രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. 2019ലെ കണക്കുപ്രകാരം 70 ദശലക്ഷം ഇന്ത്യക്കാർക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കിൽ നിലവില്‍ അത് 1.1 കോടിയാണ്. ജനസംഖ്യയുടെ 35.5 ശതമാനത്തിന് അമിത രക്തസമ്മർദവും 81.2 ശതമാനംപേര്‍ക്ക് കൊളസ്ട്രോളും 28.6 ശതമാനത്തിന് അമിതവണ്ണവുമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബ്രിട്ടനിലെ മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ പഠനത്തിലാണ് ഇന്ത്യയിലെ ആശങ്കാവഹമായ അവസ്ഥ വ്യക്തമാക്കുന്നത്.
പ്രമേഹ ബാധിതരുടെ ദേശീയ ശരാശരി 11.4 ശതമാനമാണ്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് ഗോവയിലാണ്. 26.4 ശതമാനം ജനങ്ങളും പ്രമേഹബാധിതരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പുതുച്ചേരിയും കേരളവുമാണ് തൊട്ടുപിന്നില്‍. കേരളത്തില്‍ നാലിലൊരാൾക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു. പ്രമേഹ ബാധിതർ കുറവുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വ്യാപനം വലിയ തോതിലുണ്ടായേക്കാമെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് അന്ധത, കിഡ്നി തകരാര്‍, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നീ അവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള പ്രധാനകാരണമാണ് പ്രമേഹം.
പ്രമേഹവ്യാപനം തടയാന്‍ സംസ്ഥാന തലത്തിൽ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ഐഎസിഎംആര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനത്തിന് (136 ദശലക്ഷം) രക്തത്തിൽ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലുമാണ് (പ്രീ ഡയബെറ്റിസ്). പ്രീ ഡയബെറ്റിക് സ്ഥിതിയുള്ളവർ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അവരും പ്രമേഹരോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അനുവദനീയമായതിനേക്കാൾ അധികവും എന്നാൽ ടൈപ്പ് 2 പ്രമേഹത്തിന്റെ അളവിൽ എത്തിയിട്ടുമില്ലാത്ത അവസ്ഥയാണ് പ്രീ ഡയബെറ്റിസ്. ഡോക്ടർമാരുടെ നിരീക്ഷണപ്രകാരം, പ്രീ ഡയബറ്റിക് ആയിട്ടുള്ളതിൽ മൂന്നിലൊന്ന് പേർ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ പ്രമേഹരോഗികളാകും. മറ്റൊരു വിഭാഗം പ്രീ ഡയബറ്റിക് സ്ഥിതിയിൽ തുടരുകയും ബാക്കിയുള്ളവർ ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരുക വഴി സാധാരണ നിലയിലേക്ക് മടങ്ങി പോകുകയും ചെയ്യും.
English Summary:The number of people suffering from diabetes is increasing in the country; One in four people in Kerala have diabetes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.