25 November 2024, Monday
KSFE Galaxy Chits Banner 2

പൊയിൽക്കാവ് ‘കഥപറയുമ്പോൾ’

അനിൽകുമാർ ഒഞ്ചിയം
June 25, 2023 7:30 am

ത്സവങ്ങളുടെ ആരവങ്ങളാണ് പൊയിൽക്കാവിൽ. ആയിരങ്ങളെത്തിച്ചേരുന്ന ആഘോഷ രാവുകളിൽ ക്ഷേത്രങ്ങളിൽ വെടിക്കെട്ടുയരുമ്പോൾ തന്റെ വളർത്തുപൂച്ചകളുമായി ഒറ്റമുറിവീട്ടിൽ കടലിരമ്പത്തിനൊപ്പം കാതോർക്കുകയാണ് സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കവിയും. കഴിഞ്ഞ നാല്പതുവർഷത്തിലേറെയായി കലാ-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ് സത്യചന്ദ്രൻ. കവിതയും പ്രഭാഷണവുമെല്ലാമായി നാടുചുറ്റുമ്പോൾ താൻ വേറൊരുലോകത്തെത്തുകയാണെന്നാണ് സത്യചന്ദ്രന്റെ പക്ഷം.
അതിജീവനത്തിനുള്ള ഏകവഴിയാണ് സത്യചന്ദ്രൻ പൊയിൽക്കാവിന് കവിത. പ്രസിദ്ധീകരിച്ച കവിതകളെല്ലാം സഞ്ചിയിൽ ചുമന്ന് വായനക്കാരെത്തേടി അലയുമ്പോൾ അന്നത്തെ അന്നത്തിനുള്ള വഴിതെളിയണേ എന്നുമാത്രമാണ് ഈ കവിയുടെ പ്രാർത്ഥന. നടന്നുതീർത്തവഴികളിലെ കല്ലുകളും മുള്ളുകളും പൂക്കളുമെല്ലാം ജീവിതത്തിന്റെ അനിവാര്യതകളാണെന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുപറക്കാൻ അനുഭവങ്ങൾ പ്രചോദനമാണെന്നും ഈ കവി ഉറച്ചു വിശ്വസിക്കുന്നു.
ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്നാണ് സത്യചന്ദ്രന്റെ കവിതകൾ പിറവിയെടുക്കുന്നത്. കത്തുന്ന പകലുകളിലെ വിശ്രമമെന്തെന്നറിയാതെയുള്ള യാത്രകളിൽ തന്നിൽ കവിതകൾ വന്നുനിറയുമെന്ന് ഈ കവി സാക്ഷ്യപ്പെടുത്തുന്നു.
കവിതയെഴുത്തുതുടങ്ങി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആധുനിക കവിതാലോകത്ത് വ്യക്തിമുദ്ര ചാർത്താൻ സത്യചന്ദ്രൻ പൊയിൽക്കാവിന് കഴിഞ്ഞു. ദാരിദ്യത്തിന്റെ കയ്പുനീർ കുടിച്ചു വളർന്ന ബാല്യവും യൗവ്വനവുമെല്ലാം അദ്ദേഹത്തിലെ കവിയെ തേച്ചുമിനുക്കുകതന്നെയായിരുന്നു.
1966 മാർച്ച് ആറിന് കോഴിക്കോട് ചേമഞ്ചേരിക്കടുത്ത് പൊയിൽക്കാവ് വാളിയിൽ ഉണ്ണര- മാധവി ദമ്പതികളുടെ ആറുമക്കളിൽ അഞ്ചാമനായാണ് ജനനം. പൊയിൽക്കാവ് യുപി സ്കൂൾ, പൊയിൽക്കാവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പൊയിൽക്കാവ് എക്സലന്റ് കോളേജിൽ തുടർ പഠനം ആരംഭിച്ചെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ബേക്കറി തൊഴിലാളിയായി മൂവാറ്റുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ മൂന്നു വർഷം ജോലിചെയ്തു. ഇതിനിടെ ഭാരിച്ച കടബാധ്യതകാരണം തറവാട് കൈവിട്ടുപോയി. തുടർന്ന് ഗുജറാത്ത് ഗാന്ധിധാമിൽ ടയർ റീസോളിംഗ് കടയിൽ തൊഴിലാളിയായി മൂന്നുവർഷക്കാലം ജോലി നോക്കി. 2002 ൽ നാട്ടിൽ തിരിച്ചെത്തി. 2004 ലായിരുന്നു വിവാഹം. ഇരിങ്ങൽ സ്വദേശിനി കനകശ്രീയാണ് ഭാര്യ. 

