23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 14, 2024
November 13, 2024

മണിപ്പൂര്‍: രാഷ്ട്രപതി ഭരണം വേണമെന്ന് ആദിവാസി സംഘടനകള്‍

Janayugom Webdesk
ഇംഫാല്‍
May 30, 2023 11:47 pm

കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗോത്ര സംഘടനകള്‍. സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു.
ബിരേന്‍ സിങ് സര്‍ക്കാര്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ വംശീയ ഉന്മൂലനം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. നിരപരാധികളായ ഗ്രാമീണരെ സംരക്ഷിക്കാന്‍ കേന്ദ്ര സായുധ സേനയെ അധികമായി വിന്യസിക്കണമെന്നും കുക്കി സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം സംഘര്‍ഷമേഖലയായ ചുരാചന്ദ്പൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15 ദിവസത്തിനകം പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാമെന്ന് സംഘടനകള്‍ക്ക് ഉറപ്പുനല്‍കി.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കും. നഷ്ടപരിഹാര തുക കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും തുല്യമായി വഹിക്കും. അമിത് ഷായും മുഖ്യമന്ത്രി ബിരേന്‍ സിങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഭക്ഷണം, പെട്രോള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വനിതാ സംഘടനകളുമായും പൗര പ്രമുഖരുമായും അമിത് ഷാ ചര്‍ച്ച നടത്തി.
ഭൂരിപക്ഷ വിഭാഗമായ മെയ്തി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ച് കുക്കി സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷം പിന്നീട് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഈ മാസം ആദ്യം തുടങ്ങിയ സംഘര്‍ഷത്തിന് നേരിയ അയവ് വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം വീണ്ടും രൂക്ഷമാവുകയായിരുന്നു. ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.

തീവ്രവാദി ആക്രമണമല്ല

സ്ഥിതിഗതികള്‍ ശാന്തമാകാന്‍ സമയമെടുക്കുമെന്ന് സൈന്യം. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായതെന്നും തീവ്രവാദ ആക്രമണമല്ലെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു.
ക്രമസമധാന പ്രശ്‌നമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും സൈന്യം നല്‍കുന്നുണ്ട്. വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇപ്പോഴും. ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. എല്ലാം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അനില്‍ ചൗഹാന്‍ പ്രതികരിച്ചു.
33 കുക്കി തീവ്രവാദികളെ സൈനിക നടപടിയിലൂടെ വധിച്ചുവെന്ന മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പരാമര്‍ശം കഴിഞ്ഞദിവസം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വംശഹത്യ നടത്തിയെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് തീവ്രവാദി ആക്രമണമല്ലെന്ന് വെളിപ്പെടുത്തി സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

പരിഹാരമില്ലെങ്കില്‍ മെഡല്‍ തിരിച്ചുനല്‍കും: കായിക താരങ്ങള്‍

സംഘര്‍ഷത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനു ഉൾപ്പെടെ പതിനൊന്ന് കായിക താരങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
സമാധാനവും സാധാരണനിലയും എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ തങ്ങളുടെ അവാർഡുകളും മെഡലുകളും തിരികെ നല്കുമെന്ന് കത്തിൽ പറയുന്നു. പത്മ അവാർഡ് ജേതാവ് കുഞ്ചറാണി ദേവി, മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ക്യാപ്റ്റൻ ബെം ബെം ദേവി, ബോക്സർ എൽ സരിതാ ദേവി എന്നിവര്‍ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

Eng­lish Summary;Manipur: Trib­al orga­ni­za­tions want Pres­i­den­t’s rule

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.