10 January 2025, Friday
KSFE Galaxy Chits Banner 2

റോബര്‍ട്ട് ലൂക്കാസ്-ധനശാസ്ത്ര ചിന്തയെ യുക്തിസഹമാക്കിയ ധനശാസ്ത്രപണ്ഡിതന്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 14, 2023 4:45 am

സാമ്പത്തികശാസ്ത്ര ചിന്തയുടെ രണ്ട് പ്രധാന ഘടകങ്ങള്‍ സൂക്ഷ്മതല സാമ്പത്തിക‑മൈക്രോ ഇക്കണോമിക്-വിശകലനവും സമഗ്രതല സാമ്പത്തിക- മാക്രോ- ഇക്കണോമിക്- വിശകലനവുമാണ്. ജനാധിപത്യ വ്യവസ്ഥകള്‍ നിലവിലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക നയരൂപീകണ മേഖലയിലുള്ളവര്‍ ഊന്നല്‍ നല്കുക അതില്‍ ആദ്യത്തേതിനായിരിക്കുമെങ്കില്‍ മുതലാളിത്തം, സമഗ്രാധിപത്യ രാഷ്ട്രീയ ചട്ടക്കൂടുകള്‍ നിലവിലുള്ള ഇടങ്ങളില്‍ ഊന്നല്‍ നല്കുക രണ്ടാമത്തേതിനുമായിരിക്കും. സാമ്പത്തികശാസ്ത്ര ചിന്തയുടെ സ്വഭാവം ഏത് തന്നെ ആയിരുന്നാലും സ്റ്റേറ്റിന്റെ ഇടപെടല്‍ നയരൂപീകരണ മേഖലയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിരിക്കുകയും ചെയ്യും. ധനശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹമായവരുടെ കൂട്ടത്തില്‍ മാക്രോ ഇക്കണോമിക് ചിന്താധാരക്ക് മുന്‍തൂക്കം നല്കിയിരുന്നവരില്‍ മുന്നണിയിലുണ്ടായിരുന്ന ഒരു അമേരിക്കന്‍ നൊബേല്‍ ജേതാവ് ഡോ. റോബര്‍ട്ട് ലൂക്കാസ് നമ്മെ വിട്ടുപിരിഞ്ഞത് 2023 മേയ് 15നായിരുന്നു. അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചതോ, 1955ലും ആയിരുന്നു. ഈ ബഹുമതിക്കായി അദ്ദേഹത്തെ അര്‍ഹനാക്കിയ ഗവേഷണ വിഷയം എന്തായിരുന്നു എന്നോ? സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ ഇടപെടലിനുള്ള നീതീകരണം “യുക്തിസഹമായ പ്രതീക്ഷകള്‍” കണക്കിലെടുത്തുകൊണ്ട് മാത്രമായിരിക്കണമെന്ന ഉറച്ച നിലപാടുമായി ബന്ധപ്പെട്ടതുതന്നെ. മറിച്ചുള്ള സാഹചര്യത്തില്‍ നടക്കുന്ന ഏതൊരു ഇടപെടലും യുക്തിസഹമോ നീതീകരിക്കാന്‍ കഴിയുന്നതോ ആയിരിക്കില്ല.

