27 December 2024, Friday
KSFE Galaxy Chits Banner 2

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്ക് ‘ആക്ടീവ് പ്ലാനറ്റ്’ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്
കോഴിക്കോട്
June 22, 2023 4:14 pm

കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കായ ‘ആക്ടീവ് പ്ലാനറ്റ്’ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. കുറ്റ്യാടിക്കടുത്ത് വേളം മണിമലയിൽ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാൻ പ്രാപ്തിയുള്ള പാർക്ക്, തദ്ദേശവാസികൾക്കായി നിരവധി തൊഴിൽ സാധ്യതകളും ഉറപ്പു നൽകുന്നുണ്ടെന്ന് പാർക്കിന്റെ സ്ഥാപകനും എംഡിയുമായ നിസാർ അബ്ദുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ടരലക്ഷം സ്ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്ടീവ് പ്ലാനറ്റിലുണ്ട്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും. സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ, മികച്ച കലാ, സാംസ്കാരിക സംഘങ്ങളുടെ പ്രകടനവും പാർക്കിനെ സജീവമാക്കും. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തിൽ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവർ ആക്ടീവ് പ്ലാനറ്റിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ ഒന്നിക്കുന്ന ഫുഡ് കോർട്ട്, പാർക്കിൽ ഉല്ലസിക്കുന്നവർക്ക് എളുപ്പത്തിൽ ഇവ ലഭ്യമാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ് ട്രക്കുകൾ തുടങ്ങിയവയും ഉടൻ സജ്ജമാകും.
വളരെ മിതമായ നിരക്കിലാണ് പാർക്കിലേക്കുള്ള പ്രവേശനം. രാവിലെ പാർക്കിനുള്ളിലെ വിനോദ പരിപാടികളിൽ അഞ്ച് മണിക്കൂർ ചെലവഴിക്കാൻ 300 രൂപയാണ് നിരക്ക് . ഉച്ചമുതൽ രാത്രി വരെയുള്ള സെഷനുകളിൽ പങ്കെടുക്കാൻ 400 രൂപ നൽകണം. വാരാന്ത്യങ്ങളിൽ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നൽകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സുജിൽ ചന്ദ്രബോസ്, ഓപറേഷൻസ് മാനേജർ ഷാജഹാൻ ആബിദീൻ തുടങ്ങിയവരും സംബന്ധിച്ചു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.