ധ്രിയയും പാറക്കണ്ടി മുക്കിലെ സുഭദ്രയും

കെ കെ ജയേഷ്
May 23, 2023 12:44 pm

ഡി നഗരത്തിലെത്തിയിട്ട് എത്ര ദിവസമായെന്ന് നാരായണൻ മാഷ്ക്ക് ഓർമ്മയില്ല. നഗരത്തിലെ അറ്റ്ലാന്റ എന്ന ഫ്ലാറ്റിൽ നിന്ന് തനിക്കിനി രക്ഷപ്പെടാൻ പറ്റില്ലേ എന്നയാൾ ഭയന്നു. എയർപോർട്ടിൽ നിന്ന് സിദ്ധാർത്ഥന്റെ കാറിലാണ് ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചത്. കാറിന് ഡ്രൈവർ ഉണ്ടായിരുന്നില്ല. സിദ്ധാർത്ഥന്റെ വോയ്സ് കമാന്റുകൾക്കനുസരിച്ച് കാർ ഓടിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഇടിക്കുമോ മോനേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വിഡ്ഢിത്തമാകുമോ എന്ന് കരുതി മിണ്ടാതിരുന്നു. ചുറ്റുമുള്ള വാഹനങ്ങളിൽ പലതിലും ഡ്രൈവർമാർ ഇല്ലായിരുന്നു. നാട്ടു നാട്ടു എന്ന പാട്ട് കാറിൽ ഒഴുകിപ്പടർന്നു. നാട്ടിലെ സംഗീത ടാക്കീസിൽ നിന്ന് കണ്ട സിനിമയാണ്. അതിലെ പാട്ട് ഇങ്ങിവിടെ ഡി നഗരത്തിലും കേൾക്കാൻ കഴിഞ്ഞതിൽ നാരായണൻ മാഷ് ആശ്വസിച്ചു.

അവിശ്വസനീയമായ ഒരു സ്വപ്നം പോലെയാണ് അറ്റ്ലാന്റയിലെ താമസം അനുഭവപ്പെട്ടത്. നേരം പുലർന്നു തുടങ്ങുമ്പോൾ തന്നെ എവിടെ നിന്നോ എഴുന്നേൽക്കാനുള്ള ആജ്ഞ ഉയരും. തൊട്ടടുത്ത നിമിഷം മുറിയിലെ വലിയ സ്ക്രീനിൽ സിദ്ധാർത്ഥനെത്തി ശുഭദിനം നേരും. ഇടയ്ക്ക് അവന്റെ ഭാര്യ എലീനയും മകൻ അലക്സിയും കൂടെയുണ്ടാവും. ചെമ്പൻമുടിയും നീലക്കണ്ണുകളുമുള്ള അലക്സിയോട് എന്ത് പറയുമെന്നറിയാതെ ആദ്യമൊന്ന് പരുങ്ങി.

‘പപ്പാ മലയാളത്തിൽ പറഞ്ഞാ മതി.. അവനിവിടെ അത് ഇംഗ്ലീഷിൽ കേട്ടുകൊള്ളും… ‘- സിദ്ധാർത്ഥൻ പറഞ്ഞപ്പോൾ സമാധാനമായി. ഇവിടെ മലയാളത്തിൽ പറയുന്നു അവിടെ ഇംഗ്ലീഷിൽ കേൾക്കുന്നു. തിരിച്ചും അങ്ങിനെ തന്നെ. ഹിന്ദി ലേഖനങ്ങൾ മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തിരുന്നതിന്റെ പേരിൽ അഹങ്കരിച്ചിരുന്ന ഗോപാലൻകുട്ടി മാഷൊക്കെ ഡി നഗരത്തിലൊന്ന് എത്തണമെന്ന് നാരായണൻ മാഷ്ക്ക് തോന്നി.

കുറച്ചു നേരം ജിമ്മിൽ ചെലവഴിച്ച് എത്തുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റുമായി പീറ്റർ എത്തും. മലയാളം പറയില്ലെങ്കിലും പറഞ്ഞാൽ അവന് മനസ്സിലാവും. അതൊരു ആശ്വാസമാണ്. എപ്പോഴും ചിരിച്ചുകൊണ്ടാണ് പീറ്ററിന്റെ നടപ്പ്. നാരാണൻ മാഷെ എന്ന അവന്റെ വിളി കേൾക്കാൻ തന്നെ രസമാണ്. പീറ്ററിനെ അപ് ഡേറ്റു ചെയ്യാനുണ്ടെന്ന് സിദ്ധാർത്ഥൻ പറയുന്നത് കേട്ടിരുന്നു. ‘സർവീസ് ചെയ്യാൻ ജോമോൻ വരും.… പപ്പയെ അവൻ വിളിക്കും ട്ടോ.. ‘-

സിദ്ധാർത്ഥൻ ഇത് പറഞ്ഞിട്ട് കുറച്ചു ദിവസമായെങ്കിലും ഇതുവരെയും ജോമോന്റെ വിളി വന്നിട്ടില്ല. തിരക്കിലാവും.