1975 മുതല്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ധനശാസ്ത്ര വിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന ഡോ. ലൂക്കാന് അന്തരിക്കുമ്പോള്‍ 85 വയസായിരുന്നു. അദ്ദേഹത്തിനെ നൊബേല്‍ സമ്മാനിതനാക്കിയത് പ്രതീക്ഷകള്‍ ഏതെല്ലാം വിധേന ഉപഭോക്താക്കളുടെയും ബിസിനസുകാരുടെയും തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ്. ലൂക്കാസിന്റെ ഉറച്ച നിലപാട്, നയപരമായ തീരുമാനങ്ങളെടുക്കാന്‍ ബാധ്യസ്ഥരായവര്‍ അതിലേക്ക് കടക്കുന്നതിനു മുമ്പ് സ്വന്തം തീരുമാനങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും സമൂഹത്തിലെ മറ്റ് വിഭാഗക്കാരുടെ തീരുമാനങ്ങള്‍ എന്ന നിഗമനത്തില്‍ എത്തുന്നത് ശരിയായിരിക്കില്ല എന്നായിരുന്നു. അവരുടെ തീരുമാനങ്ങള്‍ നിര്‍ദിഷ്ട ഫലസിദ്ധിയിലേക്ക് നയിക്കുമെന്ന് കരുതാനാവില്ല. കാരണം, ഈ വക തീരുമാനങ്ങള്‍, ബന്ധപ്പെട്ടവരുടെ പ്രതീക്ഷകളെ ഏതുവിധേന ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചെന്നെത്തുക എന്നതുതന്നെ. ലൂക്കാസിന്റെ സിദ്ധാന്തമനുസിച്ച് തൊഴിലില്ലായ്മാ നിരക്ക് തുടര്‍ച്ചയായി കുറയ്ക്കുക ലക്ഷ്യമിട്ട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നയപരിപാടികള്‍ ഒരു പരിധിക്കപ്പുറം പണപ്പെരുപ്പത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നയിക്കാന്‍ ഇടയുണ്ടെന്ന തിരിച്ചടി ഭരണകര്‍ത്താക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം എന്നാണ് പുതിയ തൊഴിലവസരങ്ങള്‍ക്കായി അധിക മൂലധന നിക്ഷേപം അനിവാര്യമാണെല്ലോ. തന്മൂലം സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ ലിക്വിഡിറ്റി ഉയര്‍ത്തും. ഇത് സമൂഹത്തെ കൊണ്ടെത്തിക്കുക വര്‍ധിച്ച തോതിലുള്ള പ്രതീക്ഷകളിലായിരിക്കുകയും ചെയ്യും. ഇത് യുക്തിസഹമായിരിക്കണമെന്നില്ല. അതെല്ലാം തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞെന്നും വരില്ല.


ഇതുകൂടി വായിക്കൂ: ധനകാര്യ മേഖലയില്‍ വേണ്ടത് നിതാന്ത ജാഗ്രത


ലൂക്കാസിന്റെ ഗവേഷണഫലം 1970കളില്‍ അക്കാദമിക്ക് ചര്‍ച്ചകള്‍ക്കിടയാക്കിയത് അതുവരെ ആംഗീകരിക്കപ്പെട്ടിരുന്ന കെയ്നീഷ്യന്‍ ധനശാസ്ത്ര ചിന്തക്കെതിരായൊരു ധാരയാണിതെന്ന നിലയിലായിരുന്നു. അതായത് സര്‍ക്കാരിന്റെ ഇടപെടലുകള്‍ സമ്പദ് വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കാനിടയാക്കും എന്നതുതന്നെ. ഈ ഒരു കാഴ്ചപ്പാടില്‍ വിലയിരുത്തുമ്പോഴാണ് ലൂക്കാസിന്റെ ഗവേഷണം ഗവേഷണ മേഖലയില്‍ മാത്രമല്ല, അധ്യാപനത്തിലും ധനശാസ്ത്ര വിജ്ഞാന‍ മേഖലകളിലും ഭരണനേതൃത്വത്തിനു തന്നെയു വിപ്ലവകരമായൊരു മാര്‍ഗദര്‍ശിത്വം നല്കുമെന്ന് ഷിക്കാഗോ യൂണിവഴ്സിറ്റിയിലെ തന്നെ കെന്നത്ത് ഗ്രിഫിന്‍ ധനശാസ്ത്ര വകുപ്പിലെ, ധനശാസ്ത്ര വിദഗ്ധനായ റോബര്‍ട്ട് ഷൈമര്‍ അഭിപ്രായപ്പട്ടത്. ധനശാസ്ത്രം ഒരു സാമൂഹ്യശാസ്ത്ര വിഷയമെന്ന നിലയില്‍, ദാര്‍ശനികമായ തലത്തില്‍ ഒതുങ്ങിനില്ക്കേണ്ടൊരു അക്കാദമിക് വ്യായാമമായിരിക്കരുതെന്നും അതിന് പ്രായോഗികതലത്തില്‍ പ്രസക്തിയുണ്ടെന്നും ബോധ്യപ്പെടുത്താന്‍ ലൂക്കാസിന്റെ ഗവേഷണം നമ്മെ സഹായിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നെല്ലം നമുക്ക് വായിച്ചെടുക്കാനുള്ളത്. ഡോ. ലൂക്കാസിന്റെ മുഴുവന്‍ പേര് റോബര്‍ട്ട് എമേഴ്സണ്‍ ലൂക്കാസ് ജൂനിയര്‍ എന്നാണ്. ജനനം 1937ല്‍ വാഷിങ്ടണില്‍ യാക്കിമയിലും. ജെയില്‍ ടെംപിള്‍ടണ്‍, റോബര്‍ട്ട് എമെഴ്സണ്‍ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ് റോബര്‍ട്ട്. അദ്ദേഹത്തിന്റെ രക്ഷകര്‍ത്താക്കള്‍ സിയാറ്റില്‍ നിന്നും യാക്കിമയിലേക്ക് മാറി താമസിക്കുകയായിരുന്നു. അവിടെ ആ കുടുംബം ഒരു ഐസ്ക്രീം റസ്റ്റോറന്റ് ആരംഭിച്ചെങ്കിലും 1937–38ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ സ്ഥാപനം പൂട്ടിയിടേണ്ടിവരുകയും അവര്‍ സിയാറ്റിലിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