വായന, എഴുത്ത്
പൊയിൽക്കാവ് ജ്വാല ലൈബ്രറി, വിക്ടോറിയ റീഡിംഗ് റൂം എന്നിവിടങ്ങളായിരുന്നു വായനയ്ക്കായി ആശ്രയം. പിന്നെ പുസ്തകങ്ങൾ തേടി കോഴിക്കോട് നഗരത്തിലേതുൾപ്പെടെ വിവിധ ലൈബ്രറികളിലെത്തി. ആദ്യകാലംമുതലേയുള്ള വായനാ ഭ്രമമാണ് തനിക്ക് എഴുത്തിന് പ്രചോദനമായതെന്ന് സത്യചന്ദ്രൻ വ്യക്തമാക്കുന്നു. ആദ്യകാലത്ത് എഴുത്തിന് വലിയ വിമർശനങ്ങൾ നേരിട്ടു. എന്തെങ്കിലും എഴുതിയാൽ പലരും പരിഹസിക്കുമായിരുന്നു.
പതിമൂന്നാംവയസിലാണ് എഴുത്ത് തുടങ്ങുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ചന്ദ്രിക ആഴ്ചപ്പതിപ്പിലെ പുതുനാമ്പുകൾ എന്ന പംക്തിയിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. എഴുതിയ കുറച്ചു കവിതകളുമായി അന്നത്തെ കോഴിക്കോട് ജില്ലാകലക്ടറായിരുന്ന കെ ജയകുമാറിനെ സമീപിച്ചു. അദ്ദേഹം അത് കേരളകൗമുദിക്ക് അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു.
ഇതേകാലയളവിൽത്തന്നെ സിനിമാ ഭ്രമവും കലശലായി. നിരവധി തിരക്കഥകൾ രചിച്ചു. അതെല്ലാമായി സംവിധായകരേയും നടൻമാരേയും നിർമ്മാതാക്കളേയും തേടിയലഞ്ഞു. ഒരു തുടക്കാക്കാരനെന്ന് പറഞ്ഞ് പലരും മടക്കി. 1990 ൽ തന്റെ ഒരുതിരക്കഥയുമായി നടൻ മമ്മൂട്ടിയെ കാണാൻ പുറപ്പെട്ട കഥയും സത്യചന്ദ്രൻ ഓർത്തെടുക്കുന്നു. കടവന്ത്രയിൽ എത്തിയെങ്കിലും മമ്മൂട്ടിയുടെ വീടു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പാതിരാത്രിയിൽ പൊലീസ് പിടിയിലാവുകയും ചെയ്തു. പിറ്റേന്ന് രാവിലെ എഴുത്തുകാരൻ സി രാധാകൃഷ്ണനെക്കണ്ട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ഭക്ഷണവും വാങ്ങി നൽകി നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
ഭാര്യയുടെ ആഭരണങ്ങള്‍വി റ്റ് ചേമഞ്ചേരിക്കടുത്ത് കടലോരത്ത് മൂന്നു സെന്റ് സ്ഥലം വാങ്ങി വീടുവെച്ചു. എന്നാൽ ഈ ഒറ്റമുറിവീടിന്റെ പണി പൂർത്തിയാക്കാൻപോലും തുക മതിയായില്ല. തുടര്‍ന്ന് ‘ശ്രദ്ധ കൊയിലണ്ടി’, ‘കൊയിലാണ്ടി കൂട്ടം’ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരുടെ സഹായത്താലാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത്.