ഭക്ഷണം കഴിച്ച് ഇരിക്കുമ്പോൾ സുഭദ്രയെ ഓർമ്മ വന്നു. അവളെ ചേർത്ത് പിടിച്ച് ചുംബിച്ച ആദ്യ നിമിഷം ഓർമ്മയിൽ വന്നപ്പോൾ മാഷ് അകത്തേക്ക് നടന്നു. വന്നതിന്റെ പിറ്റേന്ന് പീറ്ററാണ് ആ മുറി തുറന്നു തന്നത്. ചുവന്ന നിറമുള്ള മുറിയിൽ വലിയൊരു സ്ക്രീനും മറ്റെന്തൊക്കെയോ ഉപകരണങ്ങളും. അവനൊരു പ്രത്യേക കണ്ണടയെടുത്ത് തന്ന് വെക്കാൻ പറഞ്ഞു. ഒരപ്പൂപ്പൻ താടിപോലെ മറ്റേതോ ലോകത്തേക്ക് പറന്നുപോകുകയാണ്. സ്ത്രീപുരുഷൻമാർ പൂർണ്ണ നഗ്നരായി കെട്ടിപ്പിടിച്ച് കിടക്കുന്നു. ഒരു പെണ്ണ് വന്ന് മാഷെ എന്നു വിളിച്ചു. തന്നോട് ചേർത്ത് നിർത്തി അവൾ ചുംബിക്കുമ്പോൾ സുഭദ്രയെ തന്നെയായിരുന്നു മാഷ് ഓർത്തത്. അയാൾക്ക് കരിച്ചിൽ വന്നു. മുലക്കണ്ണുകൾ വായിലേക്ക് വെക്കുമ്പോൾ മാഷിന്റെ കണ്ണീരവൾ തുടച്ചു. പൂർണ നഗ്നനാക്കി അയാളിലേക്കവർ പടരുമ്പോൾ മാഷിന്റെ കരച്ചിൽ ഉച്ചത്തിലായി.

കണ്ണട മാറ്റിവെച്ച് മാഷ് പീറ്ററിനെ നോക്കി. അവനൊരു കള്ളച്ചിരി ചിരിച്ച് മുറിയിൽ നിന്ന് പുറത്തുകടന്നു. മാഷ് കണ്ണടച്ച് കിടന്നു. ഡി നഗരത്തിൽ വന്ന ശേഷം ആദ്യമായി പാറക്കണ്ടി മുക്കിനെക്കുറിച്ച് അയാൾ ഓർത്തു. പുഴയോരത്തുള്ള തന്റെ പഴയ തറവാട് വീടിന്റെ പൊടിപിടിച്ച മുറിയിലേക്ക് അയാൾ കയറിച്ചെന്നു. ‘മാഷെ ചോറെടുത്ത് വെക്കട്ടെ എന്ന നാരായണിയുടെ വാക്കുകൾ കേട്ടു. . ’

ഒരു ദിവസം രാത്രി. മക്കൾ ഉറങ്ങിയിട്ട് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ സുഭദ്രയെ കാത്തിരിക്കുമ്പോഴാണ് വാട്സ് ആപ്പിൽ സിദ്ധാർത്ഥന്റെ മെസേജ് കണ്ടത്.

‘പപ്പാ.. അവിടെയിങ്ങനെ ഒറ്റയ്ക്ക് കഴിയണ്ട. പപ്പയോട് ഇവിടേക്ക് വരാൻ എലീന ഇന്നലെയും പറഞ്ഞു.. പപ്പ വേഗമൊരു തീരുമാനമെടുക്കണം.. ‘.

മറുപടി ഒന്നും പറഞ്ഞില്ല. നാരായണി ഉറങ്ങുന്ന പറമ്പും അവളുടെ ഓർമ്മകൾ നിറഞ്ഞ വീടും വിട്ട് ഞാനെവിടേക്കുമില്ലെന്ന് എത്ര തവണ അവനോട് പറഞ്ഞു കഴിഞ്ഞു. അവന്റെ അമ്മയുടെ നിറം പിടിപ്പിച്ച ഓർമ്മകളെപ്പറ്റി പറഞ്ഞിട്ടും അവസാനെന്താണ് മനസ്സിലാവാത്തത്. നാരായണിയല്ല, പുഴക്കരയിലെ നഴ്സറി ടീച്ചറായ സുഭദ്രയെ വിട്ടു വരാനാണ് മനസ്സില്ലാത്തതെന്ന് മകനോട് ഒരച്ഛന് എങ്ങിനെ പറയാൻ കഴിയും. ഞാനൊന്ന് ആലോചിക്കട്ടേയെന്ന പതിവ് മറുപടി സിദ്ധാർത്ഥന് അയയ്ക്കാൻ തുടങ്ങിയപ്പോഴാണ് സുഭദ്രയുടെ കാൾ വന്നത്.