സിയാറ്റിലില്‍ തിരികെ എത്തിയ എമെഴ്സണ്‍ ഉപജീവനാര്‍ത്ഥം ഒരു കപ്പല്‍ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായി. ലൂക്കാസിന്റെ മാതാവാണെങ്കില്‍ ഒരു ഫാഷന്‍ കലാകാരിയുടെ പണിയിലും ഏര്‍പ്പെട്ടു. ലൂക്കാസിന്റെ പിതാവ് താമസിയാതെ ഒരു കമേഴ്സ്യല്‍ റെഫ്രിജെറേഷന്‍ കമ്പനിയില്‍ ജോലിക്ക് ചേരുകയും കഠിനാധ്വാനം ചെയ്തതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുവരെ എത്തുകയും ചെയ്തു. സിയാറ്റിലില്‍ സ്ഥിരതാമസമാക്കിയതിനെ തുടര്‍ന്ന് ലുക്കാസിന്റെ വിദ്യാഭ്യാസം സിയാറ്റിലിലെ പബ്ലിക് സ്കൂളുകളിലായിരുന്നു ചരിത്രത്തില്‍ ബിരുദവും ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റും അദ്ദേഹം നേടിയത് ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുമായിരുന്നു. ഒരു ദശകക്കാലത്തേക്ക് അദ്ദേഹം അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. കാര്‍നെഗിമെല്ലോണ്‍ സര്‍വകലാശാലയില്‍ 1963 മുതല്‍ 1974വരെ ആയിരുന്നു ഇത് അതിനുശേഷം ഡോ. ലൂക്കാസ് പ്രൊഫസര്‍ സ്ഥാനത്ത് ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ തുടരുകയും അവിടെ നിന്നുതന്നെ 1975ല്‍ വിരമിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വരരാജ്യത്തെ രാഷ്ട്രീയ ഭരണാധികാരികള്‍ക്ക് വികസന നയരൂപീകരണത്തിന് ഒരുമ്പെടുന്ന അവസരത്തില്‍ ഡോ. റോബര്‍ട്ട് ലൂക്കാസിന്റെ ധനശാസ്ത്ര ചിന്ത അനുകരണീയമായൊരു മാതൃകയാക്കാവുന്നതാണ്. വികസനമേഖലയില്‍ സ്റ്റേറ്റിന്റെ ഇടപെടലാകാം. പക്ഷേ അത് ജനങ്ങളുടെ പ്രതീക്ഷകള്‍ തൃപ്തിപ്പെടുത്തുന്ന നിലയിലായിരിക്കണമെന്നു മാത്രം. വികസനം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണം എന്നാണര്‍ത്ഥം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.