സൗഹൃദം
സാഹിത്യരംഗത്തും കലാരംഗത്തും വലിയ സൗഹൃദത്തിനുടമയാണ് സത്യചന്ദ്രൻ. കവി പി കെ ഗോപി, കൈതപ്രം ദാമോദരൻ നമ്പൂതിരി, പോൾ കല്ലാനോട്, നടൻ അഗസ്റ്റിൻ, വയലാർ ശരത്ചന്ദ്ര വർമ, ഗിരീഷ് പുത്തഞ്ചേരി, പ്രഭാവർമ, കെ ജയകുമാർ, കെ ജി എസ്, സിനിമാ പ്രവർത്തകരായ ടി ദാമോദരൻ, വി എം വിനു, രഞ്ജിത്ത്, ടി എ റസാഖ്, ടി എ ഷാഹിദ്, ജി എസ് അനിൽ തുടങ്ങി പട്ടിക നീളുന്നു. ഇവരെല്ലാം തന്റെ എവുത്ത് ജീവിതത്തിന് എന്നും പ്രോത്സാഹനം നൽകിയിരുന്നുവെന്ന് സത്യചന്ദ്രൻ ഓർക്കുന്നു.
നടൻ കമൽഹാസനെക്കുറിച്ചെഴുതിയ കവിത അദ്ദേഹം വായിച്ചാസ്വദിച്ചതും അതെഴുതിയയാളെ കാണാൻ താത്പര്യം പ്രകടിപ്പിച്ചതും കവിത ആലേഖനംചെയ്ത ശില്പം അദ്ദേഹത്തിന് സമ്മാനിച്ചതുമെല്ലാം തന്റെ ഭാഗ്യമാണെന്ന് സത്യചന്ദ്രൻ.
ഐ വി ശശിയുടെ ‘1921’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മലപ്പുറം ആനക്കയത്ത് സംവിധായകനെത്തേടി സത്യചന്ദ്രനെത്തി. തന്റെ കവിതാപുസ്തകം ഐ വി ശശിക്ക് സമ്മാനിക്കാനും താനെഴുതിയ ഒരു കഥ അദ്ദേഹത്തോട് പറയുവാനുമായിരുന്നു യാത്ര. എന്നാൽ ഐ വി ശശിയെ കാണാൻ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന നടൻ മധുവിന് തന്റെ പുസ്തകം നൽകി. പുസ്തകം മറിച്ചുനോക്കിയ മധു രണ്ടുരൂപ വിലയുണ്ടായിരുന്ന പുസ്തകം വാങ്ങുകയും 50 രൂപ നൽകുകയും ചെയ്തു. പുസ്തകത്തിന് അന്നുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ പ്രതിഫലമായിരുന്നു സത്യചന്ദ്രന് ആ 50 രൂപ.
എഴുത്തുകാരൻ കലാഭവൻ മണിയുമായി വലിയ സൗഹൃദമായിരുന്നു. അദ്ദേഹത്തിനുവേണ്ടി മൂന്ന് നാടൻ പാട്ടുകൾ എഴുതി നൽകി. മണിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ അച്ഛനെപ്പറ്റി ഒരു ഗാനം എഴുതിനൽകിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെത്തുടർന്ന് ആ പാട്ട് അദ്ദേഹത്തിനുവേണ്ടിത്തന്നെ ഉപയോഗിക്കുകയായിരുന്നു.
‘പാട്ടെത്ര പാടിയാലും
കൂട്ടെത്ര കൂടിയാലും
പാവം മനുഷ്യനാണ് രാമേട്ടൻ
’ എന്ന വരികൾ പിന്നീട് മണിയേട്ടൻ എന്നാക്കി മാറ്റി. റിനീഷ് അത്തോളിയുടെ സംഗീതത്തിൽ പ്രസീത ചാലക്കുടിയാണ് ഈ ഗാനം ആലപിച്ചത്. സത്യചന്ദ്രൻ രചിച്ച് പ്രൊഫ. വി കെ ശശിധരൻ സംഗീതം നൽകിയ ‘മലയാളം കാണാൻ വായോ’ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. എം ജി ശ്രീകുമാറിനുവേണ്ടി നിരവധി ഭക്തിഗാനങ്ങൾ എഴുതിനൽകിയിട്ടുണ്ട്. ഉപ്പിലിട്ടത്, ലളിതം, ആനക്കാര്യം, വിസ്മയയുടെ കഥ തുടങ്ങി എട്ടോളം ഹ്രസ്വചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്. 

കവിതകൾ പൂക്കുന്ന പൊയിൽക്കാവ്

കവി, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ സത്യചന്ദ്രന്റെ ഇരുപതോളം കവിതാസമാഹാരങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബോർഡിനടുത്തേക്ക് പോകുന്ന സൂര്യനോട്, നിന്നുകൊണ്ടുള്ള മരണങ്ങൾ, വെളിച്ചത്തിന്റെ രണ്ടു വിരലുകൾ, മലയാള മഴ, ദൈവമേ നിനക്കുഞാൻ വെച്ചിട്ടുണ്ട്, പന്താട്ടം, വേനൽ, കനൽ, പൊയിൽക്കാവിന്റെ കവിതകൾ, കുശുമ്പിന്റെ പ്രത്യയശാസ്ത്രം, വൈകുന്നേരങ്ങളുടെ സമാഹാരം, പെയിന്ററെ ചിരിപ്പിച്ച ശ്രീനിവാസൻ, പാപനാശിനി, മാനത്തെ പൂന്തോട്ടം, പൊയിൽകാവിന്റെ കുട്ടി കവിതകൾ തുടങ്ങിയവയാണ് കവിതാസമാഹാരങ്ങൾ. കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം സത്യചന്ദ്രന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുന്നോത്ത് മുക്ക് പൂജ്യം കിലോമീറ്റർ (തിരക്കഥ), ഉച്ചവെയിലിന്റെ കാമുകൻ (ആത്മകഥ), മുകൾപ്പരപ്പിലെ മീനുകൾ, കള്ളം പറയുന്ന സിനിമകൾ, വേലായുധപ്പണിക്കർ നാടിനെ നടുക്കിയ ജീവിതം, മധുരിക്കാത്ത മുന്തിരികൾ, നായാട്ടുകാർ, ജിവിച്ചിരിക്കാത്ത സാക്ഷി (കഥാസമാഹാരങ്ങൾ), ഇടതു വശത്തെ ആകാശം (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2013 ലെ ദുബായ് പുരസ്കാരം, എഴുത്തുപുര പുരസ്കാരം, പ്ലാവില സമാന്തര മാസിക പുരസ്കാരം, ഭാഷാശ്രീ പുരസ്കാരം, നമിതം പുരസ്കാരം എന്നിവയാണ് സാഹിത്യരംഗത്തെ സംഭാവനയ്ക്കു് സത്യചന്ദ്രനെത്തേടിയെത്തിയ അംഗീകാരങ്ങൾ.
ഹൈസ്കൂൾ തലത്തിൽ അധികവായനയ്ക്കായി ഡിപിഐ സത്യചന്ദ്രന്റെ ‘മണിക്കുട്ടന്റെ സ്വപ്നങ്ങൾ’, ‘ബ്ലാക്ക് ബോർഡിനടുത്തേക്ക് പോകുന്ന സൂര്യനോട്’ എന്നീ രണ്ട് പുസ്തകങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ ‘നിന്നുകൊണ്ടുള്ള മരണങ്ങൾ’ എന്ന കവിതാ സമാഹാരവും ലൈബ്രറികൾക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. 

‘കഥപറഞ്ഞ സത്യചന്ദ്രൻ’
താൻ പലപ്പോഴും സിനിമാമേഖലയിലെ പലരോടുമായി പറഞ്ഞ നിരവധി കഥകൾ ചലച്ചിത്രമായിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഇപ്പോൾ പറയുമ്പോൾ തന്നെ പരിഹാസ്യപാത്രമാക്കുകയാണെന്നും സത്യചന്ദ്രൻ പറയുന്നു. ‘കഥപറയുമ്പോൾ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച് ഒമ്പതു വർഷമാണ് കേസ് നടത്തിയത്. തന്നിൽനിന്നും തിരക്കഥ കൈപ്പറ്റിയ ശ്രീനിവാസൻ തന്നെ കബളിപ്പിക്കുകയായിരുന്നു. നിത്യചെലവിനുപോലും ബുദ്ധിമുട്ടുന്ന തനിക്ക് തുടർ കേസ് നടത്താൻ കഴിയാത്ത സ്ഥിതിയായതിനാൽ പിൻമാറുകയായിരുന്നു. ഏറെ വിവാദമായിമാറിയ കേസിൽ താൻ പകർത്തിയ തന്റെ നാട്ടുകാരായ കഥാപാത്രങ്ങൾ ‘ബാർബർ ബാലനും, മീശ പ്രകാശനു‘മെല്ലാം നേരിട്ടെത്തി തങ്ങളെക്കുറിച്ചാണ് സുഹൃത്തുകൂടിയായ സത്യചന്ദ്രൻ എഴുതിയതെന്ന് കോടതിയിൽ മൊഴിനൽകുകയായിരുന്നു.
സത്യചന്ദ്രൻ കഥയും തിരക്കഥയുമെഴുതിയ ‘പാളയം പിസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കോഴിക്കോട് പാളയത്തുമാത്രം ഡ്യൂട്ടിയിലുള്ള ഒരു പൊലീസുകാരന്റെ കഥയാണ് പാളയം പിസി. വി എം അനിൽ സംവിധാനംചെയ്യുന്ന ചിത്രം ഒരു കുറ്റാന്വേഷണകഥയുടെ എല്ലാ നിഗൂഢതകളും നിറഞ്ഞ സിനിമയാണ്. കോഴിക്കോട് പാളയത്തും നിലമ്പൂരിലും വയനാട്ടിലുമൊക്കെയായാണ് സിനിമ ചിത്രീകരിക്കുന്നത്.
കോഴിക്കോട് മിഠായിത്തെരുവിന്റെ പശ്ചാത്തലത്തിൽ ‘ഹൽവ ബസാർ’ എന്ന ചിത്രവും സത്യചന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങുന്നുണ്ട്. നാട്ടിൻപുറത്ത് നാടകഭ്രമവുമായി ജീവിക്കുന്ന ഒരു പെയിന്ററുടെ കഥപറയുന്ന ‘എം കെ ശശാങ്കൻ എന്ന അധോലോക രാജാവ്’, ‘രണ്ടാവാർഡിലെ ഹോളിവുഡ്’, ‘ശോഭനം’, ‘കാല്പനികനായ കരുണൻ’ എന്നീ തിരക്കഥകൾ വിവിധ സംവിധായകരുടെ കയ്യിൽ പരിഗണനയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.