കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള സംസ്ഥാന ക്യാമ്പ് എ, ഐ ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരിച്ചു. ക്യാമ്പ് നടക്കുന്ന മണ്ഡലത്തിലെ എംപിയായ ബെന്നി ബെഹന്നാനും വിട്ടു നിന്നു. നേതാക്കൾ വിട്ട് നിൽക്കുമെങ്കിലും ഗ്രൂപ്പുകളുടെ ഭാഗമായ ബ്ലോക്ക് പ്രസിഡന്റുമാർക്ക് ശില്പശാലയിൽ പങ്കെടുക്കാനുള്ള നിർദേശം നേതാക്കൾ നൽകിയിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാർ പൂർണമായി വിട്ട് നിന്നാൽ അത് ഹൈക്കമാൻഡിന് മുന്നിൽ തങ്ങൾക്ക് ആയുധമായി കെപിസി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാണിക്കാൻ സാധ്യതയുള്ളതിനാലാണ് അവരോട് ശില്പശാലയിൽ പങ്കെടുക്കാൻ നിർദേശം നൽകിയതെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കാണുമെങ്കിലും അനുരഞ്ജനത്തിനുള്ള സാധ്യതകൾ കുറവാണെന്ന് എ,ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. തങ്ങളുടെ നിലപാടല്ല പ്രശ്നത്തിന് കാരണമെന്ന് വരുത്താനുള്ള നീക്കമാണ് കെ സുധാകരൻ- വി ഡി സതീശൻ പക്ഷവും എ, ഐ ഗ്രൂപ്പുകളെ നയിക്കുന്നവരും നടത്തുന്നത്. എ, ഐ ഗ്രൂപ്പ് നേതൃത്വം അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ കണ്ട് പരാതി പറയാൻ തീരുമാനിച്ചതിനു പിന്നാലെയാണ് താരിഖ് അൻവർ കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചത്. പരാതികൾ കേരളത്തിൽ തന്നെ പരിഗണിക്കണമെന്ന ഹൈക്കമാൻഡ് തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്.
സംസ്ഥാനത്തെ വിഷയത്തിൽ ഇടപെടില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചതെങ്കിലും പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഉന്നമിട്ട് ഗ്രൂപ്പുകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മധ്യസ്ഥ ചർച്ചയ്ക്കായി വേഗത്തിലെത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകിയത്. ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ മുൻവിധിയോടെ, അസ്തിത്വം പോലും ഇല്ലാതാക്കുന്ന തരത്തിൽ തങ്ങളെ വെട്ടുന്ന സുധാകര, സതീശൻ പക്ഷത്തോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് എ, ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾക്കുള്ളത്. എന്നാൽ ഗ്രൂപ്പുകൾക്കെതിരെ തുറന്നടിക്കുന്ന സമീപനമാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ സ്വീകരിച്ചത്. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കൾ ആണ് യോഗം ചേർന്നതെന്നും ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെന്നുമായിരുന്നു സുധാകരന്റെ നിലപാട്.
താരിഖ് അൻവർ ചർച്ചകൾക്കായി എത്തുന്ന സാഹചര്യത്തിൽ ഗ്രൂപ്പുകളെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്നാണ് സൂചന. ഇതിനിടയിലും ഗ്രൂപ്പുകൾ വിമർശനങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ വി ഡി സതീശൻ തന്റെ ഒപ്പമാണെന്ന് സൂചന നല്കാൻ സുധാകരൻ ശ്രദ്ധ വച്ചു. അതേസമയം യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ സുധാകരനും വി ഡി സതീശനും. വിവിധ ഘടകങ്ങൾ പരിശോധിച്ച് എംപിമാരുടെയും എംഎൽഎമാരുടെയും അടക്കം അഭിപ്രായങ്ങൾ പരിഗണിച്ചായിരുന്നു ബ്ലോക്ക് പുനഃസംഘടനയെന്ന് അവർ വിശദീകരിക്കുന്നു. വരും ദിവസങ്ങളിൽ ജില്ലകൾ തോറും ഗ്രൂപ്പ് യോഗങ്ങൾ വിളിക്കാനുള്ള നീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകൾ.
English Summary: Block Presidents’ Camp A and I leaders boycotted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.