‘സോറി മാഷെ… കുട്ടികൾ ഉറങ്ങാതെ വിളിക്കാൻ പറ്റില്ലാത്തോണ്ടാ.. ‘- കൊഞ്ചിക്കൊണ്ടാണ് സുഭദ്രയുടെ സംസാരം.

‘നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടും മാഷേന്ന് വിളിക്കരുത്.. നാരായണേട്ടൻ.. അങ്ങനെ വിളിച്ചാ മതി.. ’

‘ഓ.. ഏട്ടാ.. ഉമ്മ.… ’

നാരായണൻ മാഷിനെ ഉന്മാദനാക്കി സുഭദ്ര ഉമ്മ വെച്ചുകൊണ്ടിരുന്നു. നഴ്സറി വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴാണ് സുഭദ്രയെ അടുത്ത് പരിചയപ്പെടുന്നത്. ചുവന്ന സാരിയും ചുറ്റി മുല്ലപ്പൂവും വെച്ച് റോഡിലൂടെ പോകുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും. ‘നാരാണേട്യത്തി ആടല്ലേ.. ’ എന്നൊരു പതിവ് ചോദ്യവും.

‘കെട്ട്യോൻ ഒഴിവാക്കിപ്പോയ പെണ്ണാ… ഓളത്ര വെടിപ്പല്ലാന്ന് ടീച്ചർമാരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്’- ഇതുപോലൊരു ചിരി സമ്മാനിച്ച് സുഭദ്ര പോയപ്പോഴാണ് പുറകിൽ നിന്ന് പെട്ടന്ന് നാരായണിയുടെ ശബ്ദം ഉയർന്നത്.

‘നീയിങ്ങനെ എല്ലാവരെയും മോശക്കാരായി കാണരുത് നാരായണിയേ… ആ കുട്ടി ഒന്ന് ചിരിച്ചൂന്ന് കരുതി എന്താ… പ്രായായി.. മേലോട്ടങ്ങ് പോയാ മതിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാ നിന്റെ ഓരോ വർത്താനം.. ’

നാരായണി മരിച്ച് നാലാം ദിവസമാണ് സുഭദ്ര ആദ്യമായി വീട്ടിലേക്ക് വന്നത്. ‘അന്ന് വരാൻ പറ്റീല്ല മാഷേ.. നാട്ടിലില്ലായിരുന്നു. വന്നപ്പോഴാ വിവരമൊക്കെ അറിഞ്ഞത്. ’

ഡി നഗരത്തിൽ നിന്ന് വന്ന സിദ്ധാർത്ഥനും ഭാര്യ എലീനയും തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. ‘തളരരുത് മാഷെ’ എന്നും പറഞ്ഞ് സുഭദ്ര പടിയിറങ്ങി. പതിനാറ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് നഴ്സറി വാർഷികം ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നും ചോദിച്ച് സുഭദ്ര വിളിച്ചത്. കുട്ടികൾക്ക് മുമ്പിൽ അങ്കണത്തൈമാവിൽ എന്ന കവിത ചൊല്ലുമ്പോൾ കണ്ണടച്ച് കൈവരിൾ ചലിപ്പിച്ച് സുഭദ്ര കേട്ടു നിന്നു.

‘മാഷെ ആ പാടുന്ന ശൈലിയാണ് എന്നെ പിടിച്ചുലച്ചത്.. ’ -

കവിതയെഴുത്ത് കുറച്ച് നാളായി നിർത്തിയിരുന്ന മാഷ് പിന്നീട് കവിതയെഴുതിയതെല്ലാം സുഭദ്രയ്ക്ക് വേണ്ടിയായിരുന്നു.

‘പുതിയ കവിതയൊന്നുമില്ലേ ഏട്ടാ.. ’

‘ഉണ്ട്.. ഇന്നൊന്നെഴുതിയിട്ടുണ്ട്..

കവിത ചൊല്ലാൻ തുടങ്ങിയപ്പോൾ സിദ്ധാർത്ഥന്റെ കോൾ വന്നു. പപ്പാ ഇനി വൈകണ്ട. . ഇങ്ങോട്ട് വരാനുള്ള ഒരുക്കം തുടങ്ങിക്കോളു… ഇനി അധികം നാട്ടിൽ നിൽക്കണ്ട. . ’

നാളെ വിളിക്കാമെന്ന് പറഞ്ഞ് മാഷ് സുഭദ്രയ്ക്ക് മെസേജ് അയച്ചു. ഇനിയൊന്നു പറഞ്ഞും പിടിച്ചു നിൽക്കാനാവില്ല. നാടിനോട് വിട പറയേണ്ട സമയമായിക്കഴിഞ്ഞു. ഡി നഗരത്തിൽ താനൊറ്റപ്പെട്ടു ജീവിക്കേണ്ടി വരുമല്ലോ എന്നോർത്ത് മാഷ്ക്ക് കരച്ചിൽ വന്നു. പുറത്ത് മഴ പെയ്യുമ്പോൾ മഴയെക്കുറിച്ച് മാഷൊരു കവിതയെഴുതി. പിറ്റേന്ന് രാവിലെ തേങ്ങ വലിക്കാനെത്തിയ പുരുഷുവിന്റെ ചോദ്യം. ’ മാഷെ പുതിയ കവിതയൊന്നുമില്ലേ.. ’

‘എന്ത് കവിതയെടാ.. ഒന്നിനും ഒരു മൂഡില്ല.. ’

‘ഉള്ളതൊക്കെ വേഗം എഴുതിക്കോളൂ.. ഇനിപ്പം കവിതയൊക്കെ കമ്പ്യൂട്ടർ എഴുതൂന്നാ കേട്ടത്.. പിന്നെ നാട്ടിൽ മാഷെപ്പോലുള്ള കവികൾക്കൊന്നും ഒരു വെലയുമുണ്ടാവില്ല.. ഒക്കെ വരട്ടെ.. എന്നിട്ട് വേണം എനിക്കും കുറേ കവിതയെഴുതാൻ.. ‘- കയ്യിലെ സ്മാർട്ട് ഫോൺ ഇരുത്തിപ്പടിയിൽ വെച്ച് പുരുഷു തെങ്ങിൻ മുകളിലേക്ക് കയറിപ്പോയി.

.… .… .…

‘മാഷെ.. പീറ്റർ ഫുൾ ഡാമേജായിട്ടുണ്ട്.. ഞാനവനെ കൊണ്ടുപോവുകയാണ്.. സിദ്ധാർത്ഥനോട് പറഞ്ഞിട്ടുണ്ട്.. ഇവിടേക്ക് പുതിയൊരാളെ നോക്കാം… ‘- പീറ്ററിനെ കാറിൽ കയറ്റി ജോമോൻ പോയി. കോട്ടയത്തെവിടെയോ ആണത്രെ ജോമോന്റെ വീട്. ഡി നഗരത്തിലെത്തിയിട്ട് രണ്ട് വർഷമായി. പീറ്റർ പോയപ്പോൾ വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. രണ്ട് ബ്രെ‍ഡിലും ഒരു ഓംലെറ്റിലും ഭക്ഷണം ഒതുക്കി. രാത്രിയായപ്പോൾ സിദ്ധാർത്ഥൻ വന്നു. ‘പപ്പ വന്നേ നമുക്കൊരിടം വരെ പോണം’

ഡി നഗരത്തിലെ സ്പാൻ ഹോട്ടലിന് എതിർവശത്തായിട്ടായിരുന്നു ജോമോന്റെ ഷോറൂം. കയറിയപാടെ ജോമോൻ ഓടിയെത്തി കൈപിടിച്ചു.

വരൂ മാഷെ…

വരിവരിയായി പുരുഷൻമാരും സ്ത്രീകളും നിൽക്കുന്നു. കണ്ണുകളിൽ ഒരേ ഭാവം. ശരിക്ക് നോക്കിയപ്പോൾ മനുഷ്യരല്ലെന്ന് മനസ്സിലായി.

‘പപ്പാ സുഭദ്രയെക്കുറിച്ച് തന്നെ ആലോചിച്ച് വിഷമിക്കണ്ട.. പീറ്ററിന് പകരം മറ്റൊരാളെ സെലക്ട് ചെയ്തോളൂ.. പപ്പയ്ക്ക് ഇഷ്ടപ്പെടുന്ന ആളെ… ’

സുഭദ്രയുമായുള്ള ബന്ധമെങ്ങനെ സിദ്ധാർത്ഥൻ അറിഞ്ഞു എന്ന് അമ്പരക്കെ എല്ലാം ഇവിടെ അറിയാം പപ്പാ… ഈ ഡി നഗരത്തിൽ.… ‘- അവൻ ചിരിച്ചു.

മാഷെ ആൻഡ്രിയയെ ഒന്ന് കണ്ടു നോക്കൂ.. ഭക്ഷണം മാത്രമല്ല„ എല്ലാം നടക്കും.. ‘- ജോമോൻ സുന്ദരിയായ ആൻഡ്രിയയുടെ അടുത്തേക്ക് മാഷെ കൂട്ടിക്കൊണ്ടുപോയി.. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ പ്രവർത്തിക്കുന്നവളാണ് ആൻഡ്രിയ. മാഷ്ക്കെ വേണേൽ ഇവളെയങ്ങ് പ്രേമിക്കാം.. ഇനി കെട്ടണമെങ്കിൽ അതും ആവാം..

നീലക്കണ്ണുകൾ.. പാറിപ്പറക്കുന്ന ചെമ്പൻ മുടി.. വെളുത്ത ശരീരം… മുഖത്ത് ഒരു കാക്കപ്പുള്ളി… ഒന്ന് തൊട്ടപ്പോൾ ഞെരമ്പുകൾ എടുത്തുപിടിച്ചു നിന്നു.

‘മാഷെ അവൾക്ക് നാണം വരും.. ‘- ജോമോൻ ചിരിച്ചു.

‘ജോമോനെ.. അവൾടെ പേരൊന്ന് മാറ്റണം.. നാരായണീന്ന് ആയിക്കോട്ടെ… എന്റെ അമ്മേന്റെ പേരാ… ’ — സിദ്ധാർത്ഥൻ മാഷെ ഒന്ന് നോക്കി. പിന്നെ പറഞ്ഞത് തിരുത്തി ’ വേണ്ട പേര് സുഭദ്രാന്ന് മതി… നാട്ടിലെ ഒരു നഴ്സറി ടീച്ചറാ… ’

സിദ്ധാർത്ഥൻ കുത്തി നോവിക്കുകയാണോ എന്ന് മാഷൊന്ന് സംശയിച്ചു. കുട്ടിക്കാലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും അവനെ ക്രൂരമായി തല്ലിയിരുന്നത് മാഷ്ക്ക് ഓർമ്മ വന്നു. അവന്റെ കരച്ചിൽ മനസ്സിലേക്ക് ഓടിയെത്തി.

‘ഡി നഗരത്തിലെ പെണ്ണുങ്ങളുടെ രീതിയൊന്നും അധികം വേണ്ട ട്ടോ… ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും കാലുമടച്ച് തൊഴിക്കാനും ഒടുവിൽ വടിയാകുമ്പോൾ കെട്ടിപ്പിടിച്ച് കരയാനും പറ്റുന്ന ഒരാൾ… അതാവണം ആന്ധ്രിയ… സോറി സുഭദ്ര… ’

നാരായണിയുടെ കരച്ചിൽ മാഷ് കേട്ടു. കറിക്ക് ഉപ്പ് കുറഞ്ഞപോയൊന്ന് പറഞ്ഞ് മുഖത്ത് ആഞ്ഞടിച്ചപ്പോൾ നാരായണി താഴെ വീണു. ‘എനിക്കിനി വയ്യാ… ഞാൻ ചത്തുകളയു… ’

പോയി ചാവെടി.. പുല്ലേ… ’

കരയുന്ന നാരായണിയെ കട്ടിലിലേക്ക് മലർത്തിയിട്ട് നഗ്നനായി മാഷ് അവർക്ക് മുകളിലേക്ക് വീണു. മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീർത്തുള്ളികൾ അയാൾ നാക്കുകൊണ്ട് ഒപ്പിയെടുത്തു. വായ തുറക്കാൻ മടിച്ചപ്പോൾ അയാൾ അവരുടെ കഴുത്ത് അമർത്തി. ദയനീയമായി തുറന്ന വായിലൂടെ അയാളുടെ ലിംഗം കയറിയിറങ്ങി. നനഞ്ഞുകുതിർന്ന് നാരായണി ഛർദ്ദിക്കുമ്പോൾ മാഷ് ഒരു സിഗരറ്റിന് തീകൊളുത്തി.

‘സിദ്ധാർത്ഥാ… പേര് മാറ്റാൻ പ്രോഗ്രാം മൊത്തം മാറ്റണം.. മാഷ് സ്നേഹം കൂടുമ്പോൾ സുഭദ്രേ എന്ന് വിളിച്ചോട്ടെ. പക്ഷെ ആവശ്യങ്ങൾക്ക് തത്ക്കാലം ആന്ധ്രിയ എന്ന് തന്നെ വിളിക്കണം. പിന്നേ പാറക്കണ്ടി മുക്കിലെ പെണ്ണാവാനൊന്നും ആന്ധ്രയയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല ട്ടോ… ‘- ജോമോൻ പൊട്ടിച്ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

വീട്ടിലെത്തിയപാടെ ആന്ധ്രിയ ബിപി ചെക്ക് ചെയ്തു. രക്തം കുത്തിയെടുത്തു. രാത്രി നേരത്തെ കിടന്നു. അടുത്ത് വന്നിരുന്ന ആന്ധ്രിയ എന്തോ ശബ്ദമുണ്ടാക്കി. സുഭദ്രേ എന്നും വിളിച്ച് മാഷ് അവളിലേക്ക് ചേർന്നു. തെർമോ പ്ലാസ്റ്റിക് ഇലാസ്റ്റോമെർ കൊണ്ടാണ് നിർമിച്ചതെന്ന് ജോമോൻ പറഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞതോടെ അവൻ പറഞ്ഞപോലെ അവളെ ബാത്ത് റൂമിൽ നിലത്ത് കിടത്തി അണുവിമുക്തയാക്കി.

രാവിലെ ചായയും കൊണ്ട് ആന്ധ്രിയ വന്നപ്പോൾ മാഷൊരു കവിത ചൊല്ലി പാറക്കണ്ടി മുക്കിനെക്കുറിച്ചുള്ള കവിത. എന്നാൽ അത് കേട്ട് ആസ്വദിക്കാതെ അവൾ അതിലും മനോഹരമായി മറ്റൊരു കവിത ചൊല്ലി. തന്റെ നാടിനെക്കുറിച്ച് തന്നേക്കാൾ മനോഹരമായി അവൾ കവിത ചൊല്ലിയപ്പോൾ മാഷ് ആകെ അസ്വസ്ഥനായി. ശബരിമലയെക്കുറിച്ച് മാഷേക്കാളും നന്നായി അവൾ പ്രസംഗിച്ചപ്പോൾ അയാൾ പതറി. ഇനി കലയും സാഹിത്യവുമൊന്നും ഇവിടെ വേണ്ട.. അയാൾ അലറി.

‘മാഷെ എനിക്ക് പാറക്കണ്ടി മുക്കിൽ പോണം.. ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. ’

‘യുവതികൾക്ക് പോകാൻ പറ്റില്ല… ആർത്തവം നിൽക്കണം… ’

‘എനിക്ക് ആർത്തവമില്ല പൊട്ടൻ മാഷെ’- അവൾ ചിരിച്ചു.

‘നീ ഏതാ മതം… നിന്റെ ദൈവം ഏതാ.. ’

‘എനിക്ക് മതമില്ല മാഷെ… ദൈവവും.… ഈ ഡി നഗരത്തിൽ ഇതൊന്നുമില്ല.… ’

അറ്റ്ലാന്റ ഫ്ലാറ്റിലെ മനുഷ്യരെ പലരും മാഷ് കണ്ടു. ചത്തതുപോലുള്ള കുറേ മനുഷ്യർ. എല്ലാവരുടെയും മുഖത്ത് നിർവികാരത. ആന്ധ്രിയയെപ്പോലെ. പീറ്ററിനെപ്പോലെ പലരും അവരെ ചേർത്തു പിടിക്കുന്നു.

‘എനിക്ക് മടുത്തു… ’ അയാൾ പിറുപിറുത്തു.

‘എന്തിന് മടുക്കണം.. ഇത് സ്വർഗമല്ലേ.. മാഷെ… ഒരധ്വാനവുമില്ലാതെ… ചിന്തകളില്ലാതെ… എന്തു സുഖമാ ഇങ്ങനെ ജീവിക്കാൻ… ’

‘എനിക്കത് പറ്റില്ല… എനിക്കെന്റെ നാട് തന്നെയാ വലുത്… അവിടെയുള്ളതൊന്നും ഈ നശിച്ച നഗരത്തിലില്ല… ’

മാഷ് ആന്ധ്രിയയെ ചേർത്തുപിടിച്ചു ചുംബിച്ചു.. ’ സുഭദ്രേ.… ’

ആന്ധ്രിയ അപ്രതീക്ഷിതമായി തള്ളിമാറ്റി… ‘ഇപ്പോൾ പറ്റില്ല… എനിക്ക് താത്പര്യമില്ല.. ’

അയാളത് കേട്ടില്ല.. വാശിയോടെ അവളെ കെട്ടിപ്പിടിച്ച് മുലകളിൽ അമർത്തി. ചുണ്ടുകളിൽ ചുണ്ടുകളമർന്നു.

‘മാറി നിൽക്ക്… അവൾ അയാളെ ശക്തിയായി തള്ളിയപ്പോൾ മാഷ് താഴെ വീണു..

‘എന്റെ ഭാര്യപോലും എന്നോടിങ്ങനെ ചെയ്തിട്ടില്ല.. പിന്നെയാ എന്റെ മോൻ പണം കൊടുത്ത് വാങ്ങിയ നീ… നിനക്ക് ആർത്തവം ഇല്ലെന്നല്ലേ പറഞ്ഞത്. . പിന്നെന്താണ് പ്രശ്നം ‘- അടിക്കാനോങ്ങിയ കൈ ആന്ധ്രിയ പിടിച്ചു. ശക്തമായ പിടുത്തം വിടുവിക്കാനാവാതെ അയാൾ പുളഞ്ഞു.

ആർത്തവം മാത്രമാണോ പ്രശ്നം. . എനിക്കിപ്പോൾ താത്പര്യമില്ല. . അത്ര തന്നെ.… നിങ്ങളുടെ ഭാര്യ നാരായണിയല്ല ഞാൻ… സുഭദ്രയുമല്ല… ആന്ധ്രിയ… പേര് മറക്കണ്ട… ’

ആന്ധ്രിയയുടെ വസ്ത്രം മാറിക്കിടന്നു. യോനി അയാൾക്ക് മുമ്പിൽ അനാവൃതമായി. അയാൾ അതു നോക്കി ക്രൂരമായി ചിരിച്ചു.

’ നീയെത്ര വലിയ ആളായാലും വെറുമൊരു യന്ത്രം മാത്രമാണ്.… . ’

‍അവൾ നഗ്നത മറച്ച് എഴുന്നേറ്റു-

‘മാഷേ നിങ്ങൾക്ക് ഹൈ ബിപിയാണ്. ഷുഗറും കൂടുതലാണ്. ഹൃദയത്തിനും കംപ്ലയിന്റുണ്ട്. . നല്ലൊരു ശാരീരിക ബന്ധം മതി നിങ്ങൾ തട്ടിപ്പോകാൻ… നിങ്ങളുടെ ഓർമ്മകൾക്കും ക്ഷതമേറ്റു തുടങ്ങിയിരിക്കുന്നു… നിങ്ങളുടെ പൊട്ടക്കവിതകളേക്കാൾ നല്ല കവിതകൾ ഞാനെഴുതിത്തരും… നിങ്ങൾ തീർത്തും പരാജയമായിത്തുടങ്ങി മാഷെ… അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി.

വല്ലാത്തൊരു ഞെട്ടൽ മാഷുടെ ശരീരത്തിൽ നിറഞ്ഞു. അയാൾ ജനൽ തുറന്ന് പുറത്തേക്ക് നോക്കി. തിളങ്ങി നിൽക്കുന്ന ഡി നഗരത്തിന് മുകളിൽ മഴ പെയ്തു തുടങ്ങിയിരിക്കുന്നു. വാട്സ് ആപ്പിൽ സുഭദ്രയുടെ മെസേജുകൾ വന്നു കിടക്കുന്നുണ്ട്.

‘മാഷ് ഇനി തിരിച്ചുവരില്ലേ. . എന്നെ ഒഴിവാക്കുകയാണോ… എനിക്ക് മാഷിന്റെ കവിതേം കേട്ട് മാഷ്ക്കൊപ്പം ജീവിക്കണം. . ’

അയാൾ സുഭദ്രയെ വിളിച്ചു. ഉറക്കച്ചവടവോടെ അവൾ ചോദിച്ചു… ’ ഉറങ്ങീല്ലേ മാഷേ… ’

‘ഇവിടെയിപ്പോൾ പകലാണ് സുഭദ്രേ.. വല്ലാത്തൊരു കാലമാണ് വരാൻ പോകുന്നത്… യന്ത്രങ്ങൾ എല്ലാം കയ്യടക്കുകയാണ്… മനുഷ്യനേം… മൃഗങ്ങളേം. . എന്തിന് ദൈവങ്ങളെപ്പോലും.… നീയെന്നെ വിട്ടുപോകുമോ.… ’

‘മാഷല്ലേ… മോന്റൊപ്പം പോയത്.… ’

‘ഞാൻ തിരിച്ചുവരും… ഡി നഗരം… ഇതൊരു വൃത്തി കെട്ട സ്ഥലമാണ്. . മനുഷ്യൻ യന്ത്രങ്ങളുമായി സെക്സ് ചെയ്യുന്ന നശിച്ച നാട്… ’

‘അയ്യേ… ’

‘എനിക്ക് നിന്നെ കാണണം… ’

‘കാണാം. . മാഷെ… മാഷ് വേഗമിങ്ങ് പോരൂ ’

‘വരാം’

നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് അന്നുമുതൽ മാഷ് സിദ്ധാർത്ഥനോട് പറഞ്ഞുകൊണ്ടിരുന്നു. അസ്വസ്ഥനായുള്ള അയാളുടെ സംസാരം കേട്ട് ആൻഡ്രിയ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി അയാളെ പ്രകോപിപ്പിച്ചു. പക്ഷെ ആ കണ്ണുകളിൽ നിറയുന്ന അഗ്നി അയാളെ ഭയപ്പെടുത്തി. നിശബ്ദനായി പൊട്ടിച്ചിരികൾക്കിടയിൽ അയാൾ പകച്ചിരുന്നു.

.….…..

വിമാനത്തിൽ നിന്നിറങ്ങി മനോജിന്റെ ടാക്സി കാറിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ മാഷ് സുഭദ്രയെ കാണാനുള്ള ആശ്വാസത്തിലായിരുന്നു. ഡി നഗരത്തിലെ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ അന്ധ്രിയ അവിടെ ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ സിദ്ധാർത്ഥൻ അവളെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയിരുന്നു. അവളിപ്പോൾ സിദ്ധാർത്ഥനൊപ്പം അന്തിയുറങ്ങുകയാകുമോ… സിദ്ധാർത്ഥനിൽ പടർന്നു കയറുന്ന ആന്ധ്രിയയെ പറ്റി ഓർത്തപ്പോൾ അയാൾക്ക് ഓക്കാനം വന്നു.

‘എന്തു പറ്റി മാഷെ.. ’

മനോജിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഡി നഗരത്തെപ്പറ്റി അവനോട് എന്തു പറയാനാണ്.

വീട്ടിലെത്തി പിറ്റേന്നാണ് സുഭദ്ര പടി കടന്നുവന്നത്. വില കുറഞ്ഞ ഒരു കോട്ടൺ സാരിയുമുടുത്താണ് അവളെത്തിയത്. അവൾക്കായി താനൊന്നും കൊണ്ടുവന്നില്ലെന്ന് അയാൾ ഓർത്തു. അല്ലെങ്കിലും എന്തുകൊണ്ടുവരാൻ. അവിടെ നിന്ന് രക്ഷപ്പെട്ടുവരാനുള്ള വെപ്രാളമായിരുന്നു. താൻ ചാവുന്നത് വരെ പാറക്കണ്ടി മുക്ക് ഡി നഗരമായി മാറരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അയാൾ സുഭദ്രയെ നോക്കി പുഞ്ചിരിച്ചു. ഇരുട്ട് നിറഞ്ഞ മുറിയിൽ വെച്ച് കെട്ടിപ്പിടിച്ചപ്പോൾ അവളൊന്ന് കുതറി

‘വേണ്ട മാഷെ. . എനിക്ക് അശുദ്ധിയാ… ’

‘സത്യമാണോ… ’

‘സത്യായിട്ടും മാഷെ. . അല്ലെങ്കിൽ ഞാൻ സമ്മതിക്കാതിരിക്കുമോ… മാഷൊരു കവിത ചൊല്ല്… ’

സന്തോഷത്തോടെ മാഷ് കവിത ചൊല്ലിക്കൊണ്ടിരുന്നു. സിദ്ധാർത്ഥന്റെ ഫോൺകോളുകൾ വന്നതൊന്നും മാഷും സുഭദ്രയും അറിഞ്ഞില്ല. കവിതയുടെ ആഴങ്ങളിലെപ്പോഴോ ഡി നഗരം മനസ്സിലേക്ക് കടന്നുവന്നു. നിങ്ങളൊരു ഫ്രോഡാണെന്ന് പറഞ്ഞ് ആന്ധ്രിയ അടുത്തേക്ക് വന്നു. അയാൾ കവിത നിർത്തി ആർത്തലറി. ഭയത്തോടെ ചേർത്തുപിടിച്ച സുഭദ്രയുടെ മുഖത്ത് ആഞ്ഞടിച്ചു. താഴെ വീണ അവളെ ചേർത്ത് പിടിച്ച് സോറി പറഞ്ഞു.

‘ഞാനെന്തൊക്കെയോ ഓർത്തുപോയി’

‘സാരല്ല മാഷേ.. ’ എന്നവൾ പറഞ്ഞപ്പോൾ അയാൾ ആർദ്രതയോടെ അവളെ തലോടി. ചോര താഴോട്ടൊഴുകി. അടിവസ്ത്രങ്ങൾക്കിടയിലൂടെ സാരിക്കടിയിലൂടെ അത് ഒഴുകിപ്പടർന്നു. ചോരപ്പാടുകൾക്ക് മുകളിലൂടെ അയാൾ അവളുടെ ശരീരത്തിൽ നിറഞ്ഞു. വേദനയോടെ അവൾ കണ്ണുകളടച